രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കൊല്ലം ജില്ലയിലെ മുതിര്‍ന്ന കാര്യകര്‍ത്താവും ദിര്‍ഘനാള്‍ വിവിധ സംഘടനാ ചുമതലകള്‍ വഹിച്ചിരുന്ന കൊല്ലം ഇരവിപുരം മാടന്നട വെളിയില്കുളങ്ങര കേശവകൃപയില്‍ ജി.ശിവരാമന് (80) വിഷ്ണുപദം പൂകി.
ആര്‍എസ്എസ് തിരുവനന്തപുരം, കൊല്ലം വിഭാഗ് മുന്‍ സംഘചാലക്, തിരുവനന്തപുരം വിഭാഗ് കാര്യവാഹ്, സംയുക്ത കൊല്ലം ജില്ലാ കാര്യവാഹ് തുടങ്ങിയ ചുമതലകള്‍ ദീര്‍ഘനാള്‍ വഹിച്ചിട്ടുണ്ട്.
അവസാന സമയം വരെ പൂര്‍ണമായും സംഘ ആദര്‍ശത്തില്‍ അടിയുറച്ച് ജീവിച്ച അദ്ദേഹം വിവിധ സംഘപരിപാടികളില്‍ ഭാഗമാകാനും ചുമതലകള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കാനും സാധാരണ പ്രവര്‍ത്തകനെ പോലെ മുന്നില്‍ നിന്നിരുന്നു. പതിറ്റാണ്ടുകളോളം കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സംഘപരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു ശിവരാമന് ചേട്ടന്.
കുറച്ചു നാളുകളായി ശാരീരികമായ ബുദ്ധിമുട്ടുകള്‍മൂലം ചികിത്സയിലായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാട് സംഘപ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ്.
ഇന്നലെ ഉച്ചയ്ക്ക് 12 മുതല്‍ കൊല്ലം മാടന്‍നടയ്ക്കു സമീപം ഭരണിക്കാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികദേഹത്തില്‍ ആദരഞ്ജലികളര്പ്പിക്കാന് സംഘകുടുംബത്തിലെയും പൊതുരംഗത്തെയും നിരവധി പേര് എത്തിയിരുന്നു.
പെരുമ്പാവൂര്‍ പുല്ലുവഴി പെരുമ്പള്ളിയില്‍ ഗോവിന്ദപിള്ളയുടെയും ഭവാനി അമ്മയുടെയും മകനായി 1942-ല്‍ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1962-ല്‍ 20-ാമത്തെ വയസില്‍ കൊല്ലത്ത് ഹൈസ്കൂള്‍ ജംഗ്ഷനില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന കൃഷ്ണന്‍പോറ്റിയുടെ കൂടെ താമസിച്ച് കൊല്ലത്തുകാരനായിമാറി. വൈദ്യനായ ഒരു സുഹൃത്തുവഴിയാണ് ആര്‍എസ്എസിന്റെ മലയാളി സഭ ശാഖയില്‍ എത്തുന്നത്.
കൃഷ്ണന്‍പോറ്റിയുടെ ഹോട്ടലില്‍ സഹായിയായി കൂടിയ അദ്ദേഹം ആര്‍എസ്എസുമായി കൂടുതല്‍ അടുത്തു. 70കളില്‍ കൊല്ലത്തെ പൗരപ്രമുഖനും വ്യവസായിയുമായ അച്ചാണി രവിമുതലാളിയുടെ കമ്പനിയായ വിഎല്‍സിയില്‍ ക്ലര്‍ക്കായി ജോലിനേടി. പിന്നീട് ആ കമ്പനിയിലെ കാഷ്യറായി വിരമിച്ചു. ഈ കാലഘട്ടത്തില്‍ തന്നെ എല്‍ഐസി ഏജന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
1973 ജനുവരി 28ന് കൊല്ലം പഴീക്കല്‍ വീട്ടില്‍ വേലുക്കുട്ടി നായരുടെയും ആനന്ദവല്ലി അമ്മയുടെയും മകളായ ഗിരിജയെ വിവാഹം കഴിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി കൊല്ലം മാടന്നട ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം സകുടുംബം താമസിച്ചുവരികയായിരുന്നു. മൂത്തമകന് പ്രതാപ് ദുബായില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റാണ്. രണ്ടാത്തെയാള്‍ മദന്‍ലാല്‍ തിരുവനന്തപുരത്ത് ബിസിനസ് ചെയ്യുന്നു. മൂന്നാമത്തെയാള്‍ പ്രശാന്ത് ദുബായില്‍ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവാണ്. മൂന്നുപേരും കുടുംബസ്ഥരാണ്.
എല്‍ഐസി ഏജന്റായി കൊല്ലം ജില്ലയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ശിവരാമന്. എല്‍ഐസിയില്‍ ഡവലപ്മെന്റ് ഓഫീസര്‍, ചെയര്‍മാന്‍സ് ക്ലബ്മെമ്പര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: