കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ പേവിഷ പ്രതിരോധമരുന്നിന് കടുത്ത ക്ഷാമം. തെരുവുപട്ടികളുടേയും അവയുടെ കടിയേല്‍ക്കുന്നവരുടേയും എണ്ണം ദിനംപ്രതി പെരുകുമ്പോള്‍ കടിയേറ്റ മുറിവില്‍ വയ്‌ക്കുന്ന ആന്റി റാബീസ് സിറം (എആര്‍എസ്), ചെറിയ കടിയും മാന്തലുമുള്‍പ്പെടെയുള്ള കേസുകളില്‍ നാല് ഡോസായി നല്കുന്ന ഇന്‍ട്രാ ഡെര്‍മല്‍ റാബിസ് വാക്‌സിന്‍ (ഐഡിആര്‍വി) എന്നിവയ്‌ക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്.
മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേനയാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്നുകള്‍ എത്തിക്കുന്നത്. എആര്‍എസ് ജില്ലാ, ജനറല്‍ ആശുപത്രികളിലും ഐഡിആര്‍വി സിഎച്ച്‌സികള്‍ മുതലുള്ള ആരോഗ്യകേന്ദ്രങ്ങളിലുമാണ് സാധാരണഗതിയില്‍ ലഭ്യമാകുന്നത്. എന്നാല്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ ഇവയുടെ സ്‌റ്റോക്ക് ഏറെക്കുറെ തീര്‍ന്നിരിക്കുന്ന അവസ്ഥയാണ്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സമീപജില്ലകളിലും ഏറെക്കുറെ ഇതേ അവസ്ഥയാണ്.
മുന്‍കാലങ്ങളില്‍ ഒരു ജില്ലയിലെ വാക്‌സിന്‍ കരുതല്‍ സ്‌റ്റോക്ക് കുറഞ്ഞാല്‍ മറ്റു ജില്ലകളിലെ സംഭരണകേന്ദ്രങ്ങളില്‍നിന്നും എത്തിക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ ഒരിടത്തും ആവശ്യത്തിന് സ്‌റ്റോക്കില്ലാത്തതിനാല്‍ അതും നടക്കുന്നില്ല. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ജില്ലയിലെ സംഭരണകേന്ദ്രത്തിലും ഇപ്പോള്‍ ഈ മരുന്നുകള്‍ സ്‌റ്റോക്കില്ല. പുതിയ പര്‍ച്ചേസ് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നും ലഭ്യമായാലുടന്‍ എത്തിക്കുമെന്നുമാണ് തിരുവനന്തപുരത്തുനിന്നും ലഭിക്കുന്ന വിവരം.
മിക്ക ജില്ലകളിലും മുന്‍കാലങ്ങളില്‍ നല്‍കിയിരുന്നതിന്റെ ഇരട്ടിയിലേറെ മരുന്നുകള്‍ ഇപ്പോള്‍ വേണ്ടിവരുന്നതിനാലാണ് മരുന്നുക്ഷാമം അനുഭവപ്പെടുന്നതെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. കടിയേല്‍ക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന തന്നെയാണ് ഇതിന് കാരണമാകുന്നത്. പല ജില്ലകളും വരുംവര്‍ഷത്തേക്ക് നിലവിലുള്ളതിന്റെ നാലിരട്ടിയോളം ഡോസാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരുവുപട്ടികളുടെ ശല്യം നിയന്ത്രിക്കാനാകാത്ത കാലത്തോളം കൂടുതല്‍ മരുന്ന് കരുതുകയേ നിര്‍വാഹമുള്ളൂ എന്ന അവസ്ഥയിലാണ് ആരോഗ്യവകുപ്പും ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: