മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സബ്ജയില്‍ നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ ഇനിയും ആരംഭിച്ചില്ല. ഡിസംബറില്‍ തന്നെ മതില് നിര്‍മാണം ആരംഭിക്കുമെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെയും യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്ന് അറിയുന്നു.
കഴിഞ്ഞ ആഗസ്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും സെപ്തംബറില്‍ സര്‍വേകല്ല് സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാരുടെ ഓഫീസ് സ്കെച്ചും മഹസറും തയ്യാറാക്കി കളക്ടര്‍ക്ക് കൈമാറി. തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇത് ജയില്‍ വകുപ്പിന് നല്‍കാത്തതാണ് തടസമെന്നും ഉടന്‍തന്നെ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കുമെന്നും ജില്ലാ ജയില്‍ സൂപ്രണ്ട് എസ്. ശിവദാസന്‍ ‘ജന്മഭൂമി’ യോടുപറഞ്ഞു.
മണ്ണാര്‍ക്കാട് സ്പെഷല്‍ സബ് ജയിലിനായി നാല് ഏക്കര്‍ സ്ഥലമാണ് ഇറിഗേഷന്‍ വകുപ്പില്‍നിന്നും റവന്യൂ വകുപ്പ് ഏറ്റെടുത്ത് ആഭ്യന്തരവകുപ്പിന് കൈമാറിയത്. ഈ സ്ഥലത്താണ് അളവ് നടത്തി കഴിഞ്ഞ സപ്തംബറില്‍ സര്‍വേക്കല്ല് സ്ഥാപിച്ചത്. പാലക്കാട് ജയില്‍ സൂപ്രണ്ട് അനില്‍കുമാര്‍, മണ്ണാര്‍ക്കാട് സബ്ജയില്‍ നോഡല്‍ ഓഫീസര്‍ മുജീബ്റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍മാരായ ഷെരീഫ്, റാഫി എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി സര്‍വേക്കല്ല് സ്ഥാപിച്ചത്.
താലൂക്ക് ആസ്ഥാനത്ത് സ്പെഷല്‍ സബ് ജയില്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി നിര്‍ദ്ദിഷ്ട സ്ഥലം ഉത്തരമേഖല ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാറും സംഘവും സന്ദര്‍ശിച്ചിരുന്നു. ജയിലിനു വേണ്ടി അനുവദിച്ച നാല് ഏക്കര്‍ സ്ഥലം മണ്ണാര്‍ക്കാട് റവന്യൂ വകുപ്പ് അധികൃതര്‍ അളന്ന് തിരിച്ചിരുന്നു.
ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി പിഡബ്ലുഡി ജയില്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ചുറ്റുമതില്‍ നിര്‍മാണം ആരംഭിക്കുമെന്നും അന്ന് ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാര്‍ പറഞ്ഞിരുന്നു. ആധുനിക സംവിധാനത്തോടു കൂടിയുള്ള ജയിലാണ് നിര്‍മിക്കുന്നത്. ജയില്‍ ചുറ്റുമതില്‍ നിര്‍മിക്കുന്നതിനു വേണ്ടി 1.16 കോടി എസ്റ്റിമേറ്റ് തയ്യാറാക്കി ജയില്‍ ആസ്ഥാന കാര്യാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്നാണ് അന്ന് പാലക്കാട് ജില്ലാ ജയില്‍ സൂപ്രണ്ടായിരുന്ന കെ. അനില്‍കുമാര്‍ പറഞ്ഞിരുന്നത്.
ചിറ്റൂര്‍ സ്പെഷല്‍ ജയില്‍ സൂപ്രണ്ട് സി.വി. പ്രതാപ് ചന്ദ്രന്, അസി. സൂപ്രണ്ട് കൃഷ്ണദാസ്, ഹരിദാസ്, അസി. നോഡല്‍ ഓഫീസര്‍ മുജീബ് റഹ്മാന് എന്നിവരും ഡിഐജിക്കൊപ്പമുണ്ടായിരുന്നു. മുക്കണ്ണം മുണ്ടെക്കരാട് കൊന്നകോട് ഭാഗത്ത് നിര്‍ദ്ദിഷ്ട സ്പെഷല്‍ സബ് ജയില്‍ നിര്‍മിക്കാനാണ് ജയില്‍ വകുപ്പ് ഉദേശിക്കുന്നത്.
കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ സ്ഥലം 2007ല്‍ കണ്ടെത്തിയെങ്കിലും 2014-ലിലാണ് സ്ഥലം നല്‍കാനുള്ള സമ്മതപത്രം ജയിലധികൃതര്‍ക്ക് ലഭിച്ചതെന്ന് അന്നത്തെ ജില്ല ജയില്‍ സൂപ്രണ്ടായിരുന്ന എസ്.ശിവദാസന്‍ പറഞ്ഞിരുന്നു. 2019 ഫെബ്രുവരി നാലിനാണ് ജയില്‍ അധികൃതര്‍ ഈ സ്ഥലം വീണ്ടും സന്ദര്‍ശിച്ചത്. 2019ഫെബ്രുവരി 6 ന് സര്‍വേ ആരംഭിക്കുകയും 19ന് സര്‍വേ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തിതിരുന്നു. കാഞ്ഞിരപ്പുഴ ചെറിയ കനാല്‍ ഇതിലൂടെ പോകുന്നതു കാരണം ആ ഭാഗം വിട്ടുള്ള സ്ഥലമാണ് സബ് ജയിലിന് എന്‍ഒസി നല്‍കിയിരിക്കുന്നത്.
മണ്ണാര്‍ക്കാട് – കോങ്ങാട് – ടിപ്പുസുല്‍ത്താല്‍ റോഡിന്റെ കിഴക്കവശത്ത് മുണ്ടേക്കരാട് കൊന്നാക്കോട് എന്ന സ്ഥലത്താണ് കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം ജയില്‍ വകുപ്പിന് നല്കി ഉത്തരവിറങ്ങിയത്. ഇതോടെ സബ് ജയിലിന് തടസമായി നിന്നിരുന്ന പ്രധാന പ്രശ്നം ഒഴിവായി. ഭൂമി റവന്യൂ വകുപ്പില്‍ പുനര്‍ നിക്ഷിപ്തമാക്കിയ ശേഷം മണ്ണാര്‍ക്കാട് സബ് ജയില്‍ നിര്‍മ്മാണത്തിനായി രണ്ട് സേവനവകുപ്പുകള്‍ ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരം ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിര്‍ത്തി കൈവശാവകാശം ജയില്‍ വകുപ്പിന് കൈമാറി നല്‍കുകയാണ് ചെയ്തിട്ടുള്ളത്.
2.86 ഹെക്ടര്‍ ഭൂമിയാണ് ആഭ്യന്തര വകുപ്പ് ജയില്‍ നിര്‍മാണത്തിനായി ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ 1.6221 ഹെക്ടര്‍ സ്ഥലമാണ് ആ റൊന്നിന് 1,97,600 രൂപ നിരക്കില്‍ 3,20,52,696 രൂപ വില നിശ്ചയിച്ചാണ് ഭൂമി ജയില്‍ വകുപ്പിന് കൈമാറിയിരിക്കുന്നത്.
ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ, പാട്ടത്തിന് നല്കാന് പാടില്ല, ഭൂമിയിലെ മരങ്ങള്‍ റവന്യൂ അധികാരികള്‍ അറിയാതെ മുറിക്കാന്‍ പാടില്ല, ഒരു വര്‍ഷത്തിനകം നിര്‍ദിഷ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം, കനാല്‍ വഴി സൗകര്യം തടസപ്പെടാത്ത രീതിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തണം തുടങ്ങിയ നിബന്ധനകളോടെയാണ് സ്ഥലം ജയില്‍ വകുപ്പിന് കൈമാറിയിരിക്കുന്നത്.
ജയിലിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സും ജയില്‍ കെട്ടിടവും നിര്‍മിക്കുന്നതിന് ഏഴ് ഏക്കറോളം സ്ഥലം വേണമെന്ന് 2019 ഫെബ്രുവരിയില്‍ സ്ഥലം സന്ദര്‍ശിച്ച അന്നത്തെ പാലക്കാട് ജയില്‍ സുപ്രണ്ടായിരുന്ന എസ്.ശിവദാസന്‍, നോഡല്‍ ഓഫീസറായ സി.പി. രാജേഷും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിച്ച നാലേക്കറയില്‍ സ്ഥലം പരിമിതപ്പെടുത്തിയിരിക്കുകയാണ്. റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്നും തുടര്‍നടപടി ഉണ്ടായില്ലെന്നതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് കാരണമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: