പാലക്കാട്: മറ്റുള്ളവര്‍ക്ക് കേവലം പാഴ്വസ്തുവായിട്ടുള്ള ചിരട്ടകളെ ജീവനുതുല്യം സ്നേഹിക്കുകയാണ് ബദറുദ്ദീന്‍ എന്ന ഓട്ടോക്കാരന്. ചിരട്ടകളിലൂടെ നഷ്ടപ്പെട്ടുപോയ തന്റെ കലാജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണിദ്ദേഹമിപ്പോള്. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന ചിരട്ടകളെ കലാമൂല്യമുള്ള വസ്തുക്കളായി മാറ്റം വരുത്തുകയാണ് ഈ കലാകാരന്. ഓട്ടോ ട്രിപ്പിനിടയില്‍ കിട്ടുന്ന ഒഴിവുസമയങ്ങളിലും രാത്രികളുമാണ് കലാരചനക്കായി ചിലവഴിക്കുന്നത്.
മൂന്നുവര്‍ഷം മുന്‍പ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനുവേണ്ടി ഈ കലാകാരന് ആറ് അടി ഉയരത്തില്‍ ചിരട്ട മാത്രമുപയോഗിച്ച് ഒരു നര്‍ത്തകീശില്‍പ്പം ഏറെക്കുറെ പൂര്‍ത്തിയാക്കിയതായിരുന്നു. എന്നാല്‍ പ്രളയക്കെടുതിയില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്താല്‍ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞതോടെ ബദറുദ്ദീന്‍ കുറേക്കാലത്തേക്ക് കലാജീവിതത്തില്‍ നിന്നുതന്നെ വിട്ടുനിന്നു. എങ്കിലും അധികനാളത് തുടര്‍ന്നില്ല.
ചിരട്ടകള്‍ മാത്രമല്ല കരിങ്കല്ലു പോലും ചെത്തിമിനുക്കി ജീവന് തുടിക്കുന്ന കലാമൂല്യമുള്ള ശില്‍പ്പങ്ങളാക്കി മാറ്റുന്ന തിരക്കിലാണിദ്ദേഹമിപ്പോള്‍. മാസങ്ങള്‍ നീളുന്ന പരിശ്രമത്തിലാണ് വ്യത്യസ്തങ്ങളായ സൃഷ്ടികള്‍ ബദറുദ്ദീന്‍ ഉണ്ടാക്കുന്നത്. ശില്പങ്ങളില് ഇനാമല്‍ പെയിന്റിങും വാര്‍ണിഷും നല്കി കൂടുതല്‍ മികവുറ്റതാക്കാനും ഈ കലാകാരന് മറക്കാറില്ല. ട്യൂബ് പേന, ഫ്ളൂട്ട്, വയലിന്, ഇയര്‍ഫോണ്‍, ഫ്ളവര്‍ വേസ് ഇങ്ങനെ നീണ്ടുപോകുന്നു ഇദ്ദേഹത്തിന്റെ കലാസൃഷ്ടികളുടെ പട്ടിക.
യഥാര്‍ത്ഥ സംഗീതോപകരണങ്ങളെക്കാള്‍ ആകര്‍ഷകവും ശ്രവ്യസുന്ദരവുമാണ് ഇവയെന്നതും എടുത്തു പറയേണ്ടുന്ന സവിശേഷതയാണ്. നിര്‍മ്മാണത്തിനുവേണ്ട ചിരട്ടകള്‍ വീടുകളില്‍ നിന്നാണ് ശേഖരിക്കുന്നത്. ഇത്തരം കലാമേഖലയിലുള്ളവര്ക്ക് അര്‍ഹിക്കുന്ന അംഗീകാരമോ പ്രോത്സാഹനമോ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നില്ലെന്നു ബദറുദ്ദീന്‍ പറയുന്നു. ഓട്ടോയാണ് ഏക ജീവിതമാര്‍ഗം. പാലക്കാട് പുതുക്കോട് പഞ്ചായത്തിലെ മടപ്പാടത്തു താമസിക്കുന്ന മുത്തു റാവുത്തര്‍, കദീജ ദമ്പതികളുടെ ഇളയ മകനാണ് ബദറുദ്ദീന്‍. ഭാര്യ ഷാമില. മക്കള്‍ ബാദുഷ, ബാസിത്. ഇരുവരും വിദ്യാര്‍ത്ഥികളാണ്. കുടുംബത്തിന്റെ പിന്തുണയും കഠിനാധ്വാനവുമാണ് ഈ കലാകാരന്റെ ഓരോ കലാസൃഷ്ടിയുടെയും വിജയരഹസ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: