ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന ചരണ്‍ജിത് സിങ് (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. ജന്മനാടായ ഹിമാചല്‍ പ്രദേശിലെ ഉനയിലെ വസതിയിലായിരുന്നു അന്ത്യം.
1964ലെ ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് സ്ട്രോക്ക് വന്നതോടെ അദ്ദേഹത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടമായിരുന്നു.1960 റോം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ സംഘത്തിലും ഈ മിഡ്ഫീല്‍ഡര്‍ കളിച്ചിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും ചരണ്‍ജിത് സിങ് ഇടംനേടി. കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഷിംലയിലെ ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
1931 ഫെബ്രുവരി 13ന് ഉനയിലെ ഒരു ഗ്രാമത്തിലാണ് ചരണ്‍ജിത് ജനിച്ചത്. ഡെറാഡൂണിലെ കേണല്‍ ബ്രൗണ്‍ കേംബ്രിഡ്ജ് സ്കൂള്‍, പഞ്ചാബ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. കായിക ലോകത്തെ അനേകം പ്രമുഖരാണ് ചരണ്‍ജിത്തിന് അന്തിമോപചാരം അര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: