ന്യൂദല്‍ഹി: സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളിലൊന്നായ യവത്മലിലെ വന സത്യഗ്രഹത്തിന് സ്മാരകമൊരുങ്ങുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം പ്രമാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മഹാത്മ ഗാന്ധി ആഹ്വാനം ചെയ്ത നിയമ ലംഘന സമരങ്ങളുടെ ഭാഗമായി ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലറാം ഹെഡ്ഗേവാറിന്റെ നേതൃത്വത്തില്‍ വന നിയമം ലംഘിച്ച് 1930ല്‍ നടത്തിയ ഐതിഹാസിക സമരമാണ് വന സത്യഗ്രഹം.
ആര്‍എസ്എസ് സര്‍സംഘചാലകായിരിക്കേ ആ സ്ഥാനം സഹപ്രവര്‍ത്തകനായ ഡോ. എല്‍.വി. പരാഞ്ജ്പെയെ ഏല്‍പ്പിച്ചാണ് ഡോക്ടര്‍ജി ആയിരത്തിലേറെ വരുന്ന പ്രവര്‍ത്തകരെയും കൂട്ടി ജൂലൈ 14ന് വന സത്യഗ്രഹം നയിച്ചത്. സത്യഗ്രഹം നടന്ന യവത്മലിലെ പുസദിലാണ് സത്യഗ്രഹ മ്യൂസിയം സ്ഥാപിക്കുന്നത്.
വന നിയമം ലംഘിച്ചതിന് അറസ്റ്റിലായ ഡോക്ടര്‍ജിയെ ഒമ്പത് മാസത്തെ കഠിന തടവിന് ശിക്ഷിച്ചു. ഡോക്ടര്‍ജി ഉള്‍പ്പെടെ 125 പ്രവര്‍ത്തകരെ അകോല ജയിലിലാണ് അടച്ചത്.
എംപി രാകേശ് സിന്‍ഹയാണ് 2021 ഫെബ്രുവരിയില്‍ പുസദില്‍ സത്യഗ്രഹ സ്മാരകം വേണമെന്ന ആവശ്യം രാജ്യസഭയിലുയര്‍ത്തിയത്. ഇത് കേന്ദ്ര സാംസ്കാരിക മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തിലെ മറയ്ക്കപ്പെട്ട സംഭവങ്ങളും സമരങ്ങളും പൊതുസമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുസദ് സത്യഗ്രഹ സ്മാരകമൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: