ജെആര്‍ഡി ടാറ്റ സ്ഥാപിച്ചതാണ് ടാറ്റ എയര്‍ലൈന്‍സ് കമ്പനി. 1932 ഒക്ടോബര്‍ 15 ന്. 1953 ആഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ അത് ദേശസാല്‍ക്കരിച്ചു. അതോടെ എയര്‍ ഇന്ത്യയായി. 69 വര്‍ഷത്തിനുശേഷം എയര്‍ ഇന്ത്യ ടാറ്റാ തറവാട്ടിന്റെ സ്വന്തമായി. ടെണ്ടറിലൂടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ ടാറ്റാ സണ്‍സിന് എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാര്‍ കൈമാറി. എയര്‍ ഇന്ത്യയ്ക്ക് മൊത്തം 14 വിമാനങ്ങളാണുള്ളത്. സ്വന്തമായിട്ടുള്ളത് 99 എണ്ണമാണെങ്കില്‍ പാട്ടത്തിന് 42 എണ്ണമാണ്. അറ്റകുറ്റപ്പണി തേടുന്ന 23 എണ്ണവും സ്ഥിരമായി സര്‍വീസ് നടത്തുന്നത് 118 എണ്ണമാണ്.
ഇന്ത്യാ ഗവണ്മെന്റ് ടാറ്റാ എയര്‍വേയ്സിനെ ദേശസാല്‍ക്കരിച്ചെങ്കിലും തലപ്പത്ത് തുടരാന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ജെആര്‍ഡി ടാറ്റയോട് അഭ്യര്‍ത്ഥിച്ചു. ടാറ്റ തുടരുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ജെആര്‍ഡി ടാറ്റയെ ഒഴിവാക്കി. 1994ല്‍ സ്വകാര്യ കമ്പനി വന്നതോടെ പ്രൗഢി കുറഞ്ഞു. നഷ്ടം കൂടി. 2001 ല്‍ എയര്‍ ഇന്ത്യയെ വില്ക്കാന് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയതാണ്. ഫലമുണ്ടായില്ല. 2007 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ എയര്‍ ഇന്ത്യ ലയിച്ചു. 2012 ല്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഒരു രക്ഷാകവചമൊരുക്കി. 580 കോടി ഡോളറിന്റേതായിരുന്നു രക്ഷാ പാക്കേജ്.
രണ്ടുമൂന്നു വര്‍ഷമായി തകൃതിയായ നീക്കത്തിലൂടെയാണ് കൈമാറ്റം എളുപ്പമാക്കിയത്. 2018 ല്‍ 76 ശതമാനം ഓഹരികള്‍ വില്ക്കാന് പദ്ധതിയിട്ടതായിരുന്നു. പക്ഷേ ആ കെണിയില്‍ വീഴാന്‍ മറ്റാരും വന്നില്ല. 2020 ല്‍ നൂറു ശതമാനം ഓഹരിയും വില്ക്കാന് പദ്ധതിയിട്ടിരുന്നു. അതിലും ആരും വീണില്ല. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 8 നാണ് ടാറ്റ എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. ഈ ജനു
വരി 27 ന് എയര്‍ ഇന്ത്യയുടെ നിയന്ത്രണം പൂര്‍ണമായും ടാറ്റയ്ക്ക് സ്വന്തമായി. ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്നു എയര്‍ ഇന്ത്യ. ഇനി എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും നിയന്ത്രണങ്ങളും ടാറ്റാ ഗ്രൂപ്പിന്റേതായി. എയര്‍ ഇന്ത്യയുടെ ബോര്‍ഡ് അംഗങ്ങള്‍ ചുമതലയൊഴിഞ്ഞു. ടാറ്റാ കമ്പനികളുടെ പ്രതിനിധികള്‍ സ്ഥാനത്തെത്തി.
എയര്‍ ഇന്ത്യ ടാറ്റയ്ക്ക് ലഭിച്ചതില്‍ വളരെയധികം സന്തുഷ്ടിയാണ് ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖര്‍ പ്രകടിപ്പിച്ചത്. ടാറ്റാ കമ്പനിയെ ലോകോത്തര കമ്പനിയാക്കാനാണ് ലക്ഷ്യം. 4400 ആഭ്യന്തര സര്‍വ്വീസുകളും 1600 അന്താരാഷ്ട്ര സര്‍വീസുകളുമാണ് എയര്‍ ഇന്ത്യ നടത്തുന്നത്. എയര്‍ ഇന്ത്യയുടെ 15300 കോടി ബാധ്യത ഏറ്റെടുക്കുന്ന ടാറ്റ, ടെന്‍ഡര്‍ തുകയില്‍ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിന് കൈമാറാനാണ് കരാര്‍. കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവ്-ചെലവ് കണക്ക് എയര്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്. പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതിയും ടാറ്റാ ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്.
ക്യാബിന് ക്രൂവിന്റെ വേഷം മാറുമെങ്കിലും എയര്‍ ഇന്ത്യ എന്ന പേരിലോ ടിക്കറ്റ് ബുക്കിങ് നടപടികളിലോ മാറ്റമുണ്ടാകില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. ഏറ്റെടുക്കലോടെ ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായി. എയര്‍ ഏഷ്യ, വിസ്താര എന്നിവയിലെ ഉടമസ്ഥതയിലൂടെ രാജ്യത്തെ വിമാന കമ്പനിയായി. എയര്‍ ഏഷ്യ, വിസ്താര എന്നിവയിലെ ഉടമസ്ഥതയിലൂടെ രാജ്യത്തെ വിമാന സര്‍വീസുകളുടെ 13.5 ശതമാനം ടാറ്റയിലൂടെയാണ് എയര്‍ ഇന്ത്യ കൂടി എത്തുന്നതോടെ ഇത് 28.7 ശതമാനമായി വര്‍ധിക്കുകയാണ്.
എയര്‍ ഇന്ത്യാ സമയനിഷ്ഠ പാലിക്കുമെന്നാണ് പ്രഥമ വാഗ്ദാനം. ലാഭത്തിലുള്ള സെക്ടറുകളിലേക്ക് കൂടുതല്‍ വിമാനം പറപ്പിക്കും. കൂടുതല്‍ മെച്ചപ്പെട്ട ഭക്ഷണം, ദല്‍ഹി-മുംബൈ യാത്രക്കാര്‍ക്കിത് ആദ്യം ലഭ്യമാകും. ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ക്കും തുടക്കത്തില്‍ ഈ പ്രയോജനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
തൊഴിലാളികള്‍ക്കുള്ള ശങ്ക അകറ്റും. ഒരു വര്‍ഷത്തേക്ക് പിരിച്ചുവിടലില്ല. അതിനുശേഷം സകല ആനുകൂല്യങ്ങളും നല്‍കിയേ നടപടികളിലേക്ക് നീങ്ങൂ എന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: