തിരുവനന്തപുരം: ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ ഏതെങ്കിലും ആശുപത്രിയില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ ഗൗരവമായി കണ്ട് നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ്. സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്‌ക്കു നീക്കിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. എല്ലാ ജില്ലകളിലും ഡയാലിസിസ് സൗകര്യം ഉറപ്പാക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് പിടിപെട്ടാല്‍ അവര്‍ ചികിത്സ തേടിക്കൊണ്ടിരിക്കുന്ന ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ ജില്ലകളിലും രണ്ട് ആശുപത്രികളിലെങ്കിലും ഡയാലിസിസ് സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് .െഎസി.യു ഉപയോഗത്തില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. 40.5 ശതമാനമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ കോവിഡ്, നോണ്‍കോവിഡ് രോഗികളുടെ ഐ.സി.യു. ഉപയോഗം. വെന്റിലേറ്ററിന്റെ ഉപയോഗത്തിലും കുറവുണ്ട്. 13.5 ശതമാനം വെന്റിലേറ്ററുകളില്‍ മാത്രമേ രോഗികളെ പ്രവേശിപ്പിക്കേണ്ടിവന്നിട്ടുള്ളൂ. സ്വകാര്യ ആശുപത്രികളിലെ ഐ.സി.യുകളില്‍ കോവിഡ് രോഗികള്‍ 8.28 ശതമാനം മാത്രമാണ്. ഇവിടങ്ങളിലെ വെന്റിലേറ്റര്‍ ഉപയോഗം 8.96 ശതമാനം മാത്രവുമാണ്.
കോവിഡുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും സംസ്ഥാനതല വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പില്‍ സംസ്ഥാനതലത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുകയും മരുന്നുലഭ്യത, ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഐ.സി.യു ബെഡുകള്‍, ഡാറ്റ ഷെയറിങ്, ഓക്‌സിജന്‍ ലഭ്യത തുടങ്ങിയവ ഉറപ്പാക്കാന്‍ 12 കമ്മിറ്റികളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമേ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി. 0471 2518584 ആണ് സെല്ലിലെ ഫോണ്‍ നമ്പര്‍. രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ സെല്‍ പ്രവര്‍ത്തിക്കും. ദിശയുടെ 25 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമിലും ജില്ലാ കണ്‍ട്രോള്‍ റൂമിലും ജനങ്ങള്‍ക്ക് ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ റാങ്കിലുള്ള ഡോക്ടറായിരിക്കും ജില്ലകളില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കിന്റെ നോഡല്‍ ഓഫിസര്‍. എല്ലാ ആശുപത്രികളിലും കോവിഡ് ചികിത്സയ്‌ക്കൊപ്പം നോണ്‍കോവിഡ് ചികിത്സയും കൃത്യമായി നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: