ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി നവജോത് സിങ്ങ് സിദ്ദു അച്ഛന്റെ മരണശേഷം അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയ വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ മൂത്ത സഹോദരി സുമന് തൂര്‍. ‘1986ലാണ് സിദ്ദുവിന്റെ അച്ഛന് ഭഗ് വന്ത് സിങ്ങ് മരിച്ചത്. അതിന് ശേഷമാണ് സിദ്ദു അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയത്’- സുമന് തൂര്‍ പറഞ്ഞു.
ഇപ്പോള്‍ യുഎസില്‍ ജീവിക്കുന്ന 70 കാരിയായ സുമന് തൂര്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദുവിനെതിരെ ഈ ആരോപണം ഉന്നയിച്ചത്. ‘1986ല്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട അമ്മ 1989ല്‍ അനാഥയായി മരിച്ചു,’- തേങ്ങിക്കൊണ്ട് സുമന് തൂര്‍ പറഞ്ഞു.
‘1986ലാണ് എന്റെ അച്ഛന് മരിച്ചത്. അതിന് മുന്‍പേ അച്ഛന് അമ്മയോട് പറയുമായിരുന്നു നിനക്ക് ഈ വീട്ടില്‍ സ്ഥാനമുണ്ടാവില്ല എന്ന്. എന്റെ അച്ഛനമ്മമാര്‍ സമ്പന്നരല്ലാത്തതിനാല്‍ അവരുടെ രക്തവും വിയര്‍പ്പും കണ്ണീരും കൊണ്ട് പണിതതാണ് ഈ വീട്. വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം അമ്മ സിദ്ദുവിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല,’- കണ്ണീരോടെ സുമന് തൂര്‍ വിവരിച്ചു.
‘ഒരിയ്ക്കല്‍ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സിദ്ദു പറഞ്ഞത് തന്റെ അച്ഛനമ്മമാര്‍ തനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ നിയമപരമായി വേര്‍പിരിഞ്ഞെന്നാണ്. രണ്ടുവയസ്സില്‍ സിദ്ദു എങ്ങിനെയാണ് ഇരുന്നത്:?(സിദ്ദുവിന്റെ അന്നത്തെ ഫോട്ടോ ഉയര്‍ത്തിക്കാണിക്കുന്നു). എന്റെ അമ്മ ഉടനെ ലുധിയാനയില്‍ പോയി സിദ്ദുവിനോട് എന്തിനാണ് ഇത്തരം നുണകള്‍ പറയുന്നതെന്ന് ചോദിച്ചു. താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നായിരുന്നു സിദ്ദു മറുപടി പറഞ്ഞത്. ഞങ്ങള്‍ ഉടനെ അഭിമുഖം പ്രസിദ്ധീകരിച്ച മാസികയ്ക്കെതിരെ കേസ് കൊടുത്തു. എന്നാല്‍ ആ കേസില്‍ സിദ്ദു കോടതിയില്‍ ഹാജരായില്ല,’- സുമന് തൂര്‍ പറഞ്ഞു.
‘1989ല്‍ അനാഥയില്‍ ദല്‍ഹിയിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് എന്റെ അമ്മ മരിച്ചത്. കൂടെ ഒരു കുടംബമില്ലാത്തതുപോലെയായിരുന്നു മരണം. എന്റെ അച്ഛന് ഞങ്ങള്‍ ഭൂമിയിലും സ്വത്തും അദ്ദേഹത്തിന്റെ പെന്‍ഷനും തന്നിട്ടാണ് പോയത്. അമ്മയെ പുറത്താക്കിയതു വഴി അച്ഛന്റെ സമ്പന്നത മുഴുവന്‍ സിദ്ദു അനുഭവിച്ചു,’- സുമന് തൂര്‍ ആരോപിച്ചു.
സിദ്ദു ഈ ആരോപണത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കരുക്കള്‍ നീക്കിയ സിദ്ദുവിന്റെ പ്രതിച്ഛായയ്ക്ക് വലിയ ആഘാതമായിരിക്കുകയാണ് മൂത്ത സഹോദരിയുടെ ഈ ആരോപണം. കഴിഞ്ഞ ദിവസം പഞ്ചാബ് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ഛന്നിയെയോ സിദ്ദുവിനെയോ, രണ്ടിള്‍ ഒരാളെ, ഉടന്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് സിദ്ദുവിന് ഈ തിരിച്ചടി.
അമൃതസര്‍ ഈസ്റ്റില്‍ നിന്നാണ് സിദ്ദു മത്സരിക്കുന്നത്. ഇവിടെ ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ്ങ് മജീദിയ ആണ് സിദ്ദുവിന്റെ എതിരാളി. ഇതോടെ ഈ മണ്ഡലം വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. സിദ്ദുവിന്റെ മണ്ഡലം എന്നറിയപ്പെടുന്ന അമൃതസര്‍ ഈസ്റ്റില്‍ സിദ്ദുവിനെ കെട്ടുകെട്ടിക്കുമെന്നാണ് ശിരോമണി അകാലി ദളിന്റെ പ്രതിഞ്ജ. മയക്കമരുന്ന് കേസില്‍ കുടുങ്ങിയ (കുടുക്കിയ) ബിക്രം സിങ്ങ് മജീദിയ പറയുന്നത് സിദ്ദുവിന്റെ രാഷ്ട്രീയജീവിതത്തിന്റെ അവസാനമാണ് ഈ പോരാട്ടമെന്നാണ്. മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ ഇളയ സഹോദരനാണ് മജീദിയ.
മൂത്ത സഹോദരിയുടെ ആരോപണം കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കിയത് സിദ്ദുവിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇപ്പോള്‍ സിദ്ദുവിന്റെ തന്നെ സ്വഭാവസര്‍ട്ടിഫിക്കറ്റാണ് സഹോദരിയുടെ ആരോപണത്തിന് മുന്നില്‍ മങ്ങിപ്പോയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: