മെല്‍ബണ്‍: വിസ സംബന്ധിച്ച പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ മത്സരക്രമം പ്രഖ്യാപിച്ചു. സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് ആദ്യ റൗണ്ടില്‍ സ്വന്തം നാട്ടുകാരായ മിയോമിര്‍ കെക്ക്മാനോവിച്ചിനെ നേരിടും.
നിലവിലെ ചാമ്പ്യനും ടോപ്പ് സീഡുമായ ദ്യോക്കോവിച്ച് മെല്‍ബണ്‍ പാര്‍ക്കില്‍ പത്താം ഓസ്ട്രേലിയന്‍ കിരീടം ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയയില്‍ എത്തിയിരിക്കുന്നത്. മെല്‍ബണ്‍ പാര്‍ക്കില്‍ കിരീടമണിഞ്ഞാല്‍ ദ്യോക്കോയ്ക്ക് മൊത്തം 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാകും. അത് പുതിയ ചരിത്രവും കുറിക്കും. ഈ മാസം 17 നാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുക.
കൊവിഡ് വാക്സിന് എടുക്കാതെ ഓസ്ട്രേലിയയിലെത്തിയ ദ്യോക്കോവിച്ചിന്റെ വിസ പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല. മുപ്പത്തിനാലുകാരനായ ദ്യോക്കോവിച്ചിന് ഓസ്ട്രേലിയയില്‍ തുടരാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സവിശേഷ അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയന്‍ ഇമ്മിഗ്രേഷന്‍ മന്ത്രിക്ക്് ദ്യോക്കോയുടെ വിസ റദ്ദാക്കാന്‍ കഴിയും. ഇത് സംബന്ധിച്ച് ഇമ്മിഗ്രേഷന്‍ മന്ത്രി ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
മന്ത്രി വിസ റാദ്ദാക്കിയില്ലെങ്കില് ദ്യോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകും. ഉദ്ഘാടന ദിനമായ തിങ്കളാഴ്ചയോ അല്ലെങ്കില്‍ ചൊവ്വാഴ്ചയോ ദ്യോക്കോവിന്റെ ആദ്യ റൗണ്ട് മത്സരം നടക്കും. ആറാം സീഡായ സ്പാനിഷ് സൂപ്പര്‍ സ്റ്റാര്‍ റാഫേല്‍ നദാലും 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇറങ്ങുക. അമേരിക്കയുടെ മാര്‍ക്കോസ് ജിറോണാണ് ആദ്യ റൗണ്ടില്‍ നദാലിന്റെ എതിരാളി.
വനിതകളുടെ ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ ആഷ്ലി ബാര്‍ട്ടി ആദ്യ റൗണ്ടില്‍, യോഗ്യതാ മത്സരം ജയിച്ചിവരുന്ന താരത്തെ നേരിടും. നിലവിലെ വനിതാ ചാമ്പ്യനായ നവോമി ഒസാക്ക ആദ്യ മത്സരത്തില്‍ കൊളംബിയയുടെ കാമിലാ ഒസോറിയയോയെ എതിരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: