മുംബൈ : ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചതിനു പിന്നാലെ സെന്‍സെക്സ് 476.90 പോയിന്റ് താഴേക്ക് പോയി. 57,014.61 ലേക്ക് എത്തി. നിഫ്റ്റി 122.10 പോയിന്റ് കുറഞ്ഞ് 17,027.00 ലേക്ക് താഴ്ന്നു. മൂന്നാഴ്ചത്തെ ഏറ്റവും മോശം നിലയിലേക്ക് ഇന്ത്യന്‍ ഓഹരി സൂചികകള്‍ കഴിഞ്ഞ ദിവസം കൂപ്പുകുത്തിയിരുന്നു.
ആഗോള വിപണികളിലെ ക്ഷീണം, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടുമോയെന്ന ആശങ്ക, പുതുതലമുറ ടെക്നോളജി കമ്പനികളിലെ ഭീമമായ തകര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയ നിരവധി ഘടകങ്ങള്‍ സെന്‍സെക്സ്, നിഫ്റ്റി സൂചികകളുടെ പതനത്തിന് മൂലകാരണങ്ങളാവുകയാണ്. സെന്‍സെക്സ് തകര്‍ച്ചയ്ക്ക് പിന്നാലെ എഷ്യന്‍ പെയിന്റ്സ്, വിപ്രോ, എച്ച്ഡിഎഫ്സി ട്വിന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന് കമ്പനി എന്നിവരുടെ ഓഹരി വില്‍പ്പനയും താഴേയ്ക്കാണ്.
ടാറ്റ സ്റ്റീല്‍ 5.91 ശതമാനം ഇടിഞ്ഞ് 1100.00 രൂപയിലെത്തി. ഐടി ഓഹരികള്‍ കനത്ത വില്പന സമ്മര്‍ദ്ദത്തിലായിരുന്നു. ടെക് മഹീന്ദ്ര 5.35 ശതമാനം ഇടിഞ്ഞ് 1508.85 രൂപയായി. വിപ്രോ 5.44 ശതമാനം ഇടിഞ്ഞ് 572.30 രൂപ. എച്ച്സിഎല്‍ ടെക്നോളജീസ് 3.87 ശതമാനം ഇടിഞ്ഞ് 1122.60 രൂപ. ഇന്‍ഫോസിസ് 2.87 ശതമാനം ഇടിഞ്ഞ് 1734.75 രൂപ. സൂചിക ഹെവിവെയ്റ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 4.06 ശതമാനം ഇടിഞ്ഞ് 2377.55 രൂപ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 4 ശതമാനം വീതവും ഇടിഞ്ഞു.
ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസന്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവര്‍ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, മാരുതി സുസുക്കി ഇന്ത്യ എന്നിവരുടെ ഓഹരികളാണ് ഇന്ന് രാവിലെ നേട്ടത്തിലുള്ളത്. നിഫ്റ്റിയില്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിനാന്‍സ് എന്നിവ ആറ് ശതമാനം വീതം നഷ്ടത്തിലായി. ടാറ്റ സ്റ്റീല്‍, ഗ്രാസിം, ഹിന്‍ഡാല്‍കോ എന്നിവയും നഷ്ടത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: