അലഹബാദ്: ഗുജറാത്ത് തീരത്ത് നിന്നും തീരദേശസംരക്ഷണസേന പാകിസ്ഥാനില്‍ നിന്നെത്തിയ ഒരു ബോട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ പിടിച്ചെടുത്തു. യാസിന് എന്ന പേരുള്ള ഈ ബോട്ടിനകത്ത് നിന്നും പത്ത് പാകിസ്ഥാന് സ്വദേശികളെ പിടിച്ചെടുത്തു.
ഇന്ത്യന്‍ തീരദേശാതിര്ത്തി ലംഘിച്ച് ബോട്ട് ആറ് ഏഴ് മൈലുകളോളം ഉള്ളിലേക്ക് വന്നതായി തീരദേശസംരക്ഷണസേന ഉദ്യോഗസ്ഥന് പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ വരുന്നത് കണ്ട പാകിസ്ഥാന് ബോട്ട് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു.
ബോട്ടില്‍ നിന്നും രണ്ട് ടണ്ണോളം മത്സ്യവും 600 ലിറ്റര്‍ ഇന്ധനവും കണ്ടെടുത്തു. കൂടുതല്‍ പരിശോധനകള്‍ക്കായി ബോട്ട് പോര്‍ബന്തറിലേക്ക് കൊണ്ടുപോവുകയാണ്. ഇവിടെ നടത്തുന്ന വിദഗ്ധപരിശോധനകളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് കരുതുന്നു.
അനധികൃതമായി ഇന്ത്യയുടെ ജലാതിര്‍ത്തി ലംഘിച്ചെത്തുന്ന പാകിസ്ഥാന് ബോട്ടുകള്‍ പിടികൂടുന്ന ആദ്യസംഭവമല്ലിത്. കഴിഞ്ഞ മാസം ഗുജറാത്തിലെ ഭീകരവാദവിരുദ്ധ സ്ക്വാഡും തീരദേശസംരക്ഷണസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു പാകിസ്ഥാന് മീന്‍പിടുത്ത ബോട്ട് പിടികൂടിയിരുന്നു. ഇതില്‍ നിന്നും 77 കിലോഗ്രാം ഹെറോയിന്‍ പിടിച്ചു. അല്‍ ഹുസൈനി എന്ന ആറംഗങ്ങള്‍ ഉണ്ടായിരുന്ന പാകിസ്ഥാന് ബോട്ടില്‍ നിന്നും 400 കോടിയുടെ മയക്കമരുന്നാണ് പിടിച്ചെടുത്തതദ്.
പാകിസ്ഥാനില്‍ നിന്നുള്ള കള്ളക്കടത്തുകാര്‍ മയക്കമരുന്ന് കടത്താന്‍ ഗുജറാത്ത് കടല്‍ത്തീരമാണ് കഴിഞ്ഞ നാല് വര്‍ഷമായി ഉപയോഗപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: