മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുസ്ലീം ലീഗിലെ പ്രമുഖ നേതാവുമായ സി.കെ. ഉമ്മുസല്‍മ പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെച്ചു. വനിതാ ലീഗ് ജില്ലാ ജോ.സെക്രട്ടറി, മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ജന.സെക്രട്ടറി എന്നീ സ്ഥാനങ്ങളാണ് രാജിവെച്ചത്. ജില്ലാ കമ്മിറ്റിയിലെയും മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയിലെയും ചില നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനങ്ങളിലും അവഗണനയിലും സ്ത്രീവിരുദ്ധ നിലപാടിലും പ്രതിഷേധിച്ചാണ് രാജിയെന്ന് അവര്‍ വ്യക്തമാക്കി.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ചുമതല വഹിക്കുമ്പോള്‍ വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്നിവരില്‍നിന്ന് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. ഇതുമൂലം ബ്ലോക്ക് പഞ്ചായത്തിലെ പല വികസന പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് ലീഗ് നേതൃത്വത്തെ പലതവണ വിവരമറിയിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നു മാത്രമല്ല, അവഹേളനമാണ് നേരിടേണ്ടിവന്നത്.
പിന്നീട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിലെ ഡ്രൈവറുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റമുണ്ടായത്. ഇക്കാര്യവും ജില്ലാ-മണ്ഡലം കമ്മിറ്റിയെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. മാത്രമല്ല, തന്നെ തേജോവധം ചെയ്യുന്ന രീതിയിലായിരുന്നു നേതൃത്വത്തിന്റെ നടപടി. ഇതിന് ലീഗിന്റെ മുതിര്‍ന്ന നേതാക്കളില്‍നിന്ന് മൗനസമ്മതം ലഭിച്ചുവെന്നതും വിഷമകരമായി. അതിനാലാണ് സ്ഥാനങ്ങളില്‍ തുടരേണ്ടെന്ന നിലപാട് കൈക്കൊണ്ടതെന്ന് അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: