കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിഐപിയെ കുറിച്ച് പ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയേക്കുമെന്ന് അന്വേഷണ സംഘം. വിഐപിയെ കുറിച്ച് പള്‍സര്‍ സുനി വിവരം നല്‍കിയില്ലെങ്കില്‍ രേഖാ ചിത്രം തയ്യാറാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് വിഐപി സൂക്ഷിച്ചുവെച്ചതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസ് അന്വേഷണത്തില്‍ വിഐപി നിഴലായി പിന്തുടരുന്നുണ്ടെന്നാണ് സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍. സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയ ശേഷം ദിലീപിന്റെ അടുത്ത് വന്ന വിഐപിക്ക് ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി കൈമാറിയെന്നുമാണ് സംവിധായകന് ബാലചന്ദ്ര കുമാര്‍ നല്‍കിയിരിക്കുന്ന മൊഴി. ഈ മൊഴിയാണ് സംശയങ്ങളിലേക്ക് നയിക്കുന്നത്.
വിഐപിയുടെ പേര് പള്‍സര്‍ സുനി വെളിപ്പെടുത്തിയില്ലെങ്കില്‍ ആളെ കണ്ടെത്തുന്നതിനായി മറ്റു മാര്‍ഗങ്ങള്‍ അന്വേഷണ സംഘം ഉപയോഗിക്കും. കേസിലെ പ്രതികളുമായി അടുപ്പമുള്ളവരുടെ പട്ടികയുണ്ടാക്കി ഇതില്‍ സംശയമുള്ളവരുടെ മുഴുവന്‍ ചിത്രങ്ങള്‍ സംഘടിപ്പിച്ച ശേഷം ബാലചന്ദ്ര കുമാറിനെ കാണിച്ച് വിഐപിയെ കണ്ടെത്താന്‍ ശ്രമിക്കും.
അതിനിടെ കേസുമായി ബന്ധപ്പെട്ട് സംവിധായകന് ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. എറണാകുളം മജിസ്ട്രേട്ട് രണ്ടാം കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.30-നു തുടങ്ങിയ മൊഴി രേഖപ്പെടുത്തല്‍ എഴ് മണിവരെ തുടര്‍ന്നു. ദിലീപിനെതിരേ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഈ മാസം 20-ന് നല്‍കണമെന്ന് വിചാരണക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. ദിലീപുമായി അടുപ്പമുണ്ടായിരുന്ന ഒരാള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന അന്വേഷണസംഘത്തിന്റെ ഹര്‍ജി വിചാരണക്കോടതി 20നു പരിഗണിക്കും. പുതിയ തെളിവുകള്‍ പരിശോധിച്ച് തുടരന്വേഷണം നടത്തി വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: