തിരുവനന്തപുരം : മന്ത്രി ആര്. ബിന്ദുവിന് പ്രൊഫസര്‍ പദവി നല്‍കുന്നതിനായി സര്‍വീസില്‍ നിന്നും വിരമിച്ച കോളേജ് അധ്യാപകര്‍ക്ക് കൂടി പ്രൊഫസര്‍ പദവി നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മന്ത്രിക്ക് പ്രെഫസര്‍ പദവി മുന്‍കാല പ്രാബല്യത്തില്‍ നല്കുന്നതില് വിമര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി സര്‍വീസില്‍ നിന്നും വിരമിച്ച കോളേജ് അധ്യാപകര്‍ക്ക് കൂടി പ്രൊഫസര്‍ പദവി നല്കാന് കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനിക്കുകയായിരുന്നു. ഇത് വിവാദമാവുകയും ഗവര്‍ണര്‍ നീക്കത്തിനെതിരെ കാലിക്കറ്റ് വിസിയോട് വിശദീകരണം തേടുകയുമായിരുന്നു.
സര്‍വീസില്‍ തുടരുന്നവരെ മാത്രമേ പ്രൊഫസ്സര്‍ പദവിക്ക് പരിഗണിക്കാന്‍ പാടുള്ളൂവെന്ന് യുജിസി വ്യവസ്ഥ നിലനില്‍ക്കേയാണ് കാലിക്കറ്റ് സര്വ്വകാലാശായ മന്ത്രിക്കായി വഴിവിട്ട നീക്കം നടത്തിയത്. 2018 ലെ യുജിസി റെഗുലേഷന് വകുപ്പ് 6.3 പ്രകാരം സര്‍വ്വീസില്‍ തുടരുന്നവരെ മാത്രമേ പ്രഫസര്‍ പദവിക്ക് പരിഗണിക്കാന്‍ പാടുള്ളൂ. അതിനാല്‍ യുജിസി ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് വൈസ്ചാന്സിലര് പ്രൊഫസര്‍ പദവി നല്‍കാനായി ഉത്തരവിറക്കിയത്.
മന്ത്രി ബിന്ദു കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയായിരുന്നു. തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ സ്വയം വിരമിക്കുകയായിരുന്നു. പ്രൊഫസര്‍ പദവി വെച്ച് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും ബാലറ്റ് പേപ്പറില്‍ പ്രൊഫസര്‍ എന്ന് രേഖപ്പെടുത്തിയതും വിവാദമായിരുന്നു. ഇത് ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന് ഹൈക്കോടതിയില്‍ കേസും നല്‍കിയിരുന്നു. ഇത് ദുര്‍ബലപ്പെടുത്താനാണ് സര്‍വ്വകലാശാല ധൃതിപിടിച്ച് ചട്ട വിരുദ്ധമായി പ്രൊഫസര്‍ പദവി നല്കാന് ഒരുങ്ങുന്നത്.
പ്രൊഫസര്‍ ബിന്ദു എന്ന പേരില്‍ മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് വിവാദമായതോടെ പ്രഫസര്‍ പദവി പിന്‍വലിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിന് ഗസറ്റ് വിജ്ഞാപനവും ഇറക്കിയിരുന്നു. വിഷയത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് ഗവര്‍ണര്‍ കാലിക്കറ്റ് വിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിസിയുടെ നടപടി തൃപ്തികരമല്ലെങ്കില്‍ ഗവര്‍ണര്‍ തുടര്‍ നടപടി കൈക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: