ന്യൂദൽഹി: കേരളം ഉള്‍പ്പടെയുള്ള ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് (ഐഎസിലേക്ക്) റിക്രൂട്ട്മെന്‍റ് നടത്തിയ കേസിൽ എട്ട് പേർക്കെതിരെ എൻഐഎ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചു. ഐഎസ്ഐഎസ് കേരള മൊഡ്യൂള്‍ കേസ്(ISIS Kerala Module Case) എന്നാണ് ഇതിനെ ദേശീയ മാധ്യമങ്ങള്‍ വിളിക്കുന്നത്.
മറിയം എന്ന ദീപ്‌തി മർള, വിൽസൺ കാശ്മീരി എന്ന മുഹമ്മദ് വഖർ ലോൺ, മിഴാ സിദ്ദീഖ്, ആയിഷ എന്ന ഷിഫ ഹാരിസ്, ഉബൈദ് ഹമീദ് മട്ട, മദേഷ് ശങ്കർ എന്ന അബ്ദുള്ള, അമ്മാർ അബ്ദുൽ റഹിമാൻ, മുസാമിൽ ഹസൻ ഭട്ട് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ പറയുന്ന എട്ട് പേർക്കും ഐഎസ് ബന്ധമുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തിയെന്നും എൻഐഎ പറയുന്നു. ഇതില്‍ മിഴാ സിദ്ദീഖ്, ആയിഷ എന്ന ഷിഫ ഹാരിസ് എന്നിവര്‍ കണ്ണൂരിലെ താന സ്വദേശികളാണ്. സമൂഹമാധ്യമ പ്ലാറ്റ്ഫോം ഉപയോഗിച്ച് പുതിയ ആളുകളെ റിക്രൂട്ട് ചെയ്തതും പലരെയും മതമൗലികവാദികളാക്കിയതും ആണ് ഇവരുടെ കുറ്റം. ഇവരെ രണ്ടുപേരെയും കണ്ണൂരിലെ താനെയിലെ വീട്ടില്‍ നിന്നാണ് എന്‍ ഐഎ യുടെ ദല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇതില്‍ മിഴാ സിദ്ദീഖ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്ക് പോയി ഐഎസ്ഐഎസില്‍ ചേരാന്‍ ശ്രമിച്ചതായി പറയുന്നു.
കഴിഞ്ഞ വർഷം മാർച്ച് അഞ്ചിനാണ് ഐഎസ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് എൻഐഎ ഒരു കേസ് രജിസ്റ്റർ ചെയ്‌തത്. മുഹമ്മദ് അമീന്‍ എന്ന് വിളിക്കുന്ന അബു യാഹ്യയുടെ നേതൃത്വത്തിൽ ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ഐഎസ്ഐഎസിന്റെ അക്രമാസക്തമായ ആശയങ്ങൾ പ്രചരിപ്പിച്ചെന്നും, ഭീകരവാദികളാക്കാന്‍ ശ്രമിക്കുകയും പുതിയ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് കേസ്. കേരളത്തിലും കർണാടകത്തിലും ചിലരെ വധിക്കാന്‍ പദ്ധതിയിട്ടെന്നും കേസുണ്ട്.
കഴിഞ്ഞ വർഷം സെപ്‌റ്റംബർ എട്ടിന് കേസിൽ മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. മലപ്പുറം സ്വദേശിയായ മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശിയായ മുഷബ് അൻവർ, കൊല്ലം സ്വദേശിയായ റാഹീസ് റഷീദ് എന്നിവർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: