കൊവിഡ് വാക്സിനേഷന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഭിമാനകരമായ നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. ലോകത്തെ ഏറ്റവും വലിയ ഈ രോഗപ്രതിരോധ യജ്ഞത്തില്‍, ജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായവരുടെ തൊണ്ണൂറ്റിരണ്ട് ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനായത് വലിയൊരു നേട്ടമാണ്. അറുപത്തിയെട്ട് ശതമാനം പേര്‍ക്ക് പൂര്‍ണമായും, ലക്ഷക്കണക്കിനാളുകള്‍ക്ക് മുന്‍കരുതല്‍ ഡോസുകളും നല്‍കിയതിനു പുറമെ കൗമാരക്കാര്‍ക്കുള്ള കുത്തിവയ്പ്പിനും തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനെക്കാള്‍ കുറഞ്ഞ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന് മാര്‍ച്ചില്‍ തുടക്കമിടും. കൊവിഡിന്റെ രണ്ടാം തരംഗം ഏറെക്കുറെ അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ രൂപത്തില്‍ മൂന്നാം തരംഗം പ്രത്യക്ഷപ്പെട്ടത്. തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വളരെയധികം പേരെ ബാധിക്കുന്നുണ്ടെങ്കിലും അതിന്റെയും നിരക്ക് കുറഞ്ഞുവരുന്നതില്‍ ആശ്വസിക്കാം. ഇരുപത്തിയൊന്‍പത് സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യമുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയാണ്. കൊവിഡ് വാക്സിനേഷന് വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ പ്രധാനമന്ത്രി മോദി വഹിച്ച നേതൃപരമായ പങ്ക് വളരെ വലുതാണ്. മോദിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും ഭരണാധികാരിയായിരുന്നെങ്കില്‍ ഇത്തരമൊരു ചരിത്ര നേട്ടം കൈവരിക്കാനാവുമെന്ന് കരുതാനാവില്ല. അത്രയേറെ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ വാക്സിനുകള്‍ നിര്‍മിക്കാനും, സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കിയും കുപ്രചാരണങ്ങളെ അതിജീവിച്ചുമാണ് അസാധ്യമായത് സാധ്യമാക്കിയത്.
ഒമിക്രോണ്‍ വകഭേദത്തിന് തീവ്രവ്യാപനശേഷിയുണ്ടെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ച് അത്ര അപകടകാരിയല്ലെന്നാണ് ഇപ്പോഴും വിലയിരുത്തപ്പെടുന്നത്. ഒമിക്രോണിനെതിരായ പുതിയൊരു വാക്സിന് അടുത്ത കുറച്ചു മാസങ്ങള്‍ക്കകം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനെയിലെ ജെനോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സിന് ഈ വാക്സിന് പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു. ഇത് ലഭ്യമാകുന്നതോടെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ കരുതുന്നത്. രോഗപ്രതിരോധത്തിന് ഇത് വലിയ കുതിപ്പാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. പക്ഷേ ഈ സാഹചര്യം എന്തെങ്കിലും തരത്തിലുള്ള അലസതയ്ക്ക് ഇടയാക്കിക്കൂടാ. പരിശോധനയുടെയും വാക്സിന് നിര്‍മാണത്തിന്റെയും മരുന്നുല്‍പ്പാദനത്തിന്റെയും കാര്യത്തില്‍ നിരന്തരമായ ഗവേഷണങ്ങള്‍ നടത്തണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ജില്ലാ തലത്തില്‍ മതിയായ ആരോഗ്യ സംവിധാനമൊരുക്കി വാക്സിനേഷന്റെ വേഗത വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിക്കുകയുണ്ടായി. ടെലി-മെഡിസിന് പ്ലാറ്റ്ഫോമിലൂടെ ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലുമുള്ളവര്‍ക്ക് വൈദ്യസേവനം എത്തിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രതയ്ക്ക് തെളിവാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും മുന്‍കരുതല്‍ ഡോസ് നല്‍കേണ്ട ആവശ്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറയുകയുണ്ടായി. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇതെല്ലാം പറഞ്ഞത്.
കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ തികഞ്ഞ ജാഗ്രതയോടെ പെരുമാറുന്ന കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കുന്ന സമീപനമല്ല ചില സംസ്ഥാന സര്‍ക്കാരുകളുടേത്. ഒരിക്കല്‍ കൊവിഡ് വന്ന് ഭേദമായവര്‍ക്കും വാക്സിന് സ്വീകരിച്ചവര്‍ക്കുമൊക്കെ രോഗം വരുന്നുണ്ട്. മാസ്ക് ധരിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ആവശ്യകത ഒട്ടും കുറഞ്ഞിട്ടില്ല എന്നാണ് ഇതിനര്‍ത്ഥം. പക്ഷേ ജനങ്ങളെ ബോധവത്കരിക്കുന്നതിലും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും വലിയ വീഴ്ചകളാണ് ചില സംസ്ഥാനങ്ങള്‍ വരുത്തുന്നത്. കേരളം ഇതിനുദാഹരണമാണ്. ടിപിആര്‍ നിരക്ക് വളരെ മുകളിലെത്തിയിരിക്കുന്ന കേരളത്തില്‍, ഒമിക്രോണ്‍ വകഭേദത്തിന്റെ സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടുണ്ടെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. വിദേശയാത്ര നടത്തുകയോ, വിദേശത്തുനിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാത്ത വളരെയധികം പേര്‍ക്ക് കോഴിക്കോട്ട് ഒറ്റയടിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതാണ് ഈ സംശയത്തിന് കാരണം. സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിവച്ചു നോക്കുമ്പോള്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്ന് ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ ബോധപൂര്‍വം വീഴ്ചവരുത്തുകയാണ്. ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നടത്താന്‍ അനുവദിക്കുകയാണ്. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം കഴിയുന്നതുവരെ തിരുവനന്തപുരത്തെ വിപ്ലവ തിരുവാതിരപോലെ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന ആഘോഷങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നു. സാമൂഹിക അകലം പാലിക്കാതെ നടത്തുന്ന സ്വന്തം പരിപാടികള്‍ക്കു നേരെ കണ്ണടയ്ക്കുകയും മറ്റുള്ളവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണം. അടുത്ത രണ്ടാഴ്ചക്കാലത്തേക്ക് പൊതുപരിപാടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന ബിജെപിയുടെ തീരുമാനം മറ്റു പാര്‍ട്ടികള്‍ മാതൃകയാക്കണം. ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മിന് ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവാദിത്തമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: