കൊച്ചി : നടിക്കു നേരെ ആക്രമണം ഉണ്ടായ സംഭവം അസാധാരണമായ കേസ്. ലൈംഗിക പീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ തന്നെ ആദ്യം. കേസിലെ പ്രതികള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനമുള്ളവരാണ്. ഇവര്‍ക്ക് മുന്‍കൂര്‍ജാമ്യം നല്‍കുന്നത് കേസ് അന്വഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ആറ് പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന് ഇക്കാര്യം അറിയിച്ചത്.
ദിലീപ്, സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, കേസിലെ വിഐപി എന്ന് പരാമര്‍ശിക്കുന്ന ശരത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപാണ് കേസിലെ മുഖ്യ സൂത്രധാരന്‍. സത്യം പുറത്തുവരാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെടുന്നുണ്ട്.
ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. കേസിലിത് വരെ 20 സാക്ഷികളാണ് കൂറുമാറിയത്. ദിലീപാണ് ഇവരെ സ്വാധീനിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായത് മുതല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതിമാറാനുള്ള സകല നീക്കങ്ങളും നടത്തുകയാണെന്നും പ്രോസിക്യൂഷന് ആരോപിക്കുന്നു. ഗൂഢാലോചനക്കേസ് ഗുരുതരസ്വഭാവമുള്ളതാണ്. കേസില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫൊറന്‍സിക് പരിശോധന നടത്തണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
അതിനിടെ കോടതിയില്‍ സമര്‍പ്പിച്ച കേസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പ്രോസിക്യൂഷന് തള്ളി. കേസിലെ പ്രതിക്ക് റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും അത് നല്‍കാനാകില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. മാത്രമല്ല കോടതിയില്‍ സമര്‍പ്പിച്ചത് അന്വേഷണപുരോഗതി റിപ്പോര്‍ട്ട് മാത്രമാണെന്നും പ്രോസിക്യൂഷന് അറിയിച്ചു.
ഇത് കൂടാതെ കൃത്രിമം കാണിക്കാനുള്ള സാഹചര്യമില്ലെന്നും ദൃശ്യങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളെല്ലാം സുരക്ഷിതമാണെന്നും പ്രോസിക്യൂഷന് പറഞ്ഞു. ദിലീപിന്റെ രണ്ട് ആവശ്യങ്ങളും ഉന്നയിച്ചുള്ള ഹര്‍ജികള്‍ ഇനി ജനുവരി 25-ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ നാല് സാക്ഷികളെ ജനുവരി 22-ന് പുതുതായി വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: