ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാര്‍ ലേലം വിളിച്ച അമല്‍ മുഹമ്മദിന് വാഹനം വിട്ടു നല്‍കിയില്ലെന്ന് പരാതി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വാഹനം കൈമാറി നല്‍കുന്നില്ലെന്നാണ് അമല്‍ മുഹമ്മദ് പറയുന്നത്. അതേസമയം ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദാക്കാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്നും അതിനാലാണ് വാഹന കൈമാറ്റം വൈകുന്നതെന്നുമാണ് ദേവസ്വം ചെയര്‍മാന്റെ വിശദീകരണം.
ലേലത്തിന് കഴിഞ്ഞമാസം ഭരണസമിതി അംഗീകാരം നല്‍കിയിരുന്നു. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശി അമല്‍ സ്വന്തമാക്കിയത്. വാഹനത്തിന് ഇരുപത്തിഒന്ന് ലക്ഷം രൂപവരെ നല്കാന് തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ ലേലം വിളിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നും ദേവസ്വം ചെയര്‍മാനും നിലപാടെടുത്തിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് ദേവസ്വത്തിന് കൈമാറിയത്. തുടര്‍ന്ന് വാഹനം പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ദീപസ്തംപത്തിന് സമീപം പരസ്യമായി ലേലം ചെയ്തു വില്‍ക്കാനായിരുന്നു തീരുമാനം. 15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഭക്തരില്‍ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചിരുന്നു. എന്നാല്‍, അമലിനു വേണ്ടി ഒരു പ്രതിനിധി മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: