പാലക്കാട്: സിപിഎം നേതൃത്വത്തിന്റെ അറിവോടെ മധുകേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു. കേസിലെ പ്രതികള്‍ സിപിഎം – മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. മധുകേസ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മൗനം പാലിക്കുന്നതും സിപിഎം-യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവാദം ആളിക്കത്തുമ്പോഴും മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദീന്റെ മൗനം ഇതിന് തെളിവാണ്. കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ മധുവിന്റെ കുടുംബം ആരോപിക്കുമ്പോള്‍ നീതി ലഭ്യമാക്കുന്നതിനായി സ്പീക്കര്‍ എം.ബി. രാജേഷോ, മുന്‍ മന്ത്രി ബാലനോ രംഗത്തെത്താത്തത് അപലപനീയമാണ്.
ഉത്തരേന്ത്യയില്‍ എവിടെയെങ്കിലും കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍ അത് ആള്ക്കൂട്ടകൊലപാതകമാണെന്ന് ആക്രോശിക്കുന്ന സ്പീക്കറും പട്ടികജാതി മന്ത്രിയായിരുന്ന ബാലനും നിശബദ്ത പാലിക്കുകയാണ്. മധുവിന്റെ സഹോദരി സരസ്വതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്കാന് തയ്യാറാകണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുകയോ, ഭീഷിണിപ്പെടുത്തുകയോ ചെയ്യരുതെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ രാഷ്ട്രീയ സ്വാധീനമുള്ള പ്രതികള്‍ പുറത്തു നില്‍ക്കുന്നത് തുടര്‍ നടപടികളെ ബാധിക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നിട്ടും അദ്ദേഹത്തിന്റെ ശാരീരികാവശത ഡിജിപിയെ അറിയിച്ചിട്ടും കോടതി ചോദിക്കുന്നതുവരെ സര്‍ക്കാര്‍ കാത്തിരുന്നതിന് പിന്നില്‍ കേസ് അട്ടിമറിക്കാനാണെന്നതും പകല്‍പോലെ വ്യക്തമാണ്.
വിവിധ കേസുകളില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പ്രമുഖരായ സുപ്രീം കോടതി അഭിഭാഷകരെ വരെ വാദിക്കാന്‍ നിയമിച്ച സര്‍ക്കാര്‍, മധുവിനോടും കുടുംബത്തോടും കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മധുവിന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കണമെന്നും, കുടുംബത്തിന് ആവശ്യമായ നിയമ സഹായം ലഭ്യമാക്കാന്‍ ബിജെപി തയ്യാറാണെന്നും സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജന.സെക്രട്ടറി പി. വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: