ഉറങ്ങുന്നതിനു മുമ്പ് ബ്രാഹ്മണര്‍ക്കും പിതൃക്കള്‍ക്കും ദേവന്മാര്ക്കും അസുരപ്രമാണിമാര്ക്കും മുമ്പില്‍ ഭീഷ്മന്‍ മൂര്ദ്ധാവുകുമ്പിട്ടു നമിച്ചശേഷം മെത്തയില്‍ കേറിക്കിടന്നുകൊണ്ടു ചിന്തിച്ചു, ”ജാമദഗ്ന്യനോട് ഈ യുദ്ധം എനിക്കു ബഹുദാരുണമാണ്. ഈ ഘോരവും ഭയങ്കരവുമായ യുദ്ധം ഏറെനാളായി നടക്കുന്നു. വീര്യമേറുന്ന ഭാര്ഗവരാമനെ പോര്‍ക്കളത്തില്‍ ജയിക്കാന്‍ ഞാന്‍ ശക്തനെങ്കില്‍ ആ ദേവതകള്‍ക്ക് എന്നില്‍ കനിവുണ്ടായി ഇന്നീ രാവില്‍ വന്നുചേരണം.”
ഭീഷ്മന്‍ ഇങ്ങനെ വിചാരിച്ച് ഇടതുനെഞ്ചില്‍ മുറിവേറ്റതുകൊണ്ട് വലതുഭാഗം ചെരിഞ്ഞുകിടന്നു. തേര്ത്തട്ടില്നിന്നു വീണപ്പോള്‍ താങ്ങിപ്പിടിച്ച, പേടിക്കേണ്ടെന്നു ചൊല്ലിയ, ആ ബ്രാഹ്മണരെ ഭീഷ്മനു സ്വപ്നത്തില്‍ കാണായിവന്നു. അവര്‍ പറഞ്ഞു, ”എഴുന്നേല്ക്കൂ, നീ പേടിക്കേണ്ട. ഹേ ഗാംഗേയ! നിന്നെ ഞങ്ങള്‍ രക്ഷിക്കും. ഞങ്ങള്‍ക്കുളള ഉടലാണു നിനക്കുള്ളത്. ജാമദഗ്ന്യന്‍ ഒരിക്കലും നിന്നെ പോരില്‍ ജയിക്കാനാവില്ല. നീ ഭാര്ഗവരാമനെ ജയിക്കും. നീ മുജ്ജന്മത്തില് അറിഞ്ഞിരുന്ന ദിവ്യാസ്ത്രങ്ങള് നിനക്കോര്മ്മവരും. പ്രാജാപത്യവും വിശ്വകൃതവുമായ പ്രസ്വാപം എന്ന അസ്ത്രം ഭാര്ഗവരാമനറിയില്ല. ഈ ഭൂമിയില്‍ മറ്റാര്ക്കുമറിഞ്ഞുകൂടായെന്ന് മഹാബാഹോ നീ ഓര്‍ക്കുക. അതിനാല്‍ വീര്യവാന്മരെയൊക്കെ നീ ജയിക്കും. ആ മഹാസ്ത്രംകൊണ്ട് ഭാര്ഗവരാമന് നശിക്കില്ല. നിനക്കു പാപമൊട്ടുമുണ്ടാവുകയുമില്ല. നിന്റെ ബാണം കൊണ്ടയുടനെ ജാമദഗ്ന്യന്‍ ഉറങ്ങിപ്പോകും. ഉടനെ ജയിച്ചിട്ട് നീ അവനെ ഉണര്‍ത്തുക. നീ പുലര്‍ച്ചയ്ക്ക് തേരേറിയിട്ടുപോയി ഈവണ്ണം ചെയ്യുക. ഉറങ്ങിപ്പോയോനും ചത്തോനും തുല്യമാണ്. ഒരുകാലത്തും ഭാര്ഗവരാമന് മരിക്കാന്‍ പാടില്ല പാര്‍ത്ഥിവാ! അതിനുതക്കവണ്ണം നീ പ്രസ്വാപാസ്ത്രം തൊടുക്കുക.”കാന്തിമതികളും ദേവതുല്യരുമായ ആ എട്ടുപേരും ഇങ്ങനെ പറഞ്ഞുമറഞ്ഞു.
സ്വപ്നത്തെക്കുറിച്ചോര്‍ത്ത് ഭീഷ്മന്‍ ആനന്ദിച്ചു. യുദ്ധമാരംഭിച്ചു. ഇടിത്തീപോലുള്ള വേല് ഭീഷ്മന്‍ ഭാര്ഗവരാമന്റെ നേര്‍ക്കു ചാട്ടി. അത് ആ ദ്വിജേന്ദ്രന്റെ കൈകള്‍ക്കുള്ളില്‍ ചെന്നു പതിച്ചു. അദ്ദേഹം ആകെ തളര്‍ന്നുപോയി, ദേഹം വിറച്ചു. തപോനിധിയായ തേരാളി അകൃതവ്രണന്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. ആശ്വാസിതനായ ഭാര്ഗവരാമന് ക്രോധംപൂണ്ട് എഴുന്നേറ്റ് പരബ്രഹ്മാസ്ത്രത്തെ ഭീഷ്മന്റെ നേര്‍ക്കു തൊടുത്തുവിട്ടു. അതിനെ തടയാന്‍ പ്രളയാഗ്നിപോലെയുള്ള ബ്രഹ്മാസ്ത്രത്തെ ഭീഷ്മന്‍ എയ്തുവിട്ടു. ഭൂമിയിലെ ഭൂതജാലങ്ങളെല്ലാം വിറളിപൂണ്ടു. ഋഷിമാരും ഗന്ധര്വന്മാരും വാനോരും അസ്ത്രതേജസ്സിന്റെ പീഡയേറ്റു വിഷമിച്ചു. കാടും മേടും പെടും ഭൂമിയാകെക്കുലുങ്ങി. ആകാശമെരിഞ്ഞു. പത്തുദിക്കും പുകഞ്ഞു. ആകാശചാരികള്‍ക്ക് അന്തരീക്ഷത്തില്‍ നില്‍ക്കാനാകാതെയായി. ഹാ! ഹായെന്നു ലോകം ആര്ക്കവെ ഇതാണു തക്കമെന്നോര്ത്ത് ബ്രഹ്മജ്ഞന്മാരുടെ വാക്കുപോലെ ഭീഷ്മന്‍ പ്രസ്വാപാസ്ത്രത്തെ ഓര്‍ത്തു. അസ്ത്രം മനസ്സില്‍ തെളിഞ്ഞു.
ഉടനെ ആകാശത്തു കളകളാരവമുണ്ടായി. ”പ്രസ്വാപാസ്ത്രം തൊടുക്കല്ലേ കുരുനന്ദനാ!” എന്നുള്ള ശബ്ദം കേള്‍ക്കെ ഭീഷ്മന്‍ ഭാര്ഗവരാമന്റെ നേര്‍ക്ക് വില്ലില്‍ തൊടുത്തുപോയി. നാരദന് പെട്ടെന്നു ഭീഷ്മന്റെ മുന്നിലെത്തി. ”കൗരവ്യ! പ്രസ്വാപാസ്ത്രം തൊടുക്കല്ലേ. അതാ ദേവേന്ദ്രന് വന്നു മുകളില്‍ നില്ക്കുന്നു. ദേവന്മാരെല്ലാം നിന്നെ തടയുന്നു. ഭൃഗുരാമന്റെ നേര്‍ക്ക് പ്രസ്വാപാസ്ത്രമയക്കല്ലേ. ഭാര്ഗവരാമന് ബ്രാഹ്മണനും താപസനും നിന്റെ ഗുരുവുമാണ്. അവന് അവമാനം വരുത്തൊല്ലേ.” അപ്പോള്‍ ഭീഷ്മന്‍ ആകാശത്ത് ആ എട്ടു ബ്രാഹ്മണരെയും ദര്‍ശിച്ചു. അവര്‍ അവനോട് ചിരിച്ചുകൊണ്ട് മൃദുവായി പറഞ്ഞു, ”നാരദന് പറഞ്ഞതുപോലെ കുരുശ്രേഷ്ഠ! നീ ചെയ്യുക. ലോകെത്തല്ലാവര്ക്കും ഇതാണിഷ്ടം.” ഉടനെ ആ സ്വാപനാസ്ത്രത്തെ സംഹരിച്ചിട്ട് യുദ്ധത്തിന്റെ ക്രമപ്പടി ബ്രഹ്മാസ്ത്രത്തെ തൊടുത്തുവിട്ടു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: