മര്‍ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കുതിപ്പ് തുടരാന്‍ മഞ്ഞപ്പട. ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങില്‍ എട്ടിലും പരാജയമറിയാതെ മുന്നേറിയ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഹൈദരാബാദ് എഫ്സിയുമായി കൊമ്പുകോര്‍ക്കും. രാത്രി 7.30 നാണ് കിക്കോഫ്.
അവസാനം കളിച്ച രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ച ബ്ലാസ്റ്റേഴ്സ് ഒമ്പത് മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. നാളെ വിജയിച്ചാല്‍ അവര്‍ക്ക് ആദ്യ നാലു സ്ഥാനങ്ങളില്‍ ഇടം നേടാനാകും. അതേസമയം, ഹൈദരാബാദ് എഫ്സി ഒമ്പത് മത്സരങ്ങളില്‍ പതിനാറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയാല്‍ അവര്‍ക്ക് മുംബൈ സിറ്റി എഫ്സിയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാം.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റതിനുശേഷം അവര്‍ തോല്‍വി അറിഞ്ഞിട്ടില്ല. മൂന്ന് വിജയവും അഞ്ചു സമനിലയും നേടി. അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ സമനിലയില്‍ തളച്ചു (2-2). സ്പാനിഷ് താരം അഡ്രിയാന്‍ ലൂണയുടെ മികവിലാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. ലൂണ ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിന് അവസരവും ഒരുക്കി. ഇന്നും ബ്ലാസ്റ്റേഴ്സിന്റെ തുറപ്പ്ചീട്ട് ലൂണയായിരിക്കും.
ഈ ലീഗില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാനാകുമെന്ന് മനസ്സിലായി. ഓരോ മത്സരവും ഭംഗിയായി തുടങ്ങുകയും മികച്ച രീതിയില്‍ മുന്നേറുകയുമാണ് പരമപ്രധാനം. പൂര്‍ണ്ണമായി ജോലിയില്‍ മുഴുകിയാല്‍ മികവ് കാട്ടാനാകും. ഞങ്ങള്‍ അതുതന്നെയാണ് ചെയ്യുന്നതെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് വുകൊമാനോവിക് പറഞ്ഞു.
ഹൈദരാബാദ് എഫ്സിയും എട്ട് മത്സരങ്ങളില്‍ തോല്‍വിയറിയാത്ത ടീമാണ്. പ്രതിരോധമാണ് അവരുടെ കരുത്ത്്. ഒഗ്ബച്ചേ ഗോളടി യന്ത്രവും. ഏതു പ്രതിരോധവും കീറിമുറിക്കാന്‍ കഴിയുന്ന സ്ട്രൈക്കറാണ് ഒഗ്ബച്ചേ. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരവും. ഹൈദരാബാദ് എഫ്സിയില്‍ ചേര്‍ന്നതിനുശേഷം ഒമ്പത് ലീഗ് മത്സരങ്ങളില്‍ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: