Categories: Samskriti

മൂത്താന്‍ സമുദായവും കാവടിപൂജയും

ഗ്രഹസ്ഥിതിയില്‍ കാവടിപൂജ വരുന്നത് മകരമാസമാണ്. മകരമാസത്തില്‍ സൂര്യന്‍ മകരരാശിയിലും ചന്ദ്രന്‍ കര്‍ക്കടകരാശിയിലും ആകുന്നു. സൂര്യചന്ദ്രന്മാരുടെ പരസ്പര ദൃഷ്ടിയില്‍ നവചൈതന്യം രൂപപ്പെടുന്നു. മകരരാശിയിലേക്ക് ചൊവ്വയുടെ സഞ്ചാരം എത്തുമ്പോള്‍ മുരുകബിംബത്തില്‍ ബഹുലമായ ശക്തി രൂപപ്പെടുന്നുവെന്നാണ് വിശ്വാസം.

Published by

ആര്യ ദ്രാവിഡ സംസ്‌കാരത്തില്‍ ശിവ.മതവും വൈഷ്ണവമതവും ഒരുപോലെ തെന്നിന്ത്യയില്‍ പ്രകാശിതമായി നില്‍ക്കുന്ന കാലഘട്ടത്തില്‍ ക്ഷേത്രനിര്‍മാണവും വിഗ്രഹാരാധനയും സര്‍വണ സമുദായക്കാരുടേതുമാത്രമായി നില്‍ക്കുന്ന വേളയിലാണ് വൈശ്യന്മാരുടെയും ശുദ്രന്മാരുടെയും വിശ്വാസരൂപമായി മുരുകാരാധന കടുന്നുവരുന്നത്. കാരണം സവര്‍ണ മേധാവിത്വം അത്രകണ്ട് ദൈവവിശ്വാസങ്ങളില്‍ മേല്‍ക്കൈ നേടിയിരുന്നു. അതിനാല്‍ ധാരാളം മഹാക്ഷേത്രങ്ങള്‍ വിഷ്ണുവിന്റെയും ശിവന്റെയും ദേവിയുടെയും സവര്‍ണരൂപം തന്നെയാണ്. എന്നാല്‍ തികച്ചും വൈശ്യ-ശൂദ്രന്മാരുടെ അല്ലെങ്കില്‍ സാധാരണക്കാരുടെ വിശ്വാസരൂപമാണ് ശ്രീ മുരുകാരാധന.  

ധാരാളം മുരുക ക്ഷേത്രങ്ങള്‍ തെന്നിന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്‌നാടിലും രൂപപ്പെട്ടു. ഗ്രാമങ്ങളിലും മലകളിലും മുരുകക്ഷേത്രങ്ങളും ഉത്സവങ്ങളും ധാരാളമായി. വൈശ്യന്മാരുടെ പല ഭാഗങ്ങളിലേക്കമുള്ള കുടിയേറ്റം മുരുകക്ഷേത്രങ്ങളുടെ വര്‍ധനവിന് കാരണമായി. അങ്ങനെ പാലക്കാട്ടും ധാരാളം മുരുക ക്ഷേത്രങ്ങള്‍ ഉയര്‍ന്നു.  

ഉത്സവങ്ങള്‍ക്ക് അതിന്റേതായി പ്രത്യേകതകള്‍ ഉണ്ട്. കാവടിപൂജക്കും ഒരു ചരിത്രമുണ്ട്. പ്രത്യേകിച്ച് ഗ്രഹങ്ങളുടെ സഞ്ചാരം. ഗ്രഹസ്ഥിതിയില്‍ കാവടിപൂജ വരുന്നത് മകരമാസമാണ്. മകരമാസത്തില്‍ സൂര്യന്‍ മകരരാശിയിലും ചന്ദ്രന്‍ കര്‍ക്കടകരാശിയിലും ആകുന്നു. സൂര്യചന്ദ്രന്മാരുടെ പരസ്പര ദൃഷ്ടിയില്‍ നവചൈതന്യം രൂപപ്പെടുന്നു. മകരരാശിയിലേക്ക് ചൊവ്വയുടെ സഞ്ചാരം എത്തുമ്പോള്‍ മുരുകബിംബത്തില്‍ ബഹുലമായ ശക്തി രൂപപ്പെടുന്നുവെന്നാണ് വിശ്വാസം. ഈസമയം അഭിഷേക പൂജകള്‍ നടത്തുന്നത് സായൂജ്യമായി ഭക്തര്‍ കരുതുന്നു. അതിനാലാണ് കാവടിപൂജ പോലുള്ള ഉത്സവങ്ങള്‍ ധാരാളമായത്.

പാലക്കാട്ടെ മൂത്താന്‍ സമൂഹം 

പാലക്കാട്ടെ മൂത്താന്‍ സമൂഹം വൈശ്യന്മാരും തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് കുടിയേറിയവരുമാണ്. അവര്‍ക്ക് അവരുടേതായ വിശ്വാസവും ദൈവവിശ്വാസവും മുരുകാരാധനയും ഓരോരുത്തരിലും അന്തര്‍ലീനമാണ്.  

ജ്ഞാന ശിവാചാര്യരും പേരൂര്‍ മഠവും

വൈശ്യകുല ജാതിക്കാരുടെ ആചാര്യ ഗുരുവാണ് ശ്രീ പേരൂര്‍ മഠാധിപതി ജ്ഞാന ശിവാചാര്യര്‍. ഇദ്ദേഹത്തില്‍നിന്ന് ദീക്ഷയും ഉപദേശവും സ്വീകരിക്കുന്ന മൂത്താന്‍ സമുദായക്കാര്‍ ശക്തമായ മുരുകവിശ്വാസികളാണ്. അതിന് പേരൂര്‍ മഠാധിപതിയും കാരണമാകുന്നു.  

പണ്ട് പഴനി മുരുകന്‍ ക്ഷേത്രത്തില്‍ മഹാകുംഭാഭിഷേകത്തിന് ആചാര്യനെ ക്ഷണിക്കുവാനായി ഉത്സവ കമ്മിറ്റി ശങ്കരാചാര്യരെ കണ്ടിരുന്നു. അദ്ദേഹത്തിന് അന്ന് അതിപ്രധാനമായി മറ്റൊരു കര്‍ത്തവ്യം ഉണ്ടായിരുന്നതിനാല്‍ കുംഭാഭിഷേകത്തിന് പോകുവാന്‍ പറ്റിയില്ല. അതിനാല്‍ കുംഭാഭിഷേകത്തിന് ഉചിതമായ മറ്റൊരു വ്യക്തിയെ കണ്ടെത്തിത്തരുവാന്‍ അപേക്ഷിക്കും പേരൂര്‍ മഠാധിപതി ജ്ഞാന ശിവാചാര്യരുടെ പേര്‍ ശങ്കരാചാര്യര്‍ നിര്‍ദേശിക്കുകയും ചെയ്തു.  

ഉത്സവ കമ്മിറ്റിക്കാര്‍ക്ക് ജ്ഞാന ശിവാചാര്യര്‍ അസ്വീകാര്യനായി തോന്നിയെങ്കിലും ശങ്കരാചാര്യര്‍ നിര്‍ദേശിച്ചതിനാല്‍ ജ്ഞാന ശിവാചാര്യരെ കണ്ട് കുംഭാഭിഷേകത്തിന് ഉറപ്പിച്ചു. പഴനിയില്‍ മഹാകുംഭാഭിഷേം നടക്കുന്ന വേളയില്‍ പ്രത്യേകം പ്രത്യേകം കലശങ്ങള്‍ ഉണ്ടാകും. വേദമന്ത്ര ആചരണത്തോടുകൂടി ഓരോ കലശങ്ങളും ഭഗവാന്‍ മുരുകന് അഭിഷേകം നടത്തിക്കൊണ്ടിരിക്കുന്നു. ജ്ഞാന ശിവാചാര്യരുടെ കലശങ്ങള്‍ കൈസ്പര്‍ശം ഏല്‍ക്കാതെ വായുവില്‍ക്കൂടി ഉയര്‍ന്ന് മുരുക ഭഗവാന് അഭിഷേകം നടത്തിയത് കമ്മിറ്റിക്കാര്‍ക്കും ഭക്തജനങ്ങള്‍ക്കും അത്ഭുതമായി. അന്നുമുതല്‍ അദ്ദേഹം ഭക്തര്‍ക്ക് സ്വീകാര്യനായി. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളാണ് പാലക്കാട്ടെ മൂത്താന്‍ സമൂഹം.  

ജ്ഞാന ശിവാചാര്യരുടെ ശിഷ്യഗണങ്ങള്‍ക്ക് പഴനിയില്‍ വിശ്വാസാധികാരമുണ്ട്. പാലക്കാട്ട് മൂത്താന്‍ സമൂഹത്തിനുണ്ടായിട്ടുള്ള മുരുകാരാധനയുടെ പ്രമാണവും ഇതുതന്നെയാണ്. പാലക്കാട്ടെ മൂത്താന്‍ സമുദായം ഏറെ ഭക്തിപ്രധാനമായാണ് കാവടിപൂ

ജ നടത്തിവരുന്നത്. മകരമാസത്തിലെ കാര്‍ത്തികനാളില്‍ കൊടിയേറ്റവും രോഹിണി നാളില്‍ കാവടിപൂജയും നടത്തി, കാവടികള്‍ പഴനിയില്‍ കൊണ്ടുപോയി അഭിഷേകാരാധന നടത്തും.  

കാവടിപൂജയും പദയാത്രയും

മൂത്താന്‍ സമുദായത്തിന്റെ മുരുകാരാധനക്ക് തലമുറകളുടെ ദൈര്‍ഘ്യമുണ്ട്. ഏതാണ്ട് നൂറോളം കുടുംബക്കാര്‍ കാവടിപൂജ ഗൃഹങ്ങളില്‍ നടത്തിവരുന്നു. മുഴുവന്‍ സമുദായക്കാരുടെയും ആബാലവൃദ്ധം ജനങ്ങളും ഇതില്‍ പങ്കാളികളാവുന്നു. കാവടിപൂജക്കായി നിര്‍മിച്ച പ്രത്യേക ചിത്രകാവടികളാണ് ഇതിന് ഉപയോഗിക്കുക.  ചിത്രകാവടിയോടൊപ്പം പുള്ളകാവടിയുമുണ്ടാകും. കുടുംബത്തിന്റെ ഐശ്വര്യത്തിനും സന്താനവര്‍ധനവിനും കാവടിപൂജ ആചാര്യ വിശ്വാസത്തോടെ വീടുകളില്‍ നടത്തിവരുന്നു.  

ഗൃഹങ്ങളില്‍ ആണ്ടിയൂട്ടും അന്നദാനവും നടത്തി വ്യക്തികളില്‍ സമഭാവനയും സഹവര്‍ത്തിത്വവും വളര്‍ത്തുന്നു. പൂജകഴിഞ്ഞ കാവടികള്‍ പ്രത്യേകമായി നിയോഗിക്കപ്പെട്ട പണ്ടാരന്മാര്‍ വശമാണ് പഴിനിയില്‍ എത്തിക്കുന്നത്. കാവടികള്‍ പദയാത്രയായിട്ടാണ് ആദ്യകാലങ്ങളില്‍ പഴനിയില്‍ എത്തിച്ചിരുന്നത്. പിന്നീടത് മോട്ടോര്‍വാഹനങ്ങളിലും മറ്റും പഴനിയിലെത്തി വഴിപാട് നടത്തിവരുന്നു.  

കാവടിയാട്ടവും കാവടിപാട്ടും

മൂത്താന്‍ സമുദായക്കാരുടെ കാവടികളിയും കാവടിപ്പാട്ട് (കാവടി വിരുത്തം) ഭക്തജനങ്ങള്‍ക്ക് ആവേശവും ഭക്തിയുമുണ്ടാക്കുന്ന ഒന്നാണ്. വിരുത്തങ്ങള്‍ പാടി ആയിരങ്ങള്‍ ഒത്തുകൂടും. ഇത് കേള്‍ക്കുവാന്‍ ഒത്തുചേരുന്നവരുടെ എണ്ണം ഏറെയാണ്. നാദസ്വരത്തിന്റെ ഈണത്തിലാണ് പാടുക. അങ്ങനെ സമുദായ തെരുവുകളിലൂടെ കാവടിപൂജ അണിനിരക്കുമ്പോഴുണ്ടാകുന്ന അനുഭൂതി ഒന്നുവേറെത്തന്നെയാണ്. അത് വാക്കുകളില്‍ ഒതുങ്ങില്ല.  

വീടുകളില്‍ കാവടിപൂജ കഴിഞ്ഞ് പട്ടുനിറച്ച കാവടികളുമായി കളിച്ചുവരുന്ന മുരുകമുദ്രകളായ കാവടികള്‍ ക്ഷേത്രത്തിലെത്തിച്ചേരും സമുദായത്തിലെ കളരികുടംബാംഗമായ ഒരു വ്യക്തി പിന്തുടര്‍ച്ചയായി ‘പണിക്കര്‍’ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്നു. അടുത്തകാലങ്ങളില്‍ ചൊക്കലിംഗപ്പണിക്കര്‍, കേശവ പണിക്കര്‍, ബാലസുബ്രഹ്ണ്യ പണിക്കര്‍ എന്നിവര്‍ കാവടികള്‍ ഏറ്റുവാങ്ങി പഴിനിയില്‍ അഭിഷേകം കഴിച്ച് ഭക്തരെ തിരിച്ചേല്‍പ്പിക്കും. ഇപ്പോള്‍ ബാലസുബ്രഹ്മണ്യ പണിക്കരാണ് ഈ ചുമതല നിര്‍വഹിച്ചുവരുന്നത്.

പഴനി പദയാത്രയില്‍ കൊഴിഞ്ഞാമ്പാറ, കോലാര്‍പ്പെട്ടി, മഠത്തുകുളം മൂന്ന് കേന്ദ്രങ്ങളില്‍ കാവടികള്‍ക്ക് പടപ്പ് പൂജയും ഭക്തര്‍ക്ക് അന്നദാനവുമുണ്ടായിരിക്കും. സ്വന്താഭിഷേക തിരുക്കൂട്ട കമ്മിറ്റി, മുരുക ഭക്തസംഘം, കണ്ണകിയമ്മന്‍ സമാരാധന കമ്മിറ്റി എന്നീ ഗ്രൂപ്പുകാരാണ് ഇപ്പോള്‍ അന്നദാനം നടത്തിവരുന്നത്.  

കാവടി ഭക്തരുടെ സംഭാവനയാണ്. മൂത്താന്തറയില്‍നിന്നുമാത്രം ഏകദേശം 2000ഓളം പേര്‍ പദയാത്രയില്‍ പങ്കെടുക്കും. ഇതരസമുദായങ്ങളും ഇതില്‍ പങ്കാളികളാവും. ഈ യാത്രക്ക് ഏകദേശം രണ്ട് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. സമുദായ ഐക്യത്തിനുവേണ്ടി നടക്കുന്ന ഈ പൂജ ഇന്നും അഭംഗുരം നടന്നുവരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by