ഭോപാല്‍: മധ്യപ്രദേശിലെ മദ്യവ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍ റായിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 39 മണിക്കൂര്‍ പരിശോധനയില്‍ പണമായി എട്ട് കോടി രൂപയും മൂന്ന് കിലോ സ്വര്‍ണവും പിടിച്ചെടുത്തു. കണക്കില്‍പ്പെടാത്ത സ്വത്തിന്റെ നിരവധി രേഖകളും ഇന്‍കം ടാക്സ് കണ്ടെടുത്തിട്ടുണ്ട്.
ശങ്കര്‍ റായിയുടെ ദമോഹിലെ വീട്ടിലും കുടുംബാംഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാഴാഴ്ച രാവിലെ ആറ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. ഇവിടങ്ങളില്‍നിന്നാണ് ആകെ എട്ട് കോടി രൂപ പിടിച്ചെടുത്തത്. ഒരു കോടി രൂപ വാട്ടര്‍ ടാങ്കില്‍ സൂക്ഷിച്ചനിലയിലായിരുന്നു. നോട്ടുകെട്ടുകള്‍ ബാഗിനുള്ളിലാക്കിയാണ് വാട്ടര്‍ ടാങ്കില്‍ സൂക്ഷിച്ചിരുന്നത്. റെയ്ഡിന് ശേഷം ഉദ്യോഗസ്ഥര്‍ ഈ നോട്ടുകെട്ടുകള്‍ ഉണക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശങ്കര്‍ റായിയുടെ കുടുംബവുമായി ബന്ധപ്പെട്ട പത്തിടങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് ആദായനികുതി വകുപ്പ് ജോയന്റ് കമ്മീഷണര്‍ മുന്മുന് ശര്‍മ പ്രതികരിച്ചു.മദ്യവ്യവസായത്തിന് പുറമേ ട്രാന്‍സ്പോര്‍ട്ട്, ഹോട്ടല്‍ രംഗത്തും ശങ്കര്‍ റായിയുടെ കുടുംബത്തിന് സ്ഥാപനങ്ങളുണ്ട്. ഒട്ടേറെ പെട്രോള്‍ പമ്പുകളും ഇവരുടേതായി പ്രവര്‍ത്തിക്കുന്നു. ഇതിനുപുറമേ പണമിടപാട് സ്ഥാപനങ്ങളും ശങ്കര്‍ റായിക്കുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: