ചണ്ഡീഗഢ്: ബിജെപിയും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ധാരണയായി. ഏകദേശം 60 ശതമാനം സീറ്റുകള്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പാര്‍ട്ടിക്ക് നല്‍കും. 40 ശതമാനത്തോളം സീറ്റുകള്‍ ബിജെപിയ്ക്ക് നല്‍കും.
ഈ സഖ്യത്തിന്റെ ഭാഗമായ സുഖ്ദേവ് സിങ് ധിന്‍സയുടെ ശിരോമണി അകാലി ദള്‍ (സംയുക്ത്) പാര്‍ട്ടിക്ക് 12 മുതല്‍ 15 സീറ്റുകള്‍ വരെ നല്‍കും. ഇതിനോടകം ബിജെപി, പഞ്ചാബ് ലോക് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ (സംയുക്ത്) എന്നീ പാര്‍ട്ടികള്‍ മൂന്ന് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ഓരോ പാര്‍ട്ടിയില്‍ നിന്നും രണ്ട് വീതം പ്രതിനിധികള്‍ ഉള്‍പ്പെട്ട ആറംഗസമിതിയാണ് സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കുക. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പാര്‍ട്ടിക്ക് വേണ്ടി മകന് രണീന്ദര്‍ സിങ്, ജനറല്‍ ടിഎസ് ഷെര്‍ഗില്‍ എന്നിവരും ശിരോമണി അകാലി ദളിന്റെ (സംയുക്ത്) നിര്‍മ്മല്‍ സിങ്ങ്, പര്‍വീന്ദര്‍ സിങ്ങ് എന്നിവരും ബിജെപിയുടെ സുഭാഷ് ശര്‍മ്മ, ദയാല്‍ സിങ് സോധി എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.
പഞ്ചാബ് നിയമസഭയിലേക്ക് ആകെ 117 സീറ്റുകളാണുള്ളത്. മൂന്ന് മേഖലകളായി തിരിച്ചാല്‍ മാള്‍വയില്‍ 69 സീറ്റുകളും മാജയില്‍ 25 സീറ്റുകളും ദൊവാബ മേഖലയില്‍ 23 സീറ്റുകളുമാണുള്ളത്.
ഇതിനിടെ കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ്ങിനെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. ഹോക്കി സ്റ്റിക്കും പന്തുമാണ് ഇവരുടെ ചിഹ്നം. ഈയിടെ ടൈംസ് നൗ ചാനല്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ആംആദ്മി പാര്‍ട്ടി 54-58 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ബിജെപി-അമരീന്ദര്‍ സിങ്ങ് സഖ്യം മുന്നേറുമെന്ന പ്രതീക്ഷയിലാണ് അമരീന്ദര്‍ സിങ്ങും ബിജെപിയുടെ കേന്ദ്ര നേതൃത്വവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: