ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പത്മഭൂഷണ്‍ സമ്മാനിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം കോണ്‍ഗ്രസിനുള്ളില്‍ അസ്വാരസ്യം പടര്‍ത്തുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നതകള്‍ പുറത്തുകൊണ്ടുവരുന്ന രീതിയില്‍ പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.
ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ പത്മ ഭൂഷണ് ലഭിച്ചതില്‍ ഗുലാം നബി ആസാദിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നു. രാജ്യം ഗുലാം നബി ആസാദിന്റെ കഴിവുകള്‍ അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്ന് വരുന്നതില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചത്.
അതേ സമയം കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് കുറിക്കുകൊള്ളുന്ന ഒരു വാചകമാണ് ട്വിറ്ററില്‍ കുറിച്ചത്. മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷണ്‍ നിരസിച്ചതിനോട് ഗുലാം നബി ആസാദിന്റെ പേര് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ജയ്റാം രമേഷിന്റെ കുറിപ്പ്: ‘ശരിയായ കാര്യം ചെയ്തു. അയാള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്, അടിമത്വമല്ല’.(റൈറ്റ് തിംഗ് ടു ഡു. ഹി വാണ്ട്സ് ടു ബി ആസാദ്. നോട്ട് ഗുലാം).
പക്ഷെ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്റ് സംശയത്തോടെ നോക്കിക്കാണുന്ന ജി-23 നേതാക്കളില്‍ തലവന്‍ കൂടിയാണ് ഗുലാം നബി ആസാദ്. രാജ്യസഭയില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കി പിരിയുന്ന വേളയില്‍ ഗുലാം നബി ആസാദിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ഗദ്ഗദകണ്ഠനായത് വലിയ വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: