ചവറ: കേരളത്തില്‍ കോമണ്‍ സര്‍വ്വീസ് സെന്ററുകളോട് വിവേചനപരമായ സമീപനമാണുള്ളതെന്നും റേഷന്‍കാര്‍ഡിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കാന് മറ്റ് സംസ്ഥാനങ്ങളില്‍ കോമണ്‍സര്‍വ്വീസ് സെന്ററുകള്‍ക്ക് അനുവാദമുള്ളതുപോലെ കേരളത്തിലും അനുവദിക്കണമെന്ന് ഭാരതീയ കോമണ്‍സര്‍വ്വീസ് സെന്റര്‍ വര്‍ക്കേഴ്സ് സംഘ് ആവശ്യപ്പെട്ടു.
കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ സേവനങ്ങള്‍ക്ക് അനുവാദമുള്ളത്. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചേര്‍ക്കാന്‍ അവസരമുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഈ പദ്ധതി നടപ്പിലാക്കാത്തതിനാല്‍ ഈ അവസരവും സിഎസ്സികള്‍ക്ക് നഷ്ടമായി. ക്ഷേമ പദ്ധതികള്‍ക്കായുള്ള മസ്റ്ററിങ് സംവിധാനം കേരളത്തില്‍ സിഎസ്സിക്ക് അനുവദിക്കുന്നില്ല. കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ വഴി നല്‍കിവരുന്ന പല സേവനങ്ങളും സാങ്കേതിക തകരാറുമൂലം പലപ്പോഴും മുടങ്ങുകയാണ്. കിസ്സാന്‍ സമ്മാന്‍ നിധി അപേക്ഷിക്കാനുള്ള ഔദ്യോഗിക ഏജന്‍സിയാണ് എന്നാല്‍ സാങ്കേതിക തകരാറുമൂലം ഈ സേവനവും നല്കാന് സാധിക്കുന്നില്ല.
ഇത്തരത്തില്‍ കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോമണ്‍സര്‍വ്വീസ് സെന്റര്‍ വര്‍ക്കേഴ്സ് സംഘ് അധികാരികള്‍ക്ക് നിവേദനം നല്കി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരതീയ കോമണ്‍ സര്‍വ്വീസ് സെന്റര്‍ വര്‍ക്കേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബുലാല്, ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: