മങ്കൊമ്പ്: കുട്ടനാട്ടില്‍ കഴിഞ്ഞ രണ്ടാംകൃഷിയില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ലഭിച്ചില്ലെന്നു പരാതി. രണ്ടാം കൃഷിയിറക്കിയിരുന്ന പാടശേഖരങ്ങളില്‍ പുഞ്ചകൃഷി നാല്‍പ്പതു ദിവസം വരെ പ്രായമായിട്ടും നഷ്ടപരിഹാരം ലഭ്യമാകാത്തതിനാല്‍ കൃഷിച്ചെലവുകള്‍ക്കായി പണം കണ്ടെത്താനാകാതെ വലയുകയാണ് കര്‍ഷകര്‍. ചമ്പക്കുളം ബ്ലോക്കു പരിധിയിലാണ് കുട്ടനാട്ടില്‍ ഏറ്റവുമധികം രണ്ടാംകൃഷിയിറക്കിയിരുന്നത്.
4004 ഹെക്ടര്‍ കൃഷിയില്‍ മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായ നാശനഷ്ടം സംഭവിച്ചിരുന്നു. നല്ലൊരു ശതമാനം നെല്ലും കൊയ്തെടുക്കാനാകാതെ ഉപേക്ഷിച്ചു. മുന്‍ കാലങ്ങളെ അപേക്ഷിച്ചു മികച്ച വിളവാണ് ഇത്തവണ ഉണ്ടായത്. കൃഷിമന്ത്രി കുട്ടനാട് സന്ദര്‍ശിച്ചിരുന്നു. വിളനാശം തിട്ടപ്പെടുത്താന്‍ ഏക്കറൊന്നിന് 15 ക്വിന്റല്‍ നെല്ലാണ് സര്‍ക്കാര്‍ കണക്കാക്കിയത്.
15 ക്വിന്റലില്‍ കുറവുള്ള അത്രയും നെല്ലിന്റെ വില നഷ്ടപരിഹാരമായി നല്‍കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമായില്ല. കൃഷിയുടെ ആദ്യഘട്ടത്തില്‍ കൃഷിവകുപ്പു വഴിയായി കര്‍ഷകര്‍ വിള ഇന്‍ഷ്വറന്‍സ് എടുത്തിരുന്നു. ഹെക്ടറൊന്നിനു 250 രൂപ പ്രകാരം പാടശേഖരസമിതികള്‍ വഴി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അക്കൗണ്ടിലേക്കാണ് തുക അടച്ചത്. രണ്ടാംകൃഷിയിറക്കിയ ഏതാണ്ട് മുഴുവന്‍ പാടശേഖരങ്ങളും ഇത്തരത്തില്‍ വിള ഇന്‍ഷ്വര്‍ ചെയ്തിരുന്നു. ഇതിന് പ്രകാരം ഹെക്ടറൊന്നിന് 35,000 രൂപ നഷ്ടപരിഹാരം ലഭിക്കേണ്ടതാണെന്നു കര്‍ഷകര്‍ പറയുന്നു.
പക്ഷെ ഇന്‍ഷ്വറന്‍സ് വ്യവസ്ഥകള്‍ പ്രകാരം പൂര്‍ണമായ വിളനാശം സംഭവിച്ചാലെ ഈ തുക ലഭിക്കുകയുള്ളു. എന്നാല്‍, പ്രകൃതിക്ഷോഭം മൂലമുണ്ടായ കൃഷിനാശത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നഷ്ടപരിഹാരം കൃഷിവകുപ്പിനു ലഭിച്ചു. നഷ്ടപരിഹാരത്തിനായി കൃഷിവകുപ്പിനെ സമീപിച്ച കര്‍ഷകര്‍ക്കാണ് ഈ വിവരം ലഭിച്ചത്. ഹെക്ടറിന് 13,500 രൂപ പ്രകാരമാണ് കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ലഭിക്കുക. എന്നാല്‍, സംസ്ഥാന സര്‍ക്കാരില്‍നിന്നുള്ള നഷ്ടപരിഹാരം കൂടി ലഭിച്ചാലേ തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താനാവൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: