ചില പ്രയോഗങ്ങള്‍ക്ക് എന്നും ഹരിതാഭയാണ്. മനസ്സില്‍ അത് പടര്‍ന്നുകൊണ്ടേയിരിക്കും. അങ്ങനെയുള്ള ഒന്നിതാ: ‘എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവൂല’. എന്തുതന്നെയായാലും നന്നാവാത്തവരെക്കുറിച്ചു സൂചിപ്പിക്കാനാണിങ്ങനെ പറയുന്നത്.അത്തരം പ്രയോഗത്തിന്റെ പ്രസക്തിയിപ്പോള്‍ പൊലീസ് വിഭാഗത്തിനാണ്. നാട്ടിലെമ്പാടും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പോലീസ് വിളയാട്ടമാണെന്ന് പറഞ്ഞാല്‍ ഒട്ടും അധികമാവില്ല.
സാധാരണക്കാര്‍ക്ക് അന്നും ഇന്നും പേടിസ്വപ്നമായി പോലീസ് തീരാനുള്ള കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. പണ്ടത്തെ ഇടിയന് പൊലീസില്‍ നിന്ന് ഇപ്പോള്‍ ‘മിന്നല്‍ മുരളി’യിലേക്കുള്ള ന്യൂജന്‍ മാറ്റമല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. അന്നു പക്ഷേ, അത്തരം പൊലീസുകാര്‍ അക്രമികളെ വരച്ചവരയില്‍ നിര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ സാധാരണക്കാരന് സമാധാനത്തോടെ കഴിയാമായിരുന്നു. എന്നാല്‍ ഇന്നത്തെ കഥ വേറെ. അക്രമിയെയും പൊലീസിനെയും ഒരുപോലെ പേടിച്ചുകഴിയേണ്ട സ്ഥിതിയാണിപ്പോള്‍. കാക്കിയില്ലാത്ത ഗുണ്ടയില്‍ നിന്ന് അതുള്ളതിലേക്കുള്ള ന്യൂജന്‍ മാറ്റം.
പൊതുമരാമത്തു മന്ത്രി കഴിഞ്ഞ ദിവസം പത്രക്കാരോട് പറയുമ്പോള്‍ ഒരു കാര്യം പ്രത്യേകം സൂചിപ്പിച്ചു. പോലീസ് പൊളൈറ്റായി പെരുമാറണം എന്നായിരുന്നു അത്. എന്നാല്‍ പൊളൈറ്റ് പൊലീസിങ്ങില്‍ നിന്ന് പോക്കിരിപ്പൊലീസിങ്ങിലേക്കുള്ള കുതിപ്പിലാണവര്‍. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് മദ്യവും കൊണ്ടുവന്ന പാതിവിദേശിയെ (ടിയാന് മൂന്നു വര്‍ഷമായി ഇവിടെത്തന്നെയാണ്) കൈകാര്യം ചെയ്തതിന്റെ രോഷമാണ് മന്ത്രിയെക്കൊണ്ട് അങ്ങനെ പറയിച്ചത്. എന്നാല്‍ ആ പരാമര്‍ശം കഴിഞ്ഞ് 24 മണിക്കൂര്‍ തികയും മുമ്പ് ട്രെയിനില്‍ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഒരു പൊലീസുകാരന് (എഎസ്ഐ ആണത്രെ)ടിക്കറ്റെടുത്തില്ലെന്ന കാരണത്താല്‍ ഒരു മനുഷ്യനെ കിരാതമായാണ് അക്രമിച്ചത്. ബൂട്ടിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. അതൊക്കെ വനിതായാത്രക്കാരെ രക്ഷിക്കാനായിരുന്നു എന്നാണ് ഭാഷ്യം. കേരള പോലീസിന് ട്രെയിനില്‍ പരിമിത അധികാരമേയുള്ളൂ. ടിക്കറ്റ് പരിശോധന, ചോദ്യം ചെയ്യല്‍ എന്നിവയ്ക്കൊന്നും അധികാരമില്ല. അതെല്ലാം നോക്കേണ്ടത് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) ആണ്. അവര്‍ക്ക് നിയമലംഘകരെ കൈമാറുക മാത്രമാണ് പൊലീസിന്റെ കര്‍ത്തവ്യം. അഥവാ നിയമം ലംഘിച്ചെങ്കില്‍ കേസെടുക്കേണ്ടതിനു പകരം യാത്രക്കാരനെ കൊടിയ ഭേദ്യം ചെയ്യലിനു ശേഷം ഏതെങ്കിലും സ്റ്റേഷനില്‍ ഇറക്കിവിടുകയാണോ വേണ്ടത്! രക്ഷപ്പെടാന്‍ പക്ഷേ ന്യായീകരണവുമായി പൊലീസ് ഇറങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ മദ്യത്തിന്റെ പേരില്‍ വിദേശിയെ കുടഞ്ഞ പോലീസിനെതിരെ കത്തിക്കയറിയ മന്ത്രി, ഒരു എട്ടു വയസ്സുകാരിയെ പിങ്ക്പൊലിസ് ജനമധ്യത്തില്‍ നിര്‍ത്തിപ്പൊരിച്ച് അപമാനിച്ചതിനെതിരെ ഒറ്റയക്ഷരം പറഞ്ഞിരുന്നില്ലെന്നു കൂടി ഇത്തരുണത്തില്‍ ഓര്‍ത്തു പോവുകയാണ്. മാനാപമാനങ്ങള്‍ക്ക് സ്വദേശി-വിദേശി വ്യത്യാസമൊന്നുമില്ല.സമൂഹത്തിന്റെ രക്ഷയ്ക്ക് കൈ-മെയ് മറന്ന് എത്തേണ്ടവര്‍ എന്തേ ഇങ്ങനെ രാക്ഷസീയതയില്‍ മുങ്ങിരസിക്കുന്നു? അതേസമയം നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്ന ഗുണ്ടകള്‍ സൈ്വരവിഹാരം ചെയ്യുന്നത് കാണുന്നില്ലതാനും. അവര്‍ക്ക് വഴിയൊരുക്കുന്ന സ്വയമ്പന്‍ നടപടികള്‍ മൂത്ത പൊലീസും ഇളയ പോലീസും നിര്‍ബ്ബാധം തുടരുകയാണ്. പരിഷ്കൃത വഴിയിലൂടെ പോകുന്ന സമൂഹത്തെ പ്രാകൃതമായി നേരിടുന്ന സംവിധാനത്തെ പോലീസ് എന്നു വിളിക്കാനാവുമോ? ഐടി ബിരുദം നേടിയ ഒരു കമ്മീഷണര്‍ വൈപ്പിന്‍,എറണാകുളം,നിലയ്ക്കല്‍, തലശ്ശേരി എന്നിവിടങ്ങളില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ അങ്ങനെയങ്ങ് മറന്നുപോകാന്‍ പാടുണ്ടോ? നിലയ്ക്കലില്‍ ആ വിദ്വാന് ഒരു കേന്ദ്രമന്ത്രിക്കെതിരെ ധാര്‍ഷ്ട്യം കത്തിച്ചെറിഞ്ഞത് ഓര്‍ക്കാതിരിക്കാനാവുമോ?
അപ്പോള്‍ ഇത്തരം ഔദ്യോഗിക പട ആരുടെ ബലത്തിലാണ് ഇതൊക്കെ ചെയ്യുന്നത്. ഇനി തങ്ങളെപ്പോലെ തന്നെയാണ് ഭരണകൂടമെന്ന് മേപ്പടി വിദ്വാന്മാര് ധരിച്ചുവശായിക്കാണുമോ? അതിനനുസരിച്ചുള്ള പള്‍സായിരിക്കുമോ സേനയ്ക്കു നിരന്തരം കിട്ടുന്നത്? അല്ല, ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും എന്നാണല്ലോ. അമ്മാതിരിയല്ലാത്തത് ചാരിയാലും ഫലം അതുതന്നെയായിരിക്കുമല്ലോ. ഇത്രയും പറയുമ്പോള്‍ പൊലീസ് സേന മൊത്തത്തില്‍ പുഴുക്കുത്തേറ്റെന്ന് കരുതാനാവില്ല. അവിടവിടെ നിന്നുള്ള ചില ആദരപൂര്‍വമായ വ്യക്തിത്വങ്ങളുടെ യശോധാവള്യത്തെ തീര്‍ച്ചയായും തൊഴുന്നു. അവരെക്കൂടി അപമാനിതരാക്കുന്ന മൃഗീയമനസ്കരെയാണ് മാറ്റിനിര്‍ത്തേണ്ടത്.
അതേസമയം എല്ലാം, വിധിയ്ക്കും ദൈവത്തിനും വിട്ടുകൊടുത്ത് സമാധാനിച്ചിരിക്കുകയല്ല വേണ്ടത്. നെഞ്ചുറപ്പോടെ, നിയമാനുസൃതമായി പ്രതികരിക്കണം. ആ നീതിജ്വാലയില്‍ അധര്‍മ്മികളുടെ കുത്സിതപ്രവൃത്തികള്‍ കത്തിച്ചാമ്പലാവണം. അതിനുള്ള അശ്രാന്ത പരിശ്രമമാവട്ടെ ഇനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: