ന്യൂദല്‍ഹി: മുന്‍കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയ്ക്ക് അരുണാചല്‍പ്രദേശിലെ 17-കാരന് മിറം ടറോണിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തക്ക് ശേഷം ഉറക്കം നഷ്ടപ്പെട്ട മട്ടായിരുന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ മോദി മൗനം പാലിക്കുന്നതിനെയും രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച ഈ 17കാരനെ കിട്ടിയതായി ചൈനീസ് പട്ടാളം തന്നെ ഇന്ത്യന്‍ പ്രതിരോധസേനയെ അറിയിച്ചതുമുതല്‍ രാഹുല്‍ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും മൗനം.
‘റിപ്പബ്ലിക് ദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനക്കാര്‍ ഒരു 17കാരനെ തട്ടിക്കൊണ്ടിരിക്കുകയാണ്. മിറം ടറോണിന്റെ കുടുംബത്തിനൊപ്പമാണ് ഞങ്ങള്‍. ഒരിക്കലും ഈ പ്രശ്നം ഉപേക്ഷിക്കാന്‍ പോകുന്നില്ല. പ്രധാനമന്ത്രിയുടെ ഭീരുത്വം നിറഞ്ഞ മൗനം അദ്ദേഹത്തിന്റെ പ്രസ്താവനയിലുണ്ട്- അദ്ദേഹം ഈ പ്രശ്നത്തെ കാര്യമാക്കുന്നില്ല’- ഇതായിരുന്നു രാഹുലിന്റെ പ്രസ്താവന. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മിറം ടറോണിന്റെ തട്ടിക്കൊണ്ടുപോകല്‍ ഒരു രാഷ്ട്രീയപ്രശ്നമാക്കി വളര്‍ത്തിക്കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിയാണ് ഞായറാഴ്ച പൊളിഞ്ഞത്.
ഞായറാഴ്ച ഇന്ത്യന്‍ പ്രതിരോധസേനയുടെ പിആര്‍ഒ ആയ ഹര്‍ഷ് വര്ധന് പാണ്ഡേയാണ് കുട്ടിയെ ചൈനീസ് പട്ടാളം കൈമാറിയതായി സ്ഥിരീകരിച്ചത്- ‘നേരത്തെ അരുണാചല്‍പ്രദേശിലെ സിഡോ സ്വദേശിയായ 17 കാരനായ മിറാം ടറോമിനെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്കടുത്തുള്ള ഇന്ത്യയുടെ ഭാഗത്ത് നിന്നും പിടിച്ചുകൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടെ ഇന്ത്യന്‍ സേന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) യുമായി ഹോട്ട്ലൈന്‍ വഴി ബന്ധപ്പെട്ടു. പിപ്പീള്‍സ് ലിബറേഷന്‍ ആര്‍മിയോട് കുട്ടിയെ കണ്ടെത്താന്‍ ആവശ്യപ്പെട്ടു, അവര്‍ പ്രൊട്ടോക്കോള്‍ അനുസരിച്ച് കുട്ടിയെ കൈമാറി,’- ഹര്‍ഷ് വര്ധന് പാണ്ഡേ അറിയിച്ചു.
കൗമാരക്കാനായ മിറാം ടറോമിനെ കാണാതായതുമുതല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നയതന്ത്രകരുനീക്കങ്ങള്‍ നടത്തുകയായിരുന്നു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറും പ്രതിരോധസേനയും ചൈനീസ് സേനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ജനവരി 18 മുതലാണ് കാണാതായതെങ്കിലും ജനവരി 23 ആയതോടെ ചൈനീസ് പട്ടാളം മിറാം ടറോമിനെ കണ്ടുകിട്ടിയതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പ്രധാനമന്ത്രി മോദിയുടെ അറിവോടെ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വിജയം കണ്ടു.
ഇന്ത്യക്ക് മേലുള്ള ചൈനയുടെ തുടര്‍ച്ചയായ കയ്യേറ്റങ്ങളേയും കോണ്‍ഗ്രസ് അപലപിച്ചിരുന്നു. മാത്രമല്ല, വസ്തുതകള്‍ മനസ്സിലാക്കാന്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ നിറഞ്ഞ ഒരു സ്രര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ ഇന്തോ-ചൈന അതിര്‍ത്തിയിലേക്ക് പറഞ്ഞയക്കാനും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും പദ്ധതിയിട്ടിരുന്നു. കോണ്‍ഗ്രസ് വക്താവായ രണ്‍ദീപ് സുര്‍ജേവാലയും പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചിരുന്നു. ‘പ്രധാനമന്ത്രി, നമ്മുടെ മേഖലയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ചൈനീസ് സേനയ്ക്ക് എന്തൊരു ധൈര്യമാണ്. എങ്ങിനെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പൗരനെ തട്ടിക്കൊണ്ടുപോകാന്‍ അനുവദിച്ചത്?’- രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. എന്നാല്‍ മിറാം ടറോമിനെ ജീവനോടെ കണ്ടെത്തിയതായി ചൈനീസ് സേനയുടെ പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസിന്റെ ഗൂഢനീക്കങ്ങള്‍ തല്ക്കാലം പൊളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: