അനില്‍ പത്മനാഭന്
ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പത്താം കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിക്കും. കൊവിഡ് ഭീഷണി ഒഴിയാത്ത സാഹചര്യത്തില്‍, കേന്ദ്ര ബജറ്റ് ‘ജീവിതവും ഉപജീവന മാര്‍ഗ്ഗങ്ങളും’ എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സൂചനകളാണുള്ളത്. അതേസമയം, സുസ്ഥിര വളര്‍ച്ച ഉറപ്പുവരുത്തുന്നതിനായി സംരംഭകത്വ മനോഭാവത്തെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്.
വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ക്കും സ്വകാര്യ ഇക്വിറ്റി നിക്ഷേപകര്‍ക്കും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആദ്യ വട്ടമേശ സമ്മേളനത്തില്‍ ഇതിന്റെ സൂചന പ്രകടമായിരുന്നു. ബിസിനസ് സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പുത്തന്‍ ആശയങ്ങളെ കുറിച്ച് മോദി ആഗോള മൂലധനത്തെ ചലിപ്പിക്കുന്നവരോടു ചോദിച്ചപ്പോള്‍ തന്നെ ചില ആസൂത്രണങ്ങള്‍ ഉണ്ടെന്നു വ്യക്തമാണ്.
ചിലപ്പോള്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ കാര്യങ്ങള്‍ തകിടം മറിച്ചിട്ടുണ്ടാകാം. എന്നിരുന്നാലും ഓരോ ബജറ്റും ഭരണത്തിനും വികസനത്തിനുമായി ഒരു പുതിയ വാസ്തുവിദ്യ വികസിപ്പിക്കുന്നതിനുള്ള നിര്‍മാണ ഘടകങ്ങള്‍ ക്രമാനുഗതമായി സൃഷ്ടിച്ചുകൊണ്ടുള്ളതായിരിക്കും. ആഗോള സാമ്പത്തിക തകര്‍ച്ചകളാലോ കൊവിഡ് മഹാവ്യാധിയാലോ ഉണ്ടായ ആഘാതങ്ങളെ ലഘൂകരിക്കാനുള്ള നാശനഷ്ട നിയന്ത്രണ നടപടികളുടെ ഭാഗമാണിതെല്ലാം.
എന്‍ഡിഎ ഭരണകാലത്തെ പ്രാരംഭ ബജറ്റുകളില്‍ അഴിമതി വിരുദ്ധ, ദാരിദ്ര്യ നിര്‍മാര്‍ജ്ജന നടപടികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2016 ല്‍ നടന്ന ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളുടെ നോട്ട് നിരോധനവും പാന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതും ഉള്‍പ്പെടെ നിയമവിരുദ്ധ സമ്പത്ത് അടിച്ചമര്‍ത്തലും പൊതു ചരക്കുകളുടെയും സേവനങ്ങളുടെയും ലക്ഷ്യാധിഷ്ഠിത വിതരണം ആരംഭിക്കുന്നതും കടുത്ത നടപടികളില്‍പ്പെടുന്നു. ജാം (ജന്‍ധന്‍, ആധാര്‍, മൊബൈല്‍) എന്ന പേരിലുള്ള ഡിജിറ്റല്‍ ചട്ടക്കൂട് ഉപയോഗിച്ചാണ് രണ്ടാമത്തേത് യാഥാര്‍ത്ഥ്യമാക്കിയത്.
ഇതാകട്ടെ ഇരട്ടി നേട്ടമുണ്ടാക്കി. ഒന്ന്, ‘ജാ’മിലെ മൂന്നും ഓരോ ഗുണഭോക്താവിനും ഒരു സാമ്പത്തിക ജിപിഎസ് പ്രാപ്തമാക്കി. ഇത് സബ്സിഡിയുള്ള പാചക വാതകത്തിന്റെ ലക്ഷ്യാധിഷ്ഠിത വിതരണം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതന കൈമാറ്റം ഉള്‍പ്പടെയുള്ള പണമിടപാടുകള്‍, കര്‍ഷകര്‍ക്ക് വരുമാന പിന്തുണ, കൊവിഡ് ആശ്വാസം എന്നിവ ഉറപ്പാക്കുന്നു. ഇത്തരത്തില്‍ നേരിട്ടുള്ള പണം കൈമാറ്റത്താല്‍ 2020 മാര്‍ച്ച് അവസാനത്തോടെ 1.7 ട്രില്യണ്‍ രൂപ ലാഭിക്കാനും സാധിച്ചു.
ഈ കലണ്ടര്‍ വര്‍ഷത്തില്‍ യുപിഐ വഴി ഒരു ട്രില്യണ്‍ ഡോളറിന്റെ പണമിടപാടുകളാണ് നടന്നത്. യുപിഐ, ഫിന്‍ടെക് വിപ്ലവത്തിന് കരുത്ത് പകരുക മാത്രമല്ല ചെയ്തത്. പണയവസ്തുക്കളില്ലാതെ വായ്പ ലഭിക്കാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനായി അവയുടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള അക്കൗണ്ട് അഗ്രിഗേറ്റര്‍ ചട്ടക്കൂടു പോലുള്ള നൂതന ആശയങ്ങള്‍ക്കും വഴിവച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്തുന്നതിനും ഈ പുതിയ ഡിജിറ്റല്‍ സംവിധാനം അവസരമൊരുക്കി. ഇന്ത്യന്‍ ബഹുഭൂരിപക്ഷത്തിനും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടെന്നതും ഈ നേട്ടത്തിന് സഹായകമായി.
രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഏകോപിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പുകളില്‍ ഒന്നായിരുന്നു ചരക്ക് സേവന നികുതി. സങ്കീര്‍ണ്ണമായ പരോക്ഷ നികുതി നിരക്കുകളില്‍ നിന്ന് ഒരു രാജ്യം ഒറ്റ നികുതി എന്ന സംവിധാനത്തിലേക്ക് വളരെ പെട്ടന്നായിരുന്നു മാറ്റം. സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും അവരുടെ പരമാധികാരം ചേര്‍ത്തുവച്ചുകൊണ്ട് സഹകരണ ഫെഡറലിസം എന്ന പുതിയ ഫെഡറല്‍ നയത്തിനാണ് വിത്തുപാകിയത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉടച്ചുവാര്‍ക്കുമെന്ന വ്യക്തമായ സൂചനകള്‍ നല്‍കുന്നതായിരുന്നു മുന്‍ വര്‍ഷങ്ങളിലെ കേന്ദ്ര ബജറ്റുകള്‍. സ്വകാര്യ സംരംഭങ്ങള്‍ക്ക് മാത്രമല്ല, അതിവേഗം വളരുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ഇതില്‍ തുല്യ പങ്കുണ്ട്.
ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് പുറമെ, മഹാമാരിക്ക് ശേഷമുള്ള ആദ്യ ബജറ്റില്‍ മുമ്പെങ്ങും ഇല്ലാത്ത വിധം ശക്തമായ തീരുമാനമായിരുന്നു എടുത്തത്. സമ്പദ് വ്യവസ്ഥയുടെ കേന്ദ്ര ബിന്ദു പൊതുമേഖലാ സ്ഥാപനങ്ങള്‍ അല്ലെന്ന പ്രഖ്യാപനമായിരുന്നു അത്. അടിസ്ഥാന സൗകര്യമേഖലയിലെ പുതിയ നിക്ഷേപങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനി പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ പണമാക്കി മാറ്റുമെന്നും പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത സുസ്ഥിര വേഗതയില്‍ വളരാനുള്ള സമ്പദ് വ്യവസ്ഥയുടെ കഴിവിനെ പരിമിതപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: