പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷനില്‍ കഴിഞ്ഞ ഒമ്പതുമാസത്തില്‍ 600 കോടി രൂപയുടെ വരുമാനം ഉണ്ടായെന്ന് ഡിആര്‍എം ത്രിലോക് കോത്താരി അറിയിച്ചു. യാത്രാകൂലിയിനത്തില്‍ 289 കോടിയും ചരക്കുവാഹന ഇനത്തില്‍ 279.26 കോടിയുമാണ് കിട്ടിയത്. 2.29 മില്യണ്‍ ടണ്‍ സാധനങ്ങളാണ് കയറ്റുമതി ചെയ്തത്. 2020-21ല്‍ ഇത് 1.86 മില്യണ്‍ ടണ്‍ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് റെയില്‍വേ ഡിവിഷണില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ത്രിലോക് കോത്താരി. മെയിന്‍ എക്‌സ്പ്രസ് തീവണ്ടികള്‍ പരമാവധി കൃത്യത പാലിച്ച് പോവുന്നുണ്ട്. മംഗളൂരു ജങ്ഷന്‍ കുലശേഖര എന്നിവിടങ്ങളിലെ പാതയിരട്ടിപ്പിക്കല്‍ ഈവര്‍ഷം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022 ഡിസംബറോടെ പാലക്കാട് ഡിവിഷന്‍ പരിപൂര്‍ണമായും വൈദ്യുതിവത്കരിക്കും.
പൊള്ളാച്ചിക്കും പാലക്കാടിനുമിടയില്‍ പണികള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. ഷൊര്‍ണൂര്‍ ജങ്ഷന്‍ – നിലമ്പൂര്‍ വൈദ്യുതിവത്കരണവും ഡിസംബറോടെ പൂര്‍ത്തിയാക്കും. കൊങ്കണ്‍ റെയില്‍വേയിലും വൈദ്യുതിവത്കരണം പുരോഗമിക്കുന്നു. മംഗളൂരു സെന്‍ട്രലിലെ പിറ്റ്‌ലൈന്‍ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാക്കും. ഇവിടെ പുതുതായി ഒരു പ്ലാറ്റ്‌ഫോം കൂടി നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മംഗളൂരു ജങ്ഷന്‍, കാസര്‍കോട്, തലശ്ശേരി, വടകര, വാണിയമ്പലം, പാലക്കാട് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ആറ് ഫുട്ഓവര്‍ ബ്രിഡ്ജുകള്‍ പൂര്‍ത്തിയാക്കി. ഷൊര്‍ണൂരിലെ ഫുട്ഓവര്‍ ബ്രിഡ്ജ് പുരോഗതിയിലാണ്. തിരൂരില്‍ പുതുതായി ഒരെണ്ണവും സ്ഥാപിക്കും. കൂടാതെ മാന്നനൂര്‍, പയ്യോളി, എടക്കോട്, കണ്ണൂര്‍ സൗത്ത്, ഏലിമല എന്നിവിടങ്ങളിലും എഫ്ഒബി പുരോഗതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: