മാനന്തവാടി: മാനന്തവാടിയില്‍ മുന്നറിയിപ്പില്ലാതെ ഹോട്ടലുകളില്‍ വില വര്‍ദ്ധിപ്പിച്ച സംഭവത്തില്‍ നഗരസഭയുടെ ഇടപെടല്‍. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ഹോട്ടലുടമകളുമായി നഗരസഭ നടത്തിയ ചര്‍ച്ചയിലാണ് വര്‍ദ്ധിപ്പിച്ച വില കുറയ്ക്കാന്‍ തീരുമാനിച്ചത്.
ചായയ്ക്കും കടികള്‍ക്കും ഇനി മുതല്‍ പത്ത് രൂപയേ വാങ്ങൂ എന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ചില ഹോട്ടലുകളില്‍ യാതൊരു മുന്നറിയിപ്പോ കൂടിയാലോചനയോ ഇല്ലാതെ പത്ത് രൂപയുണ്ടായിരുന്ന ചായയ്ക്കും കടികള്‍ക്കും 12 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. നഗരസഭയുടെയോ ഭക്ഷ്യ ഉപദേശക സമിതിയുടെ കൂടിയാലോചനകള്‍ ഇല്ലാതെയാണ് ഹോട്ടല്‍ ഉടമകള്‍ നിരക്കുകള്‍ കൂട്ടിയത്. വിലകള്‍ കൂട്ടിയത് സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത ചെയ്തിരുന്നു.
ഇതെ തുടര്‍ന്നാണ് നഗരസഭ ഹോട്ടല്‍ ഉടമകളുടെ യോഗം വിളിച്ചതും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൂട്ടിയ വില കുറച്ച് പഴയ വിലതന്നെ ഈടാക്കാന്‍ തീരുമാനിച്ചതും. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് ഹോട്ടല്‍ വ്യവസായത്തെ തകര്‍ക്കുന്ന തരത്തിലേക്ക് എത്തിച്ചതായി ഹോട്ടലുടമകള്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഭക്ഷ്യോപദേശ സമിതി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: