തിരുവനന്തപുരം: ഭാരതത്തെ അടിമത്ത മനസ്ഥിതിയിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിച്ച ആധ്യാത്മിക നവോത്ഥാനനായകൻ ആണ് സ്വാമിവിവേകാനന്ദനെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ സുശീൽ പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നടന്ന വിവേകാനന്ദജയന്തി ദേശീയ യുവജന ദിനം ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ നഷ്ടപ്പെട്ട ആധ്യാത്മിക സാംസ്കാരിക പാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ചു നവോത്ഥാനത്തിന് ഗതിവേഗം നൽകുകയായിരുന്നു സ്വാമി വിവേകാനന്ദൻ ചെയ്തത്. ആധുനിക ഭാരതത്തിൻറെ നവോത്ഥാന സാരഥിയാണ് സ്വാമി വിവേകാനന്ദൻ. യുവാക്കൾ നാടിന്റെ ഹൃദയസ്പന്ദം ഏറ്റുവാങ്ങണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മതത്തെയും മാനവികതയെയും അദ്ദേഹം സമന്വയിപ്പിച്ചു. ദാരിദ്ര്യത്തെക്കാൾ വലിയ പാപം ഇല്ലെന്ന ഉദ്ബോധനം എക്കാലത്തും പ്രസക്തമാണ്. ഭാരതത്തിൻറെ ആത്മീയ പൈതൃകം, സംസ്കാരം, സാഹിത്യം ചരിത്രം ഇവയിൽ അവബോധം വളർത്തി യഥാർത്ഥ ഭാരതത്തിൻറെ സത്ത കണ്ടെത്തുവാൻ അദ്ദേഹം യുവാക്കളെ പ്രാപ്തമാക്കി.
ഭാരതത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സ്വാമി വിവേകാനന്ദൻ നൽകിയ സംഭാവന നിസ്തുലമാണ്. ചെറുപ്പക്കാരിൽ പ്രബോധനവും രാഷ്ട്രീയ ബോധവും ലാളിത്യവും സേവന മനോഭാവവും വളർത്തി. ഭാരതത്തിന്റെ അഭിമാനം നെഞ്ചിലേറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യം എന്നത് കേവലം വൈദേശികരെ ഇന്ത്യയിൽനിന്ന് ഓടിക്കുക മാത്രമല്ല, ഭാരതത്തിൻറെ പാരമ്പര്യത്തിൽ അഭിമാനമുള്ള ജനതയാണ് സ്വാതന്ത്ര്യത്തിന്റെ ആണിക്കല്ല് എന്നു പഠിപ്പിച്ചു. സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം സ്വാഭിമാനം ആവണം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. കൊള്ളക്കാരെ വെള്ളപൂശിയ ചരിത്രമാണ് ബ്രിട്ടീഷുകാർ നമ്മെ പഠിപ്പിച്ചത്. അതുകൊണ്ട് വിദ്യാഭ്യാസത്തിലൂടെ ഭാരതത്തിന്റെ യഥാർത്ഥ പാരമ്പര്യം എന്തെന്ന് നമുക്ക് പഠിക്കാനായില്ല. യുവാക്കളോട് ഭാരതത്തിന്റെ യഥാർത്ഥ പാരമ്പര്യമാണ് സ്വാമി വിവേകാനന്ദൻ മുന്നോട്ടുവച്ചത്. വിവേകാനന്ദനിലൂടെ ഭാരതം ഒരു പുതിയ രാഷ്ട്രമായി പിറവിയെടുത്തു. ചിക്കാഗോ പ്രസംഗത്തിലൂടെ ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ ആധ്യാത്മികവും സാംസ്കാരികവുമായ ആത്മാഭിമാനം ഉയർത്തിക്കാട്ടി. ലോകരാജ്യങ്ങൾ ഭാരതത്തിൻറെ യഥാർത്ഥ ചരിത്രവും സംസ്കാരവും പഠിക്കാൻ മുന്നോട്ടുവന്നു. ഭാരതത്തിന്റെ യഥാർത്ഥ നവോത്ഥാനനായകൻ ആണ് സ്വാമി വിവേകാനന്ദൻ എന്ന് അദ്ദേഹം പറഞ്ഞു.
ദരിദ്രനെ വേദാന്തം അല്ല ജീവിത ഉന്നമനം ആണ് വേണ്ടത് എന്ന് അദ്ദേഹം പഠിപ്പിച്ചു. ഭാരതത്തെ കണ്ടെത്താൻ വേണ്ടി ആസേതുഹിമാചലം യാത്ര ചെയ്തു. ആധുനിക ഭാരതത്തിന്റെ യശസ്സുയർത്തിയ സാംസ്കാരിക നവോത്ഥാന നായകനാണ് സ്വാമി വിവേകാനന്ദൻ എന്നു സുശീൽ പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. സ്വാമി മോക്ഷ വ്രധാനന്ദജി അധ്യക്ഷനായ യോഗത്തിൽ ശ്രീരാമകൃഷ്ണാശ്രമം ബേലൂർമഠം അസിസ്റ്റൻറ് സെക്രട്ടറി സ്വാമി സർവ്വേശാനന്ദജി മുഖ്യപ്രഭാഷണം നടത്തി. ആധുനിക ക്ലിനിക്കൽ ലബോറട്ടറി ഉപകരണങ്ങളുടെ സ്വിച്ചോൺ കർമ്മം വി കെ പ്രശാന്ത് നിർവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: