അനീഷ് അയിലം
ഒമിക്രോണായും ഡെല്‍റ്റാ വകഭേദവുമായി കൊവിഡ് പടര്‍ന്നുകയറുകയാണ്. പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരകളിയും കുടുംബശ്രീ തെരഞ്ഞെടുപ്പും മാളുകളിലെ കെട്ടുകാഴ്ചകളും ബാറുകളിലെയും ബിവറേജസ് ഔട്ട്ലെറ്റുകളിലെയും കൂട്ടപ്പൊരിച്ചിലുമൊക്കെ ആഘോഷിച്ചിട്ടിപ്പോള് മന്ത്രി മുന്നൊരുക്കവുമായിറങ്ങുന്നു. കേന്ദ്രസര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച ജാഗ്രതാനിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തി കണ്ണടച്ചിരുന്നവര്‍, വിതച്ചത് കൊയ്യാന്‍ തുടങ്ങിയപ്പോള്‍ ജനരോഷം ഭയന്ന് പുതിയ നിര്ദേശങ്ങളിറക്കുകയാണ്. ഞായറാഴ്ച ലോക്ഡൗണ്‍ അടക്കം വിചിത്രമാണ് പല നിര്‍ദേശങ്ങളും. പാര്‍ട്ടി സമ്മേളനങ്ങളിലെ വിരട്ടലും കണ്ണുരുട്ടലും കഴിഞ്ഞ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പറന്നു. ചികിത്സയ്ക്കെന്ന് ജനങ്ങളോട് പറയുന്നു, എന്നിട്ടിപ്പോള്‍ ദുബായിയില്‍ കറങ്ങുകയാണ്. കൊവിഡ് ഭയന്നാണോ ലോകായുക്തയെ പേടിച്ചാണോ എന്ന ചോദ്യമാണ് ബാക്കി… കേരളം മുഴുവന്‍ കൊവിഡില്‍ വീഴുമ്പോഴും മന്ത്രി വീണയ്ക്ക് ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്നതിന്റെ ചങ്കൂറ്റമാണ് ആരോഗ്യവിദഗ്ധരടക്കമുള്ളവര്‍ തെരയുന്നത്.
കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് മുന്നൊരുക്കം നടത്തിയത് വ്യാപനം കൈവിട്ടതിന് ശേഷം. വിരമിച്ച ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ സേവനം തേടുന്നത് സമൂഹവ്യാപനം എന്ന് ഉറപ്പാക്കിയശേഷം കഴിഞ്ഞ ദിവസം മാത്രമാണ്. മുന്നൊരുക്കം വേണമെന്ന മാസങ്ങള്‍ക്ക് മുമ്പുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമടക്കം സംസ്ഥാനം പാലിച്ചില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാജോര്‍ജ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍. സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് നിരീക്ഷണം വേണ്ടെന്നാണ് മന്ത്രിയുടെ പുതിയ നിര്‍ദേശം. ഇത് വലിയ തിരിച്ചടിയാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം സമൂഹ വ്യാപനത്തിലേക്ക് കടന്നുവെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ വ്യാപനത്തിന്റെ തോത് വര്‍ധിച്ചപ്പോള്‍തന്നെ ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരുടെ സംഘടനകളും സമൂഹവ്യാപന സംശയം ഉന്നയിച്ചിരുന്നു. കണക്കുകള്‍ നിരത്തി അത് ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി(ടിപിആര്‍)യുടെ അടിസ്ഥാനത്തില്‍ സമൂഹ വ്യാപനം എന്ന് പറയാനാകില്ലെന്നും ആരോഗ്യവകുപ്പ് രണ്ടാം തരംഗം മുതല്‍ ടിപിആര്‍ നിരക്ക് കണക്കാക്കാറേ ഇല്ലെന്നുമായിരുന്നു അന്നത്തെ ന്യായീകരണം. അതിന് പിന്നാലെയാണ് സമ്പര്‍ക്കത്തിലുള്ള എല്ലാവരും നിരീക്ഷണത്തിലേക്ക് പോകേണ്ടതില്ലെന്ന പുതിയ നിര്‍ദേശം വരുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി അരലക്ഷത്തിലേറെയാണ് രോഗികളുടെ എണ്ണം. അതില്‍ ഏതാണ്ട് അത്ര തന്നെ എണ്ണമുണ്ട് സമ്പര്‍ക്ക രോഗികളും. രോഗം സ്ഥിരീകരിക്കുന്നവരില്‍ 92.2 ശതമാനവും അതാണ്. മൂവായിരത്തിലേറെ ആളുകളുടെ രോഗം ഉറവിടം പോലും വ്യക്തമാകാത്തതാണ്. ആരോഗ്യ പ്രവര്‍ത്തകരും വ്യാപകമായി രോഗബാധിതരാകുന്നു.
എന്നിട്ടും ഒമിക്രോണിന് തീവ്രത കുറവാണെന്നും അതിനാല്‍ സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റൈന് വേണ്ടെന്നുമുള്ള ആരോഗ്യവകുപ്പിന്റെ പുതിയ നിര്‍ദേശം അമ്പരപ്പിക്കുന്നതാണ്. അതേസമയം ഒമിക്രോണിന് ഡെല്‍റ്റാ വൈറസിനോളം അപകടം വരുത്താന്‍ കഴിയില്ലെങ്കിലും അതിതീവ്രവ്യാപന ശേഷി ഉണ്ടെന്നും അതിനാല്‍ അതീവ ജാഗ്രത വേണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം വരെ ഇതേ വകുപ്പ് പറഞ്ഞിരുന്നത്.
ഒരാള്‍ക്ക് രോഗം ബാധിച്ചാല്‍ കുടുംബത്തിന് മുഴുവന്‍ പകരുന്ന സ്ഥിതിയാണെന്നും പുതിയ നിര്‍ദേശം സംസ്ഥാനത്ത് രോഗബാധ വര്‍ധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നാം തരംഗത്തില്‍ രോഗബാധിതരുടെ എണ്ണം ജനസംഖ്യാ അനുപാതത്തില്‍ പരിശോധിച്ചാല്‍ വളരെ കുറവാണ്. സമ്പര്‍ക്കത്തിലുള്ളവര്‍ ജാഗ്രതക്കുറവ് കാണിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനം പൂര്‍ണമായും രോഗബാധിതമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് രണ്ടാം തരംഗത്തിന്റെ പകുതിയില്‍ തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ രണ്ടാം തരംഗം അവസാനിക്കാതെ വന്നതോടെ മൂന്നാം തരംഗത്തിനുള്ള മുന്നൊരുക്കം കൂടി നടത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിര്‍ദേശിച്ചു. എന്നാല്‍ ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
മെഡിക്കല്‍ ഫ്രൊഫഷണലുകള്‍, റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാര്‍ എന്നിവരുടെ വോളണ്ടിയറി സേവനം അഭ്യര്‍ത്ഥിച്ചത് പോലും കഴിഞ്ഞ ദിവസമാാണ്. എല്ലാ ജില്ലകളിലും മെഡിക്കല്‍ പ്രൊഫഷണല്‍ പൂള് രൂപീകരിക്കുമെന്നും ജില്ലയിലെ വിരമിച്ച ഡോക്ടര്‍മാര്‍, സീനിയര്‍ ഡോക്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ ടെലി മെഡിസിന് സംവിധാനം സജ്ജമാക്കുമെന്നുമെല്ലാം ഇപ്പോഴാണ് തീരുമാനിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍, ഗര്‍ഭിണികള്‍, കൊവിഡ് ബാധിതരായ സ്ത്രീകള്‍, പ്രായമായവര്‍, എന്നിവരെ അങ്കണവാടി ജീവനക്കാര്‍ ഫോണില്‍ വിളിച്ച് സഹായം ഉറപ്പാക്കും, എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേയും ഫീല്‍ഡ് സ്റ്റാഫുകള്‍ ആ പ്രദേശത്തുള്ള കൊവിഡ് രോഗികളെ ഫോണില്‍ വിളിക്കും, കിടപ്പ് രോഗികള്‍ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കും തുടങ്ങി ഒരുകൂട്ടം പ്രഖ്യാപനങ്ങളും നടത്തി. എന്നാല്‍ ഇവയെല്ലാം മുന്നൊരുക്കങ്ങളുടെ ഭാഗമായി മാസങ്ങള്‍ക്ക് മുമ്പേ തന്നെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതാണ്. രോഗ വ്യാപനം അതിതീവ്രമായിട്ടും എല്ലാ മെഡിക്കല്‍ കോളജുകളിലും കണ്ട്രോള് റൂമുകള്‍ ആരംഭിച്ചത് പോലും കഴിഞ്ഞ ദിവസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: