തിരുവനന്തപുരം : ടിപി വധക്കേസ് പ്രതികള്‍ ഒന്നര വര്‍ഷത്തോളമായി ജയിലിന് പുറത്താണ്. പ്രതികള്‍ക്ക് എന്നും സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും പിന്തുണ ലഭിക്കുന്നതായി എംഎല്‍എ കെ.കെ. രമ. വയനാട് സ്വകാര്യ റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട് നല്കിയ പ്രതികരിക്കുകയായിരുന്നു അവര്‍.
ടിപി കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച മുഖ്യപ്രതികളിലൊരാളായ കിര്‍മാണി മനോജ് സ്വകാര്യ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി നടത്തിയതില്‍ ഒരു അത്ഭുതവും തോന്നുന്നില്ല. കൊലയാളികള്‍ യഥേഷ്ടം പരോളിലിറങ്ങി വിഹരിക്കുകയാണ്. കോവിഡിന്റെ പേരില്‍ ടിപി കേസിലെ പ്രതികള്‍ ഒന്നര വര്‍ഷത്തോളമായി ജയിലിന് പുറത്താണ്.
സിപിഎമ്മിന്റേയും പാര്‍ട്ടി നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റേയും പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. പ്രതികള്‍ക്ക് മാഫിയ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യമൊരുക്കി നല്‍കുന്നത് സിപിഎമ്മും സര്‍ക്കാരുമാണ്. ഗുണ്ടകള്‍ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നത് പോലീസ് അറിഞ്ഞില്ലേയെന്നും ഇന്റലിജന്‍സ് വിഭാഗവും പോലീസും എന്താണ് ചെയ്യുന്നതെന്നും രമ ചോദിച്ചു.
ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയതിലാണ് കിര്‍മാണി മനോജിനെ പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മയക്കുമരുന്ന് പാര്‍ട്ടി അരങ്ങേറിയത്. സംഭവത്തില്‍ 15 പേരാണ് അറസ്റ്റിലായത്.
മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചില്‍ നടത്തിയത്. റിസോര്‍ട്ടില്‍ പരിശോധന നടത്തിയ പോലീസ് അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരെല്ലാം ക്രിമിനല്‍ക്കേസ് പ്രതികളും ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരുമാണെന്നാണ് പോലീസ് നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: