ശബരിമല: ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും കണക്കൂട്ടലുകള്‍ തെറ്റിച്ച് മകരവിളക്ക് ദിവസമായ ഇന്നലെ സന്നിധാനത്ത് ഉണ്ടായത് ഭക്തജന പ്രവാഹം. 13ന് വൈകുന്നേരം മൂന്നിന് ആരംഭിച്ച ഭക്തരുടെ ഒഴുക്ക് മകരവിളക്ക് കഴിഞ്ഞും സന്നിധാനത്തേക്ക് തുടര്‍ന്ന്.
തമിഴ്നാട്, ആന്ധ്രാ, കര്‍ണാടക സംസ്ഥാനങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളെ എല്ലാം അവഗണിച്ച് പതിനായിരങ്ങളാണ് ശബരീശ സന്നിധിയിലേക്ക് ഒഴുകിയത്. പരമ്പരാഗത പാതയും, പമ്പയില്‍ നിന്നും, പുല്‍മേട് വഴിയുള്ള പാതയിലൂടെയും സന്നിധാനത്തേയ്ക്ക് ഭക്തര്‍ ഒഴുകിയെത്തി.
13ന് വൈകിട്ട് തന്നെ നടപ്പന്തല്‍ അയ്യപ്പന്മാരെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. മകരജ്യോതി ദര്‍ശിക്കുന്നതിന് കൊപ്രാക്കളം, പാണ്ടിത്താവളം, ഹില്‍ടോപ്, ഒരല്ക്കുഴി തീര്‍ത്ഥത്തിന്റെ (കുമ്പളം തോടിന്റെ പരിസരം), പാലാഴി, മാഗുണ്ട അയ്യപ്പനിലയം, കെഎസ്ഇബി, ഫോറസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അയ്യപ്പന്മാര് പര്‍ണശാല കെട്ടി കാത്തിരുന്നു. തിരുവാഭരണം വരുന്നതിന് മുന്നോടിയായി ഭക്തരെ നിലയ്ക്കലും പമ്പയിലും പോലീസ് നിയന്ത്രിച്ചു.
തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് നിലയ്ക്കലും പമ്പയില്‍ നിന്നും ഭക്തരെ സന്നിധാനത്തേയ്ക്ക് കയറ്റി വിട്ടത്. ഇതരസംസ്ഥാനങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 70,000 ഭക്തരെയാണ് ദേവസ്വം ബോര്‍ഡ് മകരവിളക്ക് ദിവസം സന്നിധാനത്ത് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരുലക്ഷത്തോളം ഭക്തര്‍ ദര്‍ശനം നടത്തിയെന്നാണ് അവസാനം ലഭിച്ച വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: