കൊല്ലം: മന്ത്രി ചിഞ്ചുറാണിക്ക് എതിരെ സിപിഎം ചടയമംഗലം ഏരിയ കമ്മിറ്റി ജില്ലാകമ്മിറ്റിക്കും എല്‍ഡിഎഫിലും പരാതി നല്‍കി. വികസനകാര്യങ്ങള്‍ ഇടതുമുന്നണിയുമായി ആലോചിക്കുന്നില്ലെന്നും സിപിഐയിലെ പ്രത്യേക ലോബിയുടെ ആളായാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും സിപിഎം.
ഇക്കാര്യങ്ങള്‍ ഇടതുമുന്നണിയുടെ ജില്ലാ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുയര്‍ത്തി സിപിഎം ചടയമംഗലം ഏരിയ കമ്മിറ്റിയിലെ വിവിധ ലോക്കല്‍ കമ്മിറ്റികളാണ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. വികസന കാര്യത്തില്‍ സിപിഎമ്മുകാരെ കാര്യങ്ങള്‍ അറിയിക്കുകയോ അവരുമായി കൂടിയാലോചന നടത്തുകയോ ചെയ്യുന്നില്ല.
പല കാര്യങ്ങളിലും സിപിഎം പ്രവര്‍ത്തകരെയും നേതാക്കളെയും അവഗണിക്കുകയാണ്. പൂയപ്പള്ളിയില്‍ നടന്ന സിപിഎം ചടയമംഗലം ഏരിയ സമ്മേളനത്തിലും മന്ത്രിക്കെതിരെ സിപിഎം പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മന്ത്രി ചിഞ്ചുറാണിയുടെ പ്രവര്‍ത്തനത്തിനെതിരെ സിപിഎം ശക്തമായി രംഗത്തെത്തിയതോടെ സിപിഐയിലെ ഒരു വിഭാഗവും മന്ത്രിക്കെതിരെ രംഗത്തുണ്ട്.
മന്ത്രിക്കെതിരായ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാ നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സിപിഐയോട് ആവശ്യപ്പെട്ടതോടെ മുന്നണിയില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയേറി.
















