അമ്പലപ്പുഴ: വീടിന് മുന്നില്‍ റോഡു വന്നതിന്റെ സന്തോഷത്തിലാണ് വിശ്വംഭരനും ഭാര്യ ശുഭദനയും. എന്നാല്‍ റോഡിനു വേണ്ടി വീട് പൊളിക്കുമ്പോള്‍ ഇനി എവിടെ താമസിക്കുമെന്ന ആശങ്കയിലാണ് ഈ കുടുംബം. വീട് പൊളിക്കുന്നതിനും പുതിയ വീട് നിര്‍മിക്കുന്നതിനുമായി നഷ്ടപരിഹാരവും ലഭിക്കാതെ വന്നതോടെ ആറംഗ കുടുംബം തെരുവില്‍ ഇറങ്ങേണ്ട സ്ഥിതിയായി.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് വണ്ടാനം മുക്കയില്‍ കിഴക്ക് നൂറു പറച്ചിറയില്‍ വിശ്വംഭരന്റെ (മണിയന്) കുടുംബമാണ് റോഡു വികസനത്തിന്റെ പേരില്‍ പെരുവഴിയിലാകുന്നത്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ ചെലവില്‍ മുക്കയില്‍ മുതല്‍ പൂക്കൈതയാറ്റ് തീരം വരെയാണ് റോഡു നിര്‍മിക്കുന്നത്. മൂന്നടി നടവഴി മാത്രമായിരുന്ന ഈ വഴി 8 മീറ്റര്‍ വീതിയിലാണ് പുനര്‍ നിര്‍മിക്കുന്നത്. മൂന്നാഴ്ച മുമ്പ് നിര്‍മാണം ആരംഭിച്ചതോടെയാണ് ഈ കുടുംബത്തിന്റെ ദുരിതമാരംഭിച്ചത്. റോഡുയര്ത്താനിറക്കിയ ഗ്രാവല്‍ ഇവരുടെ വീട് മൂടിയ സ്ഥിതിയിലായി.
ഈ വീട് പൊളിച്ചാല്‍ മാതമേ റോഡ് എട്ടു മീറ്റര്‍ വീതിയില്‍ നിര്‍മിക്കാന്‍ കഴിയൂ.എന്നാല്‍ വീട് പൊളിക്കുന്നതിനുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. ഏകദേശം 5 സെന്റ് സ്ഥലം റോഡിനായി ഇവര്‍ക്ക് വിട്ടുനല്‍കേണ്ടി വരും. സ്ഥലം നഷ്ടപ്പെടുന്നതിനും പുതിയ വീട് നിര്‍മിക്കുന്നതിനും ഒരു രൂപ പോലും നല്‍കാതെയാണ് ഈ കുടുംബത്തെ ഒഴിപ്പിക്കുന്നത്. നിലവിലെ വീടിന് പുറകില്‍ നിലമുണ്ടെങ്കിലും ഇവിടെ വീട് നിര്‍മിക്കാനുളള അനുമതി കിട്ടുമോ എന്ന ആശങ്കയിലാണ് ഇവര്‍.
അനുമതി കിട്ടിയാല്‍ പോലും വീട് നിര്‍മിക്കാനുള്ള സാമ്പത്തിക ശേഷി ഈ കര്‍ഷക കുടുംബത്തിനില്ല. മകനും മരുമകളും രണ്ട് കൊച്ചുമക്കളുമുള്‍പ്പെടെ ആറ് പേര് റോഡുവികസനത്തിന്റെ പേരില്‍ തെരുവില്‍ പോകേണ്ട അവസ്ഥയായി. നഷ്ടപ്പെടുന്ന സ്ഥലത്തിനും പുതിയ വീട് നിര്‍മാണത്തിനും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: