തിരുവല്ല: കെ-റെയില്‍ നടപ്പാക്കുന്നതിന് മുന്നോടിയായി സാമൂഹിക പ്രത്യാഘാത പഠനത്തിന് പത്തനംതിട്ട ജില്ലയില്‍ വിജ്ഞാപനം ഇറങ്ങി. ഒമ്പത് ഗ്രാമങ്ങളിലാണ് പഠനം നടത്തുന്നത്. കടമ്പനാട്, പളളിക്കല്‍, പന്തളം, ആറന്മുള, കല്ലൂപ്പാറ, കുന്നന്താനം, ഇരവിപേരൂര്‍, കവിയൂര്‍, കോയിപ്രം എന്നീ വില്ലേജുകളിലൂടെയാണ് പാത കടന്ന് പോകുന്നത്. ഈ ഗ്രാമങ്ങളിലെ 44.71 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാന്‍ പോകുന്നത്.
മൂന്ന് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഭൂമി ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ സംബന്ധിച്ച വിവരശേഖരണത്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.
സാമൂഹിത പ്രത്യാഘാതത്തിന് വിജ്ഞാപനം ഇറങ്ങിയതോടെ ജനങ്ങള്‍ ആശങ്കയിലായി. അഞ്ചില്‍ താഴെ സെന്റ് ഭൂമി ഉള്ളവര്‍ നിരവധി പേര് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്. വിവിധ മതങ്ങളുടെയും സഭകളുടെയും ആരാധനാലയങ്ങളും ഈ പ്രദേശങ്ങളിലുണ്ട്. വന്‍തോതില്‍ കുടിയൊഴിപ്പിച്ചു കൊണ്ട് മാത്രമെ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ കഴിയൂ. ഇതാണ് ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരെ പേടിപ്പെടുത്തുന്നതും.
15മീറ്റര്‍ മുതല്‍ 25 മീറ്റര്‍ വരെ വീതിയില്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നതും. മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ വേട്ടയാടുന്ന നദീതീരങ്ങളില്‍ താമസിക്കുന്നവരയായിരിക്കും കൂടുതല്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വരുന്നതെന്ന് പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നു. 30 അടി ഉയരത്തിലുള്ള കോണ്‍ക്രീറ്റ് മതിലുകള്‍ പ്രദേശങ്ങളെ രണ്ടായി മുറിക്കുമെന്നും വെള്ളം ഒഴുകി പോകാനുള്ള എല്ലാവിധ മാര്‍ഗ്ഗങ്ങളും അടയുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
2018-ലെ മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ വേട്ടയാടുന്ന ഗ്രാമങ്ങളിലെ ജനങ്ങളാണ് കൂടുതലും ഭയപ്പെടുന്നത്. ആറന്മുള, കോയിപ്രം, ഇരവിപേരൂര്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം വന്‍ നാശമാണ് വിതച്ചത്. കെ-റെയില്‍ വരുന്നതോടെ ഈ ഗ്രാമങ്ങള്‍ രണ്ടായി വിഭജിക്കപ്പെടുമെന്നും വെള്ളം ഒഴുകി പോകാന്‍ ഇപ്പോഴുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി അടയുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു .ഇത് ഭാവയില്‍ വലിയ വെള്ളപ്പൊക്കത്തിനും ദുരന്തത്തിനും കാരണമായേക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
കെ-റെയിലിനെതിരെ വരും ദിവസങ്ങളില്‍ സമരം ശക്കമാക്കുമെന്ന സൂചനയാണ് വിരുദ്ധ സമിതി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: