കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ശിക്ഷ നൂറു ശതമാനം ഉറപ്പിച്ചിരുന്നു പോലീസും പ്രോസിക്യൂഷനും. എന്നാല്‍, ഫ്രാങ്കോയെ വെറുതെ വിടുകയാണെന്ന ഒറ്റവരി ഉത്തരവാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി. ഗോപകുമാറില്‍ നിന്നുണ്ടായത്. വിധിയുടെ അമ്പരപ്പിലാണ് പ്രോസിക്യൂഷനും പോലീസും. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിധി വന്നതെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. വിധിയെ രൂക്ഷമായി വിമര്‍ശിച്ചാണ് അന്വേഷണ സംഘം തലവനായിരുന്ന കോട്ടയം മുന്‍ എസ്പി എസ്. ഹരിശങ്കര്‍ രംഗത്തെത്തിയത്.
സമൂഹത്തിന് നല്ല സന്ദേശം നല്കുന്ന വിധിയല്ല ഇത്. ഒരു സാക്ഷി പോലും കൂറു മാറാത്ത എല്ലാ തെളിവുകളും ശാസ്ത്രീയമായി ശേഖരിച്ച കേസാണിത്. ഒരു കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി പോലീസില്‍ എത്താന്‍ രണ്ടു വര്‍ഷമെടുത്തു എന്നത് പ്രസക്തമല്ല. ഒരു ബിഷപ്പില്‍ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്ന ഒരു കന്യാസ്ത്രീയുടെ മാനസിക അവസ്ഥ കോടതി മനസിലാക്കേണ്ടിയിരുന്നു. വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം കൂടുതല്‍ പ്രതികരണം ഉണ്ടാകും. കേസില്‍ എന്താലായും അപ്പീല്‍ പോകുമെന്നും ഹരിശങ്കര്‍. അപ്പീല്‍ പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും പ്രതികരിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇത്തരമൊരു വിധി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
അതേസമയം, വിധികേട്ട് പൊട്ടിക്കരഞ്ഞാണ് ഫ്രാങ്കോ കോടതിയില്‍ നിന്നു പറത്തുവന്നത്. അഭിഷാഷകരേയും അനുയായികളേയും കെട്ടിപ്പിടിച്ചാണ് ആഹ്ലാദം പങ്കിട്ടത്. ദൈവത്തിന് സ്തുതിയെന്നാണ് മാധ്യമങ്ങളോട് ഫ്രാങ്കോ പ്രതികരിച്ചത്. കോട്ടയത്ത് ഫ്രാങ്കോയുടെ അനുയായികള്‍ മധുരപലഹാര വിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: