തിരുവനന്തപുരം: ഉണ്ണി മുകുന്ദന് നായകനായ മേപ്പടിയാന് സിനിമയ്ക്കെതിരെ നടക്കുന്ന സോഷ്യല് മീഡിയ പ്രചാരണങ്ങള്ക്ക് മറുപടി നല്കി സംവിധായകന് വിഷ്ണു മോഹന്. സിനിമയില് സേവാഭാരതിയുടെ ആംബുലന്സ് ഉപയോഗിച്ചതിനെതിരെയാണ് ആളുകള് പ്രചാരണം നടത്തുന്നത്. എന്നാല് കൊറോണ കാലത്ത് ആംബുലന്സ് ലഭിക്കാന് ബുദ്ധിമുട്ടുണ്ടായപ്പോള് സേവാഭാരതിയാണ് അന്ന് സൗജന്യമായി ആംബുലന്സ് നല്കിയത് എന്ന് സംവിധായകന് പറഞ്ഞു.
സേവാഭാരതി ഇന്ത്യയിലെ ഏറ്റവും വലിയ അറിയപ്പെടുന്ന എന്ജിഒ ആണ്. അത് ബ്ലാക്ക് ലിസ്റ്റിലുള്ള സംഘടനയല്ലെന്നും ഉപയോഗിക്കുന്നതില് തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില് ഒഴിച്ചുകൂടാനാവാത്ത സംഘടനയാണ് സേവാഭാരതി. പോലീസും ഫയര്ഫോഴ്സും കഴിഞ്ഞാല് എന്തിനും അവര് മുന്നിലെത്താറുണ്ടെന്നും അവരെ ഒഴിച്ചുനിര്ത്തി എങ്ങനെ സിനിമ ചെയ്യാന് സാധിക്കുമെന്നും വിഷ്ണു മോഹന് ചോദിച്ചു.
കൊറോണ ആയത് കാരണം ആംബുലന്സ് ലഭിക്കാന് വളരെയധികം ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് സേവാഭാരതിയാണ് സൗജന്യമായി ആംബുലന്സ് നല്കിയത്. അത് കാരണമാണ് സേവാഭാരതിയുടെ ആംബുലന്സ് തന്നെ ഉപയോഗിച്ചതെന്നും അതില് താന് സ്റ്റിക്കര് ഒട്ടിച്ചതല്ലെന്നും വിഷ്ണു മോഹന് വ്യക്തമാക്കി. അതുകൊണ്ട് തന്നെയാണ് സേവാഭാരതിക്ക് നന്ദിയറിയിച്ചത് എന്നും വിഷ്ണു വ്യക്തമാക്കി. ഒരു ആംബുലന്സ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകള് ഇങ്ങനെ പറയാന് നിന്നാല് ഇവിടെ സിനിമ ചെയ്യാന് പറ്റില്ലെന്നും വിഷ്ണു പറഞ്ഞു.
സിനിമയിലെ നായകന് ഹിന്ദു മതാചാരങ്ങള് നിര്വ്വഹിക്കുന്നതിനെതിരെ പ്രതിഷേധങ്ങള് ഉയരുന്നുണ്ട്. എന്നാല് വിളക്കും ചന്ദനത്തിരിയും കത്തിക്കുന്നതും ശബരിമലയ്ക്ക് പോകുന്നതും തെറ്റാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും വിഷ്ണു വ്യക്തമാക്കുന്നു. ഇങ്ങനെ ചിന്തിച്ചാല് പണ്ട് പുറത്തിറങ്ങിയ സിനിമകള്ക്കെതിരെ എന്തൊക്കെ പ്രതിഷേധങ്ങള് നടക്കണം. തന്റെ ചിത്രത്തിലൂടെ എല്ലാ ദൈവങ്ങളിലുമുള്ള വിശ്വാസത്തെയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇനിയും ഇത്തരത്തിലുള്ള സിനിമകള് ചെയ്യുമെന്നും വിഷ്ണു മോഹന് വ്യക്തമാക്കി.
നീണ്ട ഇടവേളയ്ക്ക് ശേഷം തീയേറ്ററില് എത്തുന്ന ഉണ്ണി മുകുന്ദന് ചിത്രമാണ് മേപ്പടിയാന്. ഉണ്ണി മുകുന്ദന്റെ നിര്മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന് ഫിലിംസ് (യുഎംഎഫ്) ആണ് മേപ്പടിയാന് നിര്മ്മിച്ചിരിക്കുന്നത്. അഞ്ജു കുര്യന് ആണ് നായിക. ഇന്ദ്രന്സ്, സൈജു കുറുപ്പ്, അജു വര്ഗീസ്, വിജയ് ബാബു, കലാഭവന് ഷാജോണ്, മേജര് രവി, ശങ്കര് രാമകൃഷ്ണന്, ശ്രീജിത്ത് രവി, തുടങ്ങിയവരും ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാധരണക്കാരന്റെ ജീവിതത്തില് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങള് ആണ് മേപ്പടിയാനിലൂടെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: