തൃശ്ശൂര്‍: കൂര്‍ക്കഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വനിതാ ജീവനക്കാരെ ലൈംഗികമായും മാനസികമായും ഉപദ്രവിക്കുന്നത് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന ആക്ഷേപവുമായി ബാങ്കിലെ വനിതാ ജീവനക്കാര്‍ രംഗത്ത്.
പ്രസിഡന്റിന്റെ അശ്ശീല പെരുമാറ്റവും ഉപദ്രവവും സഹിക്കാനാവാതെ ബാങ്കിലെ ജീവനക്കാര്‍ ഇതുസംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബറില്‍ നല്കിയ പരാതിയിന്മേല് ഇതുവരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
പരാതി നല്‍കിയതിന്റെ പേരില്‍ വനിതാ ജീവനക്കാരെ പ്രസിഡന്റ് നിരന്തരം ഉപദ്രവിക്കുകയാണെന്നും തല്‍സ്ഥാനത്ത് തുടരുന്ന മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ പ്രസിഡന്റിനെതിരെ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ വനിതാ സെല്ലിലും പോലീസിലും പരാതിയുമായി സമീപിക്കുമെന്നാണ് ജീവനക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ജില്ലാ സമ്മേളനത്തിന് ശേഷം നടപടി ഉണ്ടാവുമെന്ന് ജില്ലാ സെക്രട്ടറി ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമ്മേളനം കഴിഞ്ഞിട്ടും പ്രസിഡന്റിനെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടതെന്നാണ് വനിതാ ജീവനക്കാര്‍ ഇപ്പോള്‍ പറയുന്നത്. ബാങ്കില്‍ ജോലി ചെയ്യുന്നതിന് ഇപ്പോള്‍ സുരക്ഷിതമായ അവസ്ഥയല്ലെന്നും പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാവാന്‍ ആഗ്രഹിക്കാത്തതിനാലാണ് ഇത്തരത്തില്‍ പരാതി ഉന്നയിക്കുന്നതെന്നും ജീവനക്കാര്‍ പാര്‍ട്ടി നേതൃത്വത്തിന് നല്കിയ പരാതിയില്‍ പറയുന്നു.
മുന്‍പ് ഇതേരീതിയില്‍ പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോ തൊഴിലാളി യൂണിയന് (സിഐടിയു) സംസ്ഥാന സെക്രട്ടറിയായിരുന്ന ബാങ്ക് പ്രസിഡന്റിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരാം താഴ്ത്തിയത്. നിലവില്‍ ജില്ലാ കമ്മിറ്റിയംഗമായ പ്രസിഡന്റിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: