അഖിലേന്ത്യാ മെഡിക്കല്‍ പോസ്റ്റ് ഗ്രാഡുവേറ്റ് (എംഡി/എംഎസ്/പിജി ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള 2022- 23 വര്‍ഷത്തെ നാഷണല്‍ എലിജിബിലിറ്റി- കം- എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്- പിജി 2022) വിജ്ഞാപനമായി. പരീക്ഷ മാര്‍ച്ച് 12 ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് (എന്‍ബിഇ) ഇന്‍ മെഡിക്കല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ നടത്തും.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് പരീക്ഷാകേന്ദ്രങ്ങളാണ്. രാവിലെ 9 മുതല്‍ ഉച്ചക്ക് 12.30 മണിവരെയാണ് പരീക്ഷ. 7 മണി മുതല്‍ 8.30 വരെയാണ് പ്രവേശനം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ വൈദ്യശാസ്ത്ര/അനുബന്ധ വിഷയങ്ങളിലായി മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 200 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. പരീക്ഷാ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://nbe.edu.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പരീക്ഷാ ഫീസ്: ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 4250 രൂപ. എസ്സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗങ്ങള്‍ക്ക് 3250 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖാന്തിരം ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ഫെബ്രുവരി 4 വരെ അപേക്ഷകള്‍ സ്വീകരിക്കും.
അംഗീകൃത എംബിബിഎസ് ബിരുദവും ഇന്ത്യന്‍/ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്ക്കാണ് അപേക്ഷിക്കാവുന്നത്. 2022 മേയ് 31 നകം ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം.
ദേശീയതലത്തില്‍ 256 പരീക്ഷാകേന്ദ്രങ്ങളുണ്ട്. മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളും ഉള്‍പ്പെട്ട ലിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ആദ്യമാദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങള്‍ ലഭിക്കാന്‍ സാധ്യത. വിശദമായ പരീക്ഷാ സിലബസും ബുള്ളറ്റിനില്‍ ലഭ്യമാണ്. അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍നിന്നും മാര്‍ച്ച് 7 മുതല്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
മാര്‍ച്ച് 31 ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും. നീറ്റ് പിജിയില്‍ യോഗ്യത നേടുന്നതിന് ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗത്തിന് 50, എസ്സി/എസ്ടി/ഒബിസി-40, ജനറല്‍ പിഡബ്ല്യുഡി-45 പെര്‍സെന്റൈലില്‍ കുറയാതെ ലഭിക്കണം.
മൂന്ന് താരം റാങ്കുലിസ്റ്റുകളുണ്ടാവും. (1) നീറ്റ്-പിജി 2022 റാങ്ക് (2) ഓള് ഇന്ത്യ 50% ക്വാട്ട റാങ്ക് (3) ഓള് ഇന്ത്യാ 50% ക്വാട്ട കാറ്റഗറി റാങ്ക് എന്നിങ്ങനെയാണത്.
ന്യൂദല്‍ഹി ഉള്‍പ്പെടെയുള്ള എയിംസുകള്‍, പിജിമെര്‍ ചണ്ഡിഗഢ്, ജിപ്മെര്‍ പുതുച്ചേരി, നിംഹാന്‍സ് ബെംഗളൂരു, ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി തിരുവനന്തപുരം എന്നിവിടങ്ങളിലെ മെഡിക്കല്‍ പിജി പ്രവേശനം നീറ്റ്-പിജി 2022 ന്റെ പരിധിയില്‍പ്പെടില്ല.
നീറ്റ്-പിജി 2022 റാങ്ക് അടിസ്ഥാനത്തില്‍ മെഡിക്കല്‍ പിജി കോഴ്സുകളില്‍ 50 ശതമാനം ഓള് ഇന്ത്യ ക്വാട്ട, സ്റ്റേറ്റ് ക്വാട്ട, ഇന്ത്യയിലെ വാഴ്സിറ്റികള്‍/കല്പിത സര്‍വ്വകലാശാലകള്‍/സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍, സായുധസേനാ മെഡിക്കല്‍ സര്‍വ്വീസസ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങൡലെ സീറ്റുകളിലേക്കാണ് പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: