ബോളിവുഡ് താരം അനുഷ്ക ശര്‍മയുമായുള്ള വിവാഹം വിരാട് കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചതായി പാക്കിസ്ഥാന്റെ മുന്‍ താരം ഷൊയിബ് അക്തര്‍. 29ാം വയസ്സില്‍ വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു കോലി ചെയ്യേണ്ടതെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.
‘വിവാഹത്തിന്റെയും ക്യാപ്റ്റന്‍സിയുടെയും സമ്മര്‍ദ്ദം തീര്‍ച്ചയായും ബാറ്റിങ്ങിനെ ബാധിക്കും. കുടുംബാംഗങ്ങളില്‍നിന്നും മക്കളില്‍നിന്നും സ്വാഭാവികമായി സമ്മര്‍ദ്ദമുണ്ടാകും. ഉത്തരവാദിത്തം കൂടുന്നതിന് അനുസരിച്ച് സമ്മര്‍ദ്ദവുമേറും. ക്രിക്കറ്റ് താരങ്ങള്‍ക്ക് 14-15 വര്‍ഷമാണ് ശരാശരി കരിയര്‍. അതില്‍ അഞ്ചോ, ആറോ വര്‍ഷമാണ് മികവിന്റെ ഔന്നത്യത്തില്‍ ഉണ്ടാകുക. കോലിയെ സംബന്ധിച്ച് ആ വര്‍ഷങ്ങള്‍ കടന്നുപോയി. ഇനി കോലിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്’- അക്തര്‍ പറഞ്ഞു.
വിരാട് കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അത്ര നേരത്തേ വിവാഹം കഴിക്കുമായിരുന്നില്ലെന്നും അക്തര്‍ വ്യക്തമാക്കി. വിവാഹം താരങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കൊണ്ടുവരുമെന്നും അത് സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നും അക്തര്‍ ചൂണ്ടിക്കാട്ടി. ‘വിരാട് കോലി ഏതാണ്ട് ആറ്- ഏഴ് വര്‍ഷക്കാലം ഇന്ത്യയെ നയിച്ചു. സത്യത്തില്‍ ഞാന്‍ കോലിയെ ക്യാപ്റ്റനാക്കുന്നതിനെ അനുകൂലിക്കുന്ന ആളല്ല. നായകസ്ഥാനം ഏറ്റെടുക്കുന്നതിനു പകരം കോലി ശരാശരി 100 120 റണ്‍സ് വീതം സ്കോര്‍ ചെയ്യുന്നതായിരുന്നു എനിക്ക് ഇഷ്ടം. അദ്ദേഹം ബാറ്റിങ്ങില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു ഏറ്റവും ഉചിതമെന്നും അക്തര്‍ പറഞ്ഞു.
‘വിരാട് കോലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആ പ്രായത്തില്‍ വിവാഹം കഴിക്കുമായിരുന്നില്ല. പകരം ഞാന്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതല്‍ റണ്‍സ് നേടി കരിയര്‍ ആസ്വദിക്കുമായിരുന്നു. കരിയറിലെ ഈ പത്ത്, പന്ത്രണ്ട് വര്‍ഷങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അത് നമുക്ക് പിന്നീട് ലഭിക്കുകയുമില്ല’. ‘വിവാഹം ചെയ്യുന്നത് മോശം കാര്യമാണെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, നിങ്ങള്‍ ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ കുറച്ചുകാലം കൂടി അതില്‍ ശ്രദ്ധിക്കണമായിരുന്നു. ആരാധകര്‍ക്ക് കോലി ജീവനാണ്. ആ സാഹചര്യത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ആരാധകര്‍ നല്കുന്ന സ്നേഹം മികച്ച ബാറ്റിങ്ങിലൂടെ തിരികെ നല്കാന് കോലിയും ബാധ്യസ്ഥനാണെന്നു അക്തര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: