തൃശൂര്‍ : ചാലക്കുടി കൊരട്ടി ഗാന്ധി ഗ്രാം ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികള്‍ക്ക് നല്കുന്ന അലവന്‍സ് തുക പുര്‍ണ്ണമായി വിതരണം ചെയ്യുന്നില്ലെന്ന് പരാതി. സര്‍ക്കാരില്‍ നിന്ന് അന്തേവാസികള്‍ക്ക് അനുവദിച്ച പതിനാറര ലക്ഷം രൂപയില്‍ രണ്ട് ലക്ഷത്തിലധികം രൂപ ഇവിടുത്തെ പേഷ്യന്റ്സ് സര്‍വ്വീസ് സൊസൈറ്റിയുടെ നഷ്ടം നികത്തുവാന്‍ എടുത്തെന്നും ആരോപണമുണ്ട്.
നിലവിലുള്ള 113 അന്തേവാസികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് അനുവദിച്ച തുക പ്രകാരം പതിനാലായിരത്തിയഞ്ഞൂറ് രൂപ ലഭിക്കണം. എന്നാല്‍ ഇതില്‍ ഏഴായിരം രൂപ പണമായും, അയ്യായിരം രൂപ പേഷ്യന്റ്സ് സൊസൈറ്റിയില്‍ ഡെപ്പോസിറ്റ് ചെയ്തതിന്റെ പാസ് ബൂക്കും അന്തേവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കി വരുന്ന രണ്ടായിരം രൂപയുടെ രേഖകള്‍ ഒന്നും തന്നെ ഇല്ലെന്നും സൊസൈറ്റി നഷ്ടത്തിലാണെന്നും അതിനായി തുകയെടുത്തതായിട്ടാണ് പറയുന്നത്. ആശുപത്രി സൂപ്രണ്ടിനാണ് ഇവിടുത്തെ പേഷ്യന്റ്സ് സൊസൈറ്റിയുടെ ഭരണ ചുമതല.
ഭരണ സമിതിയുടെ അനാസ്ഥ മൂലം വന്ന് ചേര്‍ന്നിട്ടുള്ള നഷ്ടം നികത്തുവാന്‍ പാവപ്പെട്ട ഈ അന്തേവാസികളുടെ പണം പിടിച്ചെടുക്കുന്ന രീതി അംഗീകരിക്കുവാന്‍ സാധിക്കില്ലെന്നാണ് അന്തേവാസികള്‍ പറയുന്നത്. ഇതിന് മുന്‍പും ഇത്തരത്തില്‍ അന്തേവാസികളുടെ പണം പല തരത്തില്‍ നഷ്ടപ്പെട്ടിണ്ടെന്നാണ് പറയപ്പെടുന്നത്. ആരും ആശ്രയമില്ലാത്ത ഇവരുടെ ദൈന്യം ദിന കാര്യങ്ങളും മറ്റും നടത്തുവാന്‍ ഉള്ള പണമാണ് ഇത്തരത്തില്‍ ഇവരെ ചൂഷണം ചെയ്തു കൊണ്ട് വാങ്ങിക്കുന്നത്. സര്‍വ്വീസ് സൊസൈറ്റിയുടെ തെരഞ്ഞെടുപ്പ് പത്താം തീയതി നടക്കാനിരിക്കെ കാലങ്ങളായി കൊടുക്കാതിരുന്ന അന്തേവാസികളുടെ അലവന്‍സ് അടിയന്തിരമായി ഇപ്പോള്‍ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു.
സര്‍ക്കാരില്‍ നിന്ന് അനുവദിച്ച മുഴുവന്‍ തുകയും അന്തേവാസികള്‍ക്ക് വിതരണം ചെയ്യുവാന്‍ ആശുപത്രിയധികൃതര്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം.അയ്യായിരം രൂപ സൊസൈറ്റിയില്‍ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത് അന്തേവാസികളുടെ ചികിത്സക്കായിട്ടാണെന്നും അത് മറ്റാര്‍ക്കും ഉപയോഗിക്കുവാന്‍ സാധിക്കുകയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സൂപ്രണ്ട് ഒപ്പ് വെക്കാതെ ഈ തുക മറ്റാര്‍ക്കും എടുക്കാന്‍ സാധിക്കുകയില്ലെന്നും എല്ലാ പണവും ഒരുമിച്ച് നല്കിയാല് അന്തേവാസികള്‍ പെട്ടെന്ന് മുവുവന്‍ തുകയും ചിലവാക്കുമെന്നും പിന്നീട് ഇവരുടെ ചികിത്സക്ക് പണമില്ലാത്ത അവസ്ഥ വരുമെന്നും അതില്ലാതിരിക്കാനാണ് അയ്യായിരം രൂപ ഇവിടെ ഡെപ്പോസീറ്റ് ചെയ്തിരിക്കുന്നത്.
രണ്ടായിരം രൂപ എടുത്തത് സൊസൈറ്റി വലിയ നഷ്ടത്തിലാണെന്നും ഒരു പാട് പേര്‍ക്ക് പണം നല്‍കുവാനുണ്ടെന്നും അതിനാണ് പണമെടുത്തിരിക്കുന്നതെന്നുമാണ് പറയുന്നത്. ഇവിടുത്തെ പേഷ്യന്റ്സ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേക്ഷണം നടത്തണമെന്നും, അന്തേവാസികള്‍ പല തരത്തിലുള്ള ചൂഷണത്തിനും വിധേയരാക്കുന്നതായും വ്യാപക പരാതിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആശുപത്രി എച്ച്എംസി യോഗത്തില്‍ ദൈന്യം ദിന വരവ് ചിലവ് കുണക്കുകളില്‍ വലിയ ക്രമക്കേട് കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ ഒരു കണക്കും യോഗത്തില്‍ അവതരിപ്പിച്ച കണക്കുകളും തമ്മില്‍ വലിയ വ്യത്യാസം വന്നതിനെ തുടര്‍ന്ന്. കൃത്യമായ കണക്ക് ഹാജരാക്കുവാന്‍ യോഗത്തില്‍ പങ്കെടുത്ത ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: