ചെന്നൈ: തഞ്ചാവൂരിലെ സ്കൂള്‍ അധികൃതര്‍ ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടിയായ ലാവണ്യ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത് മൂലം ആത്മഹത്യ ചെയ്ത സംഭവത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് നടന് കമലഹാസന്. 17 വയസ്സായ ലാവണ്യ ആത്മഹത്യ ചെയ്തതില്‍ വിദ്യാഭ്യാസവകുപ്പും കുറ്റക്കാരാണെന്ന് കമലഹാസന് പറഞ്ഞു.
ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെ നടത്തിയതോടെ പ്രശ്നം തമിഴ്നാട്ടില്‍ വന്‍ വിവാദമായിരിക്കുകയാണ്. തന്നെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതിനാലാണ് ആത്മഹത്യ ചെയ്തതെന്ന് ലാവണ്യ പറയുന്ന വീഡിയോ വൈറലായതോടെയാണ് പ്രശ്നം ചൂടുള്ള വിഷയമായത്.
സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ്സ്കൂളിലെ പാവം പിടിച്ച കുട്ടികളെ അടിമകളായി കാണുന്ന പ്രവണത ടീച്ചര്‍മാരില്‍ കൂടിവരുന്നുണ്ട്. ഇങ്ങിനെയൊരു സംഭവം സ്വകാര്യസ്കൂളില്‍ സംഭവിച്ചാല്‍ അത് വലിയ വാര്‍ത്തയായി മാറിയേനെ. വിദ്യാഭ്യാസവകുപ്പിലെ ഉന്നതോദ്യോഗസ്ഥരും സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരും കാണിക്കുന്ന ഉത്തരവാദിത്വമില്ലായ്മയാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്,- കമല്‍ ഹാസന് പറഞ്ഞു.
പഠിക്കാന്‍ അനുവദിക്കാതെ ഹോസ്റ്റല്‍ വാര്ഡന് സഗായമേരി റൂമുകള്‍ വൃത്തിയാക്കാനും കണക്കുകള്‍ നോക്കാനും ഏല്പിച്ചതിന്റെ അമിത സമ്മര്‍ദ്ദമാണ് തഞ്ചാവൂരിലെ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ ലാവണ്യയെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇതുമൂലം പഠനത്തില്‍ പിറകിലായത് കുട്ടിയെ അലട്ടിയിരുന്നു. ലാവണ്യയെ മതപരിവര്‍ത്തനം നടത്താന്‍ സ്കൂളിലെ ചിലര്‍ ശ്രമിച്ചതായുള്ള 44 സെക്കന്റ് വീഡിയോ പുറത്തുവിട്ടതോടെ ബിജെപിയും വിഎച്ച്പിയും ശക്തമായ പ്രതിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേസ് ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. രണ്ട് വര്‍ഷം മുന്‍പ് ഇതേ സ്കൂളിലെ ഒരു കന്യാസ്ത്രീ ലാവണ്യയെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന വീഡിയോയാണ് വിവാദമായത്. ഇതാണ് ലാവണ്യയുടെ മരണകാരണമെന്നാണ് ബിജെപി ആരോപിക്കുന്നത്.
പെണ്‍കുട്ടിയുടെ അവസാന മൊഴിയില്‍ സഗായമേരിയെയും കന്യാസ്ത്രീയെയും കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പൊലീസ് സഗായ മേരിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തിട്ടില്ല.
വിദ്യാര്‍ത്ഥികളെ സ്കൂളിലേക്കയക്കുന്നത് മതപഠനം നടത്താനോ വീട്ടുവേല ചെയ്യാനോ അല്ല, പഠിക്കാനാണ്. സംസ്ഥാനസര്‍ക്കാര്‍ ഇതിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണം,- കമലഹാസന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: