തിരുവനന്തപുരം: ഗുരുദേവന്റെ നിശ്ചലദൃശ്യം ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്ന സിപിഎം ഗുരുദേവനെ ബൂര്‍ഷ്വാ നാരായണഗുരു എന്ന് അഹഹസിച്ച പാര്‍ട്ടിയാണെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അദ്ദേഹം മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ആരോപണം ഗുരുദേവനക്കുറിച്ച് ഉന്നയിച്ചത് പാര്‍ട്ടിയുടെ ആചാര്യന് ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടാണ്. 1988-ല്‍ ചിന്താവാരികയില്‍ ഇഎംഎസ് എഴുതിയത് നേതാക്കള്‍ വായിക്കണം- ‘മാര്‍ക്സും ഏംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്നതിന് മുന്‍പ് അന്തരിച്ച രാജാറാം മോഹന്‍ റായ് ബൂര്‍ഷ്വാ ദേശീയപ്രസ്ഥാനത്തിന്റെ മുന്നോടിയായിരുന്നു എന്ന് പറയുന്നതില്‍ അസാംഗത്യമില്ല. ശ്രീനാരായണഗുരുവും അദ്ദേഹത്തിന്റെ മുന്‍ഗാമികളോ സമകാലികരോ പിന്ഗാമികളോ ആയവരും ബംഗാളില്‍ റാം മോഹന്‍ റായ് തുടങ്ങിവെച്ച നവീകരണ പ്രക്രിയകളുടെ ഇവിടുത്തെ പ്രതിനിധികളായിരുന്നു. ‘- ഇഎംഎസിന്റെ ലേഖനത്തിന്റെ ഒരു ഭാഗം ഉദ്ധരിച്ച് സുരേന്ദ്രന് പറയുന്നു.
അംബേദ്കര്‍ ഒരു പെറ്റിബൂര്ഷ്വയാണെന്നും അതേ പ്രതിഭാസം കേരളത്തില്‍ രൂപപ്പെട്ടത് നാരായണഗുരു മുതലായ സാമൂഹികപരിഷ്കര്‍ത്താക്കളുടെ രൂപത്തിലാണ് എന്നും ‘അംബേദ്കര്‍, ഗാന്ധി, മാര്‍ക്സിസ്റ്റുകാര്‍’ എന്ന പേരില്‍ എഴുതിയ ലേഖനത്തിലും ഇഎംഎസ് പറഞ്ഞിട്ടുണ്ട്- സുരേന്ദ്രന് എഴുതുന്നു.
ഒരു പടികൂടി കടന്ന് ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം’ എന്ന പുസ്തകത്തില്‍ ‘ഹൈന്ദവപുനരുത്ഥാനം ദേശീയതയുടെ വികൃതരൂപം’ എന്ന തലക്കെട്ടിലാണ് ഇഎംഎസ് ഗുരുദേവനെ അവതരിപ്പിച്ചത് – സുരേന്ദ്രന് ലേഖനത്തില്‍ വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: