അഗളി: മാവോയിസ്റ്റ് നേതാവ് സാവിത്രി (32)യെ അട്ടപ്പാടി വനത്തിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ്, അഗളി ഡിവൈഎസ്പി: മുരളീധരന്, സിഐ അരുണ്‍ പ്രസാദ്, എസ്ഐ: ഹരികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
മുക്കാലി ആനവായില്‍ ഫോറസ്റ്റ് ക്യാമ്പ് സെന്ററുകള്‍ കത്തിച്ച കേസിലും പാലൂരില്‍ പോസ്റ്റര്‍ പതിപ്പിച്ച കേസിലുമായിരുന്നു തെളിവെടുപ്പ് നടത്തിയത്. ആനവായി വനമേഖലയിലും പാലൂരിലും സാവിത്രിയെ എത്തിച്ച് പരിശോധന നടത്തി.
കഴിഞ്ഞ നവംബറില്‍ മാവോയിസ്റ്റ് നേതാവ് കൃഷ്ണമൂര്‍ത്തിയോടൊപ്പം വയനാട്ടില്‍ നിന്നാണ് കേരള പോലീസ് സാവിത്രിയെ അറസ്റ്റുചെയ്തത്. 2015മുതല്‍ ഇവരുടെ സാന്നിധ്യം അട്ടപ്പാടിയിലുണ്ടായിരുന്നു. ഭവാനി ദളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സാവിത്രി പിന്നീട് കബനി ദളത്തിലാണ് പ്രവര്‍ത്തിച്ചത്. 2021 ഡിസംബര്‍ 23നാണ് സാവിത്രിയെ അട്ടപ്പാടി മഞ്ചിക്കണ്ടി വെടിവെപ്പ് മേഖലകളിലെത്തിച്ച് എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തിയത്. 2013 മുതല്‍ 17 വരെ അട്ടപ്പാടിയില്‍ കമാന്‍ഡറായി പ്രവര്‍ത്തിച്ചിരുന്നു ഇവര്‍. കര്‍ണാടക ജെറി മണി ഹലുവലി സ്വദേശി ലോകൈഗൗഡയുടെ മകളാണ് രജിത എന്ന സാവിത്രി.
ജനുവരി അഞ്ചിന് മാവോയിസ്റ്റ് നേതാവ് ദീപകിനെ അട്ടപ്പാടിയിലെത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി. 2014-ല്‍ ദീപക് ഉള്‍പ്പെടെ മൂന്നംഗ സംഘം ആനവായില്‍ എത്തിയ കേസിലാണ് ദീപകിനെ തെളിവെടുപ്പിനെത്തിച്ചത്. അന്ന് ദീപകിനോടൊപ്പമുണ്ടായിരുന്ന രണ്ടുപേരും മഞ്ചിക്കണ്ടി വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ ശേഷിക്കുന്ന ഏക വ്യക്തിയാണ് ദീപക്. നാല് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ട മഞ്ചിക്കണ്ടി വെടിവെയ്പ്പില്‍ നിന്നും അതിവിദഗ്ധമായന രക്ഷപ്പെട്ട ദീപകിനെ 2019 നവംബര്‍ ഒമ്പതിന് തമിഴ്നാട് സോമ്പുക്കരയില് നിന്നും തമിഴ്നാട് പോലീസാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ സാവിത്രിയുടെ തെളിവെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കി. കോടതിയില്‍ ഹാജരാക്കിയ ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: