പോത്തന്‍കോട്: ഗുണ്ടാ ആക്രമണങ്ങള്‍ പതിവായ പോത്തന്‍കോട് ടൗണില്‍ സുരക്ഷയൊരുക്കുന്നതില്‍ അധികൃതര്‍ക്ക് നിസ്സംഗത. ടൗണില്‍ സ്ഥാപിച്ച നിരീക്ഷണക്യാമറകളുടെ പ്രവര്‍ത്തനം നിലച്ചതും ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചതുമാണ് പോത്തന്‍കോടിനെ കൂടുതല്‍ ഭീകരമാക്കുന്നത്.
രാത്രികാലങ്ങളില്‍ പോത്തന്‍കോടും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഇപ്പോഴും ഗുണ്ടാസംഘങ്ങള്‍ വിലസുന്നു. ജംഗ്ഷന് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വില്‍പ്പനയും വ്യാപകമാണ്. ഇവയൊക്കെ നിരീക്ഷിക്കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പോത്തന്‍കോട് ജംഗ്ഷനിലും സമീപത്തും സ്ഥാപിച്ചതാണ് സിസിടിവി ക്യാമറകള്‍. ഇവ പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങളായി. പോത്തന്‍കോട് ജംഗ്ഷനില്‍ ഉണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റില്‍ നിന്നുള്ള വെളിച്ചം നിലച്ച് ഇരുട്ടിലായതും ഗുണ്ടാസംഘങ്ങള്‍ക്കും ലഹരി മാഫിയയ്ക്കും കൂടുതല്‍ സൗകര്യമായി. പോത്തന്‍കോട് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളുടെ ക്യാമറകളും വെളിച്ചവുമാണ് പോത്തന്‍കോട് ജംഗ്ഷന് ആകെയുള്ള ആശ്രയം. രാത്രി ഒമ്പതരയോടെ സ്ഥാപനങ്ങള്‍ അടച്ചാല്‍ പോത്തന്‍കോട് ടൗണ്‍ പൂര്‍ണമായും ഇരുട്ടിലാകും.
ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ക്യാമറകള്‍ നിശ്ചലമായത് അറ്റകുറ്റപ്പണി നടത്താത്തതിനാല്‍
പ്രദേശത്തെ സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനുമായി പോത്തന്‍കോട് ജംഗ്ഷനില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ നോക്കുകുത്തികളാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രദേശത്തെ വ്യാപാരി വ്യവസായികളില്‍ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങള്‍ ചെലവഴിച്ച് പോത്തന്‍കോട് സ്റ്റേഷന് പരിധിയിലെ പ്രധാന ജംഗ്ഷനിലും സമീപത്തുമാണ് ക്യാമറകള്‍ സ്ഥാപിച്ചത്. പ്രവര്‍ത്തനം നിലച്ച് വര്‍ഷങ്ങളായിട്ടും ഇവ നന്നാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏഴുലക്ഷം രൂപ ചെലവില്‍ ഒമ്പതോളം ക്യാമറകളാണ് ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും സ്ഥാപിച്ചിരുന്നത്.
സംഘര്‍ഷം, ആഡംബര ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടം, തുടര്‍ച്ചയായുള്ള അപകടങ്ങള്‍, ഗുണ്ടാവിളയാട്ടം, ലഹരിമരുന്നുകളുടെ കച്ചവടം എന്നിവ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമറാനിരീക്ഷണം ഏര്‍പ്പെടുത്തിയത്. ജംഗ്ഷനിലെ ബസ് സ്റ്റാന്‍ഡ് പരിസരം, മേലെമുക്ക്, വണ്‍വെറോഡ് തിരിയുന്നയിടം എന്നിവിടങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്നാണ് ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. യഥാസമയം അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ ക്യാമറകള്‍ മിഴിയടയ്ക്കാന്‍ തുടങ്ങി. പ്രദേശത്ത് കെഎസ്ടിപി റോഡ് പണി തുടങ്ങിയതോടെ കേബിളുകള്‍ തകരാറിലായി. ഇതാണ് ക്യാമറകള്‍ നിശ്ചലമാകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.
പോത്തന്‍കോട് മുന്‍ സിഐ ഷാജിയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറ സ്ഥാപിച്ചപ്പോള്‍ ഇവിടെ സംഘര്‍ഷങ്ങളും മോഷണങ്ങളും കുറവായിരുന്നു. ക്യാമറകള്‍ തകരാറിലായതോടെ പോലീസ് ഉദ്യോഗസ്ഥരും മൗനത്തിലായി. പഞ്ചായത്തധികൃതരോ ആഭ്യന്തരവകുപ്പോ ഇടപെട്ട് ക്യാമറകള്‍ പുനഃപ്രവര്ത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത് കേബിളുകളുടെ തകരാറു കാരണമാണെന്നും പുനഃപ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പോത്തന്‍കോട് എസ്ഐ വിനോദ് വിക്രമാദിത്യന് പറഞ്ഞു.
മിഴിയടച്ച് ഹൈമാസ്റ്റ് ലൈറ്റുകളും തെരുവുവിളക്കുകളും
പോത്തന്‍കോട് ജംഗ്ഷനിലെ തെരുവുവിളക്കുകള്‍ കത്താതായിട്ട് നാളേറെയായി. ജംഗ്ഷനിലും രാഹുല്‍ ഏജന്‍സിയുടെ സമീപത്തും സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റും പ്രവര്‍ത്തനരഹിതമാണ്. കൂടാതെ ജംഗ്ഷനിലെ മറ്റ് തെരുവുവിളക്കുകളും കത്താതായി. രാത്രി പത്തുമണി യോടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു കഴിഞ്ഞാല്‍ ജംഗ്ഷന് ഇരുട്ടിലാകും.
ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ കണ്ണടച്ചിട്ട് വര്‍ഷങ്ങളായി. പോത്തന്‍കോട് ബസ് സ്റ്റാന്‍ഡിന് സമീത്തെ ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രകാശം നിലച്ചതോടെ ബസ് സ്റ്റാന്‍ഡും പരിസരവും ഇരുട്ടിലാണ്. രാത്രികാലത്തും പുലര്‍ച്ചെയും സ്ത്രീകളടക്കം നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്യുന്നതും ഇവിടെ ബസ് കാത്തുനില്ക്കുന്നതും. ലൈറ്റ് നിലച്ചതോടെ യാത്രക്കാരും ദുരിതത്തിലായി. ഇരുട്ടിന്റെ മറവില്‍ ജംഗ്ഷന് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടവും വ്യാപകമാണ്. നിരവധിതവണ നാട്ടുകാര്‍ പഞ്ചായത്തധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ടൗണിലെ അടിസ്ഥാന ആവശ്യങ്ങളില്‍ പോലും പഞ്ചായത്തധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചാല്‍ ടൗണ്‍ പൂര്‍ണമായും ഇരുട്ടിലാകും. ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നതിന് പഞ്ചായത്ത് അടിയന്ത നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര് അനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: